ജയിച്ചിട്ടും ഹ്യൂമേട്ടന്റെ കൊല്‍ക്കത്ത ഫൈനല്‍ കാണാതെ പുറത്ത്

വ്യാഴം, 17 ഡിസം‌ബര്‍ 2015 (09:20 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം പാദത്തില്‍ 2-1ന് ചെന്നൈയിന്‍ എഫ്.സിയെ തോല്‍പിച്ചെങ്കിലും അത്ലറ്റികോ ഡി കൊല്‍ക്കത്ത ഫൈനല്‍ കാണാതെ പുറത്തായി. ആദ്യപാദത്തിലേറ്റ തോല്‍വിക്ക് (0-3) മറുപടി ആവാതെ പോയതോടെ ചാമ്പ്യന്മാര്‍ ഫൈനല്‍ കാണാതെ പുറത്തായത്. ഇരുപാദങ്ങളിലുമായി 2- 4 മാര്‍ജിനില്‍ ജയിച്ച ചെന്നൈയിന്‍ ആദ്യമായി കലാശപ്പോരാട്ടത്തിന് ഗോവയിലേക്കും. ഡിസംബര്‍ 20ന് ഫട്ടോഡ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ചെന്നൈയിന്‍ ഗോവയെ നേരിടും.

ഫൈനല്‍ പ്രവേശത്തിന് നാല് ഗോള്‍ മാര്‍ജിനിലെ വിജയം അനിവാര്യമായ കൊല്‍ക്കത്തക്കുവേണ്ടി ഡെയാന്‍ ലെകിചിനും (22മത് മിനിറ്റ്), ഇയാന്‍ ഹ്യൂമിനും (87) മാത്രമേ ലക്ഷ്യം കാണാനായുള്ളൂ. തോല്‍ക്കാതിരിക്കാന്‍ മരിച്ചുകളിച്ച ചെന്നൈയിനു വേണ്ടി മുന്‍കൊല്‍ക്കത്ത താരം ഫിക്രു ടഫേര ഇഞ്ചുറി ടൈമില്‍ എവേ ഗോള്‍ നേടി.

വമ്പന്‍ വിജയം ലക്ഷ്യം വെച്ച് ഇറങ്ങിയ കൊല്‍ക്കത്ത മികച്ച മുന്നേറ്റങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും ഗോള്‍ മാത്രം മാറി നില്‍ക്കുകയായിരുന്നു. തോല്‍ക്കാതിരിക്കാന്‍ പൊരുതിക്കളിച്ച ചെന്നൈയിന്‍ കൊല്‍ക്കത്തയുടെ മുന്നേറ്റങ്ങളെ തടുക്കുകയും ചെയ്‌തു. ഗോളെന്ന് ഉറപ്പിച്ച പല നീക്കങ്ങളും ചെന്നൈയുടെ പ്രതിരോധം തട്ടിത്തെറിപ്പിച്ചപ്പോള്‍ ഹ്യൂമും സംഘവും വിയര്‍ക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക