കോപ്പയില്‍ മഞ്ഞപ്പട നിറഞ്ഞാടി; ഹെയ്‌തിയെ ഗോളില്‍ മുക്കി ബ്രസീലിന്റെ തിരിച്ചുവരവ്
വ്യാഴം, 9 ജൂണ്‍ 2016 (07:58 IST)
കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ ഹെയ്തിയെ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബ്രസീല്‍ ക്വാര്‍ട്ടര്‍ പ്രതീക്ഷകാത്തു. ആദ്യമൽസരത്തിൽ ഇക്വഡോറിനോട് ഗോൾരഹിത സമനില വഴങ്ങി കോപ്പയ്ക്ക് മങ്ങിയ തുടക്കമിട്ട ബ്രസീൽ വമ്പന്‍ തിരിച്ചുവരവാണ് നടത്തിയത്.
ഫിലിപ്പ് കുട്ടീന്യോയുടെ ഹാട്രിക്ക് മികവിൽ ഒന്നിനെതിരെ ഏഴു ഗോളുകൾക്കായിരുന്നു മഞ്ഞപ്പടയുടെ വിജയം. വിജയത്തോടെ നാലു പോയിന്റുമായി ബ്രസീൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് കയറി.
കുട്ടീന്യോയുടെ ഹാട്രിക്കിന് പുറമെ, റെനാറ്റോ അഗസ്റ്റോയുടെ ഇരട്ടഗോളും ഗബ്രിയേൽ, ലൂക്കാസ് ലിമ എന്നിവരുടെ ഗോളുകളും ബ്രസീൽ വിജയത്തിന് കരുത്തായി. മാർസലിന്റെ വകയായിരുന്നു ഹെയ്തിയുടെ ആശ്വാസഗോൾ. ആദ്യപകുതിയിൽ ബ്രസീൽ മൂന്നു ഗോളുകൾക്ക് മുന്നിലായിരുന്നു.
ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഇക്വഡോറുമായി ഗോള്‍രഹിത സമനിലയില്‍ കുടുങ്ങിയ ബ്രസീലിന് വിജയം അനിവാര്യമായിരുന്നു. അടുത്ത മത്സരത്തില്‍ പെറുവിനെതിരെ വിജയിക്കാനായാല്‍ ബ്രസീലിന് ക്വാര്‍ട്ടറില്‍ കടക്കാം. ഇതിനുമുമ്പ് രണ്ടു തവണ മാത്രമാണ് (1971 ലും 2004 ലും) ഹെയ്തി കാനറികളെ നേരിട്ടിട്ടുള്ളത്. ആദ്യവട്ടം എതിരില്ലാത്ത നാലു ഗോളിനു പരാജയപ്പെട്ടപ്പോള്‍ രണ്ടാം തവണ ആറു ഗോളിനായി പരാജയം.