ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുമെന്ന ആത്മവിശ്വാസത്തോടെയാണ് ഇറങ്ങിയത്: ഡി മരിയ

വെള്ളി, 30 ജൂണ്‍ 2023 (14:40 IST)
ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെ നടന്ന മത്സരത്തില്‍ ഗോള്‍ നേടുമെന്ന കാര്യത്തില്‍ തനിക്ക് അത്മവിശ്വാസം ഉണ്ടായിരുന്നുവെന്ന് അര്‍ജന്റീന താരം ഏഞ്ചല്‍ ഡി മരിയ. ലോകകപ്പ് ഉള്‍പ്പടെ കഴിഞ്ഞ 2 വര്‍ഷത്തിനിടെ അര്‍ജന്റീന നേടിയ മൂന്ന് കിരീടങ്ങളുടെയും ഫൈനല്‍ മത്സരത്തിലും ഗോള്‍ നേടിയ ഡി മരിയയെ അര്‍ജന്റീനയുടെ ഭാഗ്യതാരമായാണ് വിശേഷിപ്പിക്കുന്നത്.
 
ഫ്രാന്‍സിനെതിരായ ഫൈനല്‍ മത്സരത്തില്‍ നിര്‍ണായകമായ പ്രകടനമായിരുന്നു ഡി മരിയ നടത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഫ്രാന്‍സിനെ ചിത്രത്തില്‍ നിന്നും തന്നെ മായ്ച്ചുകളയുന്ന പ്രകടനമാണ് അര്‍ജന്റീന നടത്തിയത്. ഇതില്‍ ഡി മരിയയുടെ സാന്നിധ്യം നിര്‍ണായകമായി. താരത്തെ സ്‌കലോണി പിന്‍വലിച്ചതോടെയാണ് ഫ്രാന്‍സ് അര്‍ജന്റീനയ്‌ക്കെതിരെ തിരിച്ചടിച്ചത്. ഇപ്പോഴിതാ ഫൈനല്‍ മത്സരത്തില്‍ ഗോള്‍ നേടുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നതായി അഭിപ്രായപ്പെട്ടിരിക്കുകയാണ് ഡി മരിയ.
 
ഞാന്‍ ഫൈനലില്‍ കളിക്കാന്‍ പോകുന്നുവെന്ന് ഞാന്‍ അറിഞ്ഞിരുന്നു. വലിയ രോമാഞ്ചമാണ് ആ വാര്‍ത്ത എന്നില്‍ ഉണ്ടാക്കിയത്. അത് സംഭവിക്കാന്‍ പോവുകയാണെന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു. ടീമിനുള്ളില്‍ എന്നെ കാണുകയെന്നത് എട്ടു വര്‍ഷമായി ഞാന്‍ കാത്തിരുന്ന കാര്യമായിരുന്നു. ഒരു ഫുട്‌ബോള്‍ താരത്തിന് സംഭവിക്കുന്ന ഏറ്റവും മികച്ച കാര്യമാണത്. ഞാന്‍ ഫ്രാന്‍സിനെതിരെ ഗോള്‍ നേടുമെന്ന് എനിക്കറിയാമായിരുന്നു. കോപ്പ അമേരിക്കയിലും ഫൈനലിസിമയിലും ഗോള്‍ നേടിയത് എനിക്ക് ആത്മവിശ്വാസം നല്‍കി. വിജയിച്ചേ തീരു എന്ന സമ്മര്‍ദ്ദമൊന്നും എനിക്കുണ്ടായിരുന്നില്ല. ഞാനൊരു ഗുളിക കഴിച്ച് സുഖമായി ഉറങ്ങി. ഡി മരിയ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍