യുണൈറ്റഡിനെ ബൗര്‍ണെമൗത്ത് അട്ടിമറിച്ചു

Webdunia
ഞായര്‍, 13 ഡിസം‌ബര്‍ 2015 (12:46 IST)
ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ കരുത്തരായ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനെ ബൗര്‍ണെമൗത്തി അട്ടിമറിച്ചു. കഴിഞ്ഞ മത്സരത്തില്‍ ചെല്‍സിയെ വീഴ്ത്തിയ ബൗര്‍ണെമൗത്ത് ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ജയം സ്വന്തമാക്കിയത്. പതിനാറ് മത്സരങ്ങളില്‍ നിന്ന് 29 പോയിന്റുള്ള യുണൈറ്റഡ് ഇപ്പോള്‍ നാലാം സ്ഥാനത്താണ്. ബൗര്‍ണെമൗത്ത് പതിനാലാം സ്ഥാനത്തും.

വമ്പന്മാരുടെ പേടിസ്വപ്‌നമായി മാറിയ ബൗര്‍ണെമൗത്തിനോട് പോരടിക്കാനിറങ്ങിയ ഇംഗ്ലീഷ് വമ്പന്‍‌മാര്‍ക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. രണ്ടാം മിനിറ്റില്‍ ഒരു കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച ജൂനിയര്‍ സ്റ്റാനിസ്‌ലാസിലൂടെ ബൗര്‍മെമൗത്താണ് ആദ്യം മുന്നിലെത്തിയത്. അപ്രതീക്ഷിതമായി ലഭിച്ച അടിയില്‍ നിന്ന് ഉണര്‍ന്ന് കളിച്ച മാഞ്ചസ്‌റ്റര്‍ ബൗര്‍ണെമൗത്തിന്റെ പാളയത്തിലേക്ക് ആക്രമണം അഴിച്ചു വിടുകയായിരുന്നു.

ആക്രമണങ്ങള്‍ ആദ്യപകുതിയില്‍ തന്നെ ഫലം കാണുകയും ചെയ്‌തു. 24-മത് മിനിറ്റില്‍ ഫെല്ലയ്‌നി യുണൈറ്റഡിനെ ഒപ്പമെത്തിച്ചെങ്കിലും രണ്ടാം പകുതിയില്‍ കുഞ്ഞന്മാര്‍ വമ്പന്മാരെ ഞെട്ടിച്ചു.  54-മത് മിനിറ്റില്‍ മുന്‍ യുണൈറ്റഡ് താരം കിംഗ്  വിജയഗോള്‍ നേടി മുന്‍ ചാമ്പ്യന്മാരുടെ കഥ കഴിയുകയായിരുന്നു.

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണയ്ക്ക് സമനില നേരിടേണ്ടി വന്നു. രണ്ട് ഗോളിന്റെ ലീഡ് നേടിയ ശേഷമാണ് ബാഴ്‌സ സമനിയിലേക്ക് വീണത്.  പതിമൂന്ന് മിനിറ്റിനുള്ളില്‍ നേടിയ രണ്ട് ഗോളിന് ഡീപ്പോര്‍ട്ടീവ ലാ കൊറുനയാണ് ബാഴ്‌സയെ തളച്ചത്. (2-2). എങ്കിലും പതിനഞ്ച് കളികളില്‍ നിന്ന് 35 പോയിന്റുള്ള ബാഴ്‌സ 35 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.