സോചിയില്‍ ഇന്ന് തീ പാറും പോരാട്ടം; മെക്‍സിക്കോ പിടിക്കാന്‍ യുവരക്തവുമായി ജര്‍മ്മനി
വ്യാഴം, 29 ജൂണ്‍ 2017 (16:06 IST)
ആവേശത്തിന് ഒട്ടും കുറവുണ്ടാകില്ല ഈ പോരാട്ടത്തിനെന്നാണ് ആരാധകര്‍ പറയുന്നത്. ജര്‍മ്മന്‍ യുവനിര മെക്‍സിക്കന്‍ ശക്തിയുമായി ഏറ്റുമുട്ടുമ്പോള്‍ ഫിഫാ കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളിന്റെ രണ്ടാം സെമിഫൈനല്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കൊരു വിരുന്നാകും.
റഷ്യയിലെ സോചിയില്‍ ഇന്ത്യന്‍ സമയം ഇന്നു രാത്രി 11.30നാണ് ജര്‍മനി- മെക്‌സിക്കോ പോരാട്ടം.
ഗ്രൂപ്പ് ബിയില്‍ നിന്ന് ജേതാക്കളായി ജര്‍മ്മനി എത്തുമ്പോള്‍ മറുവശത്ത് യൂറോ ചാമ്പ്യന്മാരായ പോര്‍ചുഗല്‍ ഉള്‍പ്പെട്ട് ഗ്രൂപ്പ് എയില്‍ നിന്ന് രണ്ടാം സ്‌ഥാനക്കാരായാണ് മെക്‌സിക്കോയുടെ വരവ് എന്നതാണ് ഇന്നത്തെ കളിയെ ചൂടു പിടിപ്പിക്കുന്നത്.
അടുത്ത ലോകകപ്പ് ലക്ഷ്യമാക്കി യുവനിരയെ കളത്തിലിറക്കിയിരിക്കുന്ന ജര്‍മ്മനി മികച്ച ഒരു പിടി താരങ്ങള്‍ക്ക് അവസരം നല്‍കുകയാണ്. പ്രതിരോധം ശക്തമാക്കിയുള്ള ആക്രമണം തന്നെയാകും ജര്‍മ്മനി പുറത്തെടുക്കുക. സ്‌കോദ്രന്‍ മുസ്‌താഫി,
നിക്കോളാസ് സൂള്‍, മത്യാസ് ഗിന്റര്‍ എന്നിവര്‍ പ്രതിരോധം കാക്കുന്നത് മെക്‍സിക്കോയ്‌ക്ക് വെല്ലുവിളിയാണ്.
സ്‌ഥിരം ശൈലിയായ 3-4-3 എന്ന ഫോര്‍മേഷനില്‍ ഇറങ്ങുമ്പോള്‍ മധ്യനിരയില്‍ ജോഷ്വാ കിമ്മിഷ്, എമ്‌റി കാന്‍, സെബാസ്‌റ്റ്യന്‍ റൂഡി, ജൊനാസ് ഹെക്‌ടര്‍ എന്നിവരും മുന്‍നിരയില്‍ ജൂലിയന്‍ ഡ്രാക്‌സ്ലര്‍, ലിയോണ്‍ ഗോര്‍ട്‌സ്കെ, ലാര്‍സ് സ്‌റ്റിന്‍ഡില്‍ എന്നിവര്‍ ബൂട്ട് കെട്ടും. മാര്‍ക്ക് ടെര്‍ സ്‌റ്റെഗന്‍ ആയിരിക്കും ഗോള്‍ പോസ്‌റ്റിന് കാവലാകുക.
പരിചയസമ്പന്നരെയും യുവാക്കളെയും ഉള്‍പ്പെടുത്തിയുള്ള ടീമിനെയാണ് ലോകചാമ്പ്യന്മാരായ ജര്‍മനിക്കെതിരെ മെക്സിക്കോ ഇറക്കുന്നത്. ജര്‍മ്മനിയുടെ കുതിപ്പ് തടയാന്‍ ശക്തമായ പ്രതിരോധമൊരുക്കുന്നതില്‍ മെക്‍സിക്കോ വിട്ടു വീഴ്‌ചയ്‌ക്ക് തയാറല്ല. മിഗെ്വല്‍ ലായൂണ്‍, കാര്‍ലോസ് സാല്‍സെഡോ, ഹെക്‌ടര്‍ മൊറീനോ, ഡീഗോ റെയ്‌സ് എന്നിവരാണ് പ്രതിരോധം കാക്കുക.