ഗോവയ്ക്ക് പോരാട്ടത്തിന്റെ ആദ്യ ജയം

ഞായര്‍, 2 നവം‌ബര്‍ 2014 (11:42 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്സി ഗോവയ്ക്ക് പോരാട്ടത്തിന്റെ ആദ്യ ജയം. പകരക്കാരന്‍ ടോള്‍ഗ ഓസ്‌ബെ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളാണ് ഡല്‍ഹി ഡൈനാമോസിനെതിരെ സീക്കോയുടെ ടീമിന് ജയം സമ്മാനിച്ചത്. ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനിലയില്‍ തുടരുമ്പോഴാണ് ഓസ്‌ബെയുടെ വിജയഗോള്‍ വന്നത്. ഗോവയ്ക്കായി ജ്യുവല്‍ രാജ ആദ്യഗോള്‍ നേടിയപ്പോള്‍ ഡല്‍ഹിയുടെ ഗോള്‍ മാറ്റ്‌സ് ജങ്കറിന്റെ (7) ബൂട്ടില്‍ നിന്നായിരുന്നു. ലീഗില്‍ ഡല്‍ഹിയുടെ ആദ്യ തോല്‍വിയാണ്.
 
ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്‍തൂക്കമുളള മധ്യ-പ്രതിരോധനിരകളുമായിട്ടാണ് ഗോവ കളിക്കാനിറങ്ങിയത്. ആദ്യമുതല്‍ തന്നെ ഗോവ പോരാടിയാണ് കളിച്ചത്. ഡല്‍ഹി നിരയില്‍ അലക്‌സാന്‍ഡ്രോ ദെല്‍ പിയെറോ, വിം റെയ്‌മേക്കേഴ്‌സ് എന്നിവര്‍ ആദ്യ ഇലവനിലുണ്ടായിരുന്നില്ല. മുള്‍ഡര്‍-ഹെരേര-ജങ്കര്‍ ത്രയമാണ് ഡല്‍ഹിയുടെ കളി നിയന്ത്രിച്ചതെങ്കില്‍ ജ്യുവല്‍രാജ-മന്‍ദാര്‍ ദേശായി-റോമേറോ ഫെര്‍ണാണ്ടസ് എന്നിവരുള്‍പ്പെട്ട മധ്യനിരയാണ് ഗോവയെ ചലനാത്മകമാക്കിയത്. 
 
ആദ്യ പകുതിയില്‍ കളിച്ചത് ഗോവയാണെങ്കിലും ഗോളടിച്ചത് ഡല്‍ഹിയായിരുന്നു. തുടക്കത്തില്‍തന്നെ ആക്രമിച്ചു കളിക്കാനിറങ്ങിയ ഗോവയെ പ്രത്യാക്രമണത്തിലൂടെ ഡല്‍ഹി ഞെട്ടിച്ചു. മുള്‍ഡര്‍ നീട്ടിക്കൊടുത്ത പന്ത് ബ്രൂണോ ഹെരേര സമര്‍ഥമായി മാറ്റസ് ജങ്കറിന് മറിച്ചുനല്‍കി. 
 
രണ്ടാം പകുതിയിലും ഗോവയാണ് മികച്ചുകളിച്ചത്. നിരവധി ഗോളവസരങ്ങള്‍ നെയ്‌തെടുത്തെങ്കിലും അവസരം തുലയ്ക്കാന്‍ മുന്നേറ്റനിര മത്സരിച്ചു. ടോള്‍ഗ ഒസ്‌ബെ പകരക്കാരനായി വന്നതോടെ ഗോവയുടെ മുന്നേറ്റങ്ങള്‍ക്ക് കരുത്ത് കൂടി. ഒസ്ബെയുടെ കരുത്താണ് ഗോവയെ വിജയത്തിലേക്ക് നയിച്ചത്. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക