ഷ്വാൻസ്റ്റെഗറെ വെല്ലുന്ന ജര്‍മനിയുടെ പുതിയ നായകന്‍ ചില്ലറക്കാരനല്ല

വെള്ളി, 2 സെപ്‌റ്റംബര്‍ 2016 (15:55 IST)
ബാസ്റ്റിൻ ഷ്വാൻസ്റ്റെഗര്‍ വിരമിച്ചതോടെ ജര്‍മന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ നായകനായി ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയറെ നിയമിച്ചു. മുഖ്യപരിശീലകന്‍ ജോക്വിം ലോയാണ് ഇക്കാര്യം അറിയിച്ചത്. നായകനാക്കാനുള്ള തീരുമാനം തികച്ചും സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

മാനുവല്‍ ന്യൂയറിന് ഒരു നായകനു വേണ്ട എല്ലാ ഗുണങ്ങളുമുണ്ട്. അതിനാല്‍ ഈ തീരുമാനത്തില്‍ അത്ഭുതപ്പെടാനില്ലെന്നും തികച്ചും സ്വാഭാവികമാണെന്നും ജോക്വിം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഷ്വാൻസ്റ്റെഗര്‍ കളിക്കാത്ത മത്സരങ്ങളില്‍ ജര്‍മന്‍ ടീമിനെ നയിച്ചിരുന്നത് മാനുവല്‍ ന്യൂയറായിരുന്നു. 71 മത്സരങ്ങളില്‍ രാജ്യത്തിനു വേണ്ടി ഗോള്‍വല കാത്ത അദ്ദേഹം ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഞായറാഴ്‌ച നോര്‍വേയെ്‌ക്കെതിരേയുള്ള മത്സരത്തില്‍ ടീമിന്റെ നായകനായി ഔദ്യോഗികമായി ചുമതലയേല്‍ക്കും.

കഴിഞ്ഞ ദിവസം ഫിൻലാൻഡിനെതിരായ സൗഹൃദ മത്സരത്തോടെ ഷ്വാൻസ്റ്റെഗര്‍ വിരമിച്ചിരുന്നു. നാലു യൂറോകപ്പുകളിലും മൂന്ന് ലോകകപ്പുകളിലും ജര്‍മനിക്കായി ബൂട്ടുകെട്ടിയ താരമാണ് അദ്ദേഹം. 2014ല്‍ ലോകകപ്പ് നേടിയ ജര്‍മന്‍ ടീമില്‍ അംഗമായിരുന്നു.

ഇക്കഴിഞ്ഞ യൂറോകപ്പിൽ ജർമനിയെ നയിച്ചത് ഷ്വെയ്ൻസ്റ്റീഗറായിരുന്നു. 1996നുശേഷം ആദ്യ യൂറോ കിരീടം ലക്ഷ്യമിട്ടെത്തിയ ജർമനി സെമിയിൽ ആതിഥേയരായ ഫ്രാൻസിനോട് തോൽക്കുകയായിരുന്നു. മിഡ്ഫീല്‍ഡറായ ഷ്വെയ്ൻസ്റ്റീഗർ 2004ല്‍ ആണ് ദേശീയ ടീമിലെത്തുന്നത്. ജർമനിക്കായി 124 മല്‍സരങ്ങളില്‍ നിന്ന് 24 ഗോളുകള്‍ നേടിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക