കോപ്പ അമേരിക്ക: ആദ്യപോരില്‍ ചിലിക്ക് തകര്‍പ്പന്‍ ജയം

വെള്ളി, 12 ജൂണ്‍ 2015 (08:41 IST)
വിദാലും വര്‍ഗാസും നിറഞ്ഞാടിയപ്പോള്‍ ലാറ്റിനമേരിക്കയുടെ ഫുട്ബോള്‍ രാജാക്കന്‍മാരെ കണ്ടെത്താനുള്ള കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പില്‍ ആദ്യ ജയം ആതിഥേയരായ ചിലിക്ക്. ഗ്രൂപ്പ് എയില്‍ ഇക്വഡോറിനെ എതിരില്ലാത്ത രണ്ടു ഗോളിനു പരാജയപ്പെടുത്തിയാണ് ചിലി വിജയം സ്വന്തമാക്കിയത്. സൂപ്പര്‍താരം അര്‍ട്ടൂറോ വിദാല്‍, എഡ്വാര്‍ഡോ വര്‍ഗാസ് എന്നിവരാണ് ചിലിയുടെ ഗോളുകള്‍ നേടിയത്.
 
ഗോള്‍ രഹിതമായിരുന്ന ആദ്യ പകുതിക്കു ശേഷമായിരുന്നു ഇരുഗോളുകളും പിറന്നത്. അറുപത്തിയാറാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് അര്‍ട്ടൂറോ വിദാല്‍ ആദ്യ ഗോള്‍ നേടിയത്. എന്‍പത്തിനാലാം മിനുട്ടിലായിരുന്നു വര്‍ഗാസ് ചിലിക്ക് വേണ്ടി രണ്ടാമത്തെ ഗോള്‍ നേടിയത്. അതേസമയം മത്യാസ് ഫെര്‍ണാണ്ടസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ചിലിയ്‌ക്കു തിരിച്ചടിയായിട്ടുണ്ട്. ഇതോടെ ഗ്രൂപ്പ് എയില്‍ ചിലി മൂന്നു പോയിന്റുമായി ഒന്നാമതാണ്. മെക്‌സിക്കോ, ബൊളീവിയ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. മെക്‌സിക്കോയും ബൊളീവയയും തമ്മില്‍ നാളെ പുലര്‍ച്ചെയാണ് ഗ്രൂപ്പ് എയിലെ രണ്ടാമത്തെ മല്‍സരം.
 

വെബ്ദുനിയ വായിക്കുക