ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ പോരാട്ടങ്ങള്‍ക്ക് ചിലിയില്‍ നാളെ മുതല്‍ പന്തുരുളും. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ അഞ്ചുമണിക്ക് കോപ്പയില്‍ പന്തുരുളും. ആതിഥേയരായ ചിലിയും ഇക്വഡോറും തമ്മിലാണ് ആദ്യമത്സരം. ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ ആവേശമായ അര്‍ജന്റീന 14ന് പാരഗ്വായ്‌ക്ക് എതിരെയും ബ്രസീല്‍ 15ന് പെറുവിനെതിരെയും കളത്തിലിറങ്ങും.
ക്ലബ് ഫുട്‌ബോള്‍ മത്സരങ്ങളിലെ കൂട്ടുകെട്ട് വിട്ട് മെസ്സിയും നെയ്‌മറും അവരവരുടെ രാജ്യത്തിനായി ഇറങ്ങുമ്പോള്‍ ഭാഗ്യം ആരെ തുണയ്ക്കുമെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റു നോക്കുന്നത്. ലോകകപ്പിന്റെ ഫൈനലില്‍ വരെയെത്തി നിരാശരായി മടങ്ങിയ അര്‍ജന്റീനയ്ക്ക് ആ നഷ്‌ടത്തിന്റെ വേദന മറക്കാന്‍ കോപ്പയില്‍ കഴിയുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
അതേസമയം, ഡൂംഗ എന്ന പരിശീലകന്റെ കീഴില്‍ കഴിഞ്ഞ ഒമ്പതു കളികള്‍ തുടര്‍ച്ചയായി വിജയിച്ചാണ് ബ്രസീല്‍ എത്തുന്നത്. അതുകൊണ്ട് തന്നെ തികഞ്ഞ വിജയപ്രതീക്ഷയാണ് മഞ്ഞപ്പടയ്ക്കുള്ളത്. ചിലി, ഉറുഗ്വായ്, കൊള,ബിയ, പാരഗ്വായ് എന്നീ രാജ്യങ്ങളും മികച്ച പ്രകടനവുമായാണ് കോപ്പയില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നത്.
ആകെ 12 ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ആണ് കോപ്പ അമേരിക്കയില്‍ മത്സരിക്കുന്നത്. ജൂണ്‍ 12ന് തുടങ്ങുന്ന കോപ്പ അമേരിക്ക ജൂലൈ അഞ്ചിന് അവസാനിക്കും. മൂന്നു ഗ്രൂപ്പുകളിലായാണ് 12 രാജ്യങ്ങള്‍ മത്സരിക്കുന്നത്. ഗ്രൂപ്പ് എയില്‍ - ചിലി, മെക്സിക്കോ, ഇക്വഡോര്‍, ബൊളീവിയ, ഗ്രൂപ്പ് ബിയില്‍ - അര്‍ജന്റീന, ഉറുഗ്വായ്, പാരഗ്വായ്, ജമൈക്ക, ഗ്രൂപ്പ് സിയില്‍ - ബ്രസീല്‍, കൊളംബിയ, പെറു, വെനസ്വേല എന്നീ രാജ്യങ്ങള്‍ ആയിരിക്കും അങ്കത്തിന് ഇറങ്ങുക. ഇതില്‍, മെക്സിക്കോയും ജമൈക്കയും ലാറ്റിനമേരിക്കന്‍ പരിധിയില്‍ വരുന്ന ടീമുകളല്ല. പ്രത്യേക ക്ഷണിതാക്കള്‍ ആയാണ് ഇവര്‍ കോപ്പ അമേരിക്കയ്ക്ക് ആയി എത്തുന്നത്.
അതേസമയം, കോപ്പ അമേരിക്കയില്‍ ബ്രസീല്‍ - അര്‍ജന്റീന ക്ലാസിക് മത്സരത്തിനായി കാത്തിരിക്കുകയാണ് ഇരു ടീമുകളുടെയും ആരാധകര്‍. ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി അര്‍ജന്റീന ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്താല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തന്നെ ഇരു ടീമുകളും ഏറ്റുമുട്ടും. എന്നാല്‍, അര്‍ജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാരാകുകയും ബ്രസീല്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്താല്‍ ഇരു ടീമുകളും ഏറ്റുമുട്ടുന്നത് കാണാന്‍ ഫൈനല്‍ വരെ കാത്തിരിക്കണം.