മെക്‍സിക്കോ ഒരു കാര്യം ഓര്‍ക്കണമായിരുന്നു; ജര്‍മ്മന്‍ തന്ത്രം “അതുക്കും മേലെയാണ്”

Webdunia
വെള്ളി, 30 ജൂണ്‍ 2017 (15:11 IST)
എതിരാളി ജര്‍മ്മനിയാണെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കുകയില്ലെന്ന് മെക്‍സിക്കോയ്‌ക്ക് വ്യക്തമായി. 2018 ലോകകപ്പ് ലക്ഷ്യമിട്ട് ചേട്ടന്മാര്‍ക്ക് വിശ്രമം നല്‍കി അനിയന്മാരെ കളത്തിലിറക്കാനുള്ള ജര്‍മ്മന്‍ പരിശീലകന്‍ ജോക്കീം ലോയുടെ തീരുമാനം ശരിവയ്‌ക്കുന്നതായിരുന്നു രണ്ടാം സെമി. അത്രയ്‌ക്കും മനോഹരമായ കളിയാണ് നിലവിലെ ലോകചാമ്പ്യന്മര്‍ പുറത്തെടുത്തത്.

എണ്ണംപറഞ്ഞ നാലുഗോളുകൾക്ക്​ മെക്​​സിക്കോയെ പരാജയപെടുത്തി ജര്‍മ്മന്‍ യുവനിര കലാശപ്പോരാട്ടത്തിനുള്ള ടിക്കറ്റ് സ്വന്തമാക്കിയതോടെ കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോളില്‍ ജര്‍മ്മനി ചിലിയുമായി ഏറ്റുമുട്ടും.

ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ തരിപ്പണമാക്കി ജര്‍മ്മനിയെ നേരിടാനിറങ്ങിയ മെക്‍സിക്കോയ്‌ക്ക് തൊട്ടതെല്ലാം പിഴച്ച മത്സരമായിരുന്നു കഴിഞ്ഞത്. പ്രതിരോധം ശക്തമാക്കി ആക്രമണം അഴിച്ചു വിടുകയെന്ന തന്ത്രം ഒരിക്കല്‍ കൂടി ജോക്കീം ലോയുടെ കുട്ടികള്‍ പുറത്തെടുത്തപ്പോള്‍ ‘മെക്സിക്കന്‍ അപാരത’ കാത്തിരുന്ന ആരാധകര്‍ നിരാശയിലായി. ജര്‍മ്മനിയുടെ യുവനിരയെ എളുപ്പത്തില്‍ കീഴടക്കാമെന്ന തോന്നലാണ് മെക്‍സിക്കോയ്‌ക്ക് തോല്‍‌വി സമ്മാനിച്ചത്.

കളിയുടെ ആറാം മിനിറ്റില്‍ മിഡ്ഫീൽഡർ ലിയോൺ ഗോറെറ്റ്സ്ക ഗോള്‍ നേടിയതോടെ മെക്സ്‌ക്കന്‍ പ്രതിരോധം ആടിയുലഞ്ഞു. ഗോള്‍ വീണതിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പുതന്നെ എട്ടാം മിനിറ്റില്‍ ഗോറെറ്റ്സ്ക വീണ്ടും സ്‌കോര്‍ ചെയ്‌തു. ഇതോടെ കളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ജര്‍മ്മനിക്കായി. പലപ്പോഴും മെക്സിക്കന്‍ പ്രതിരോധം തുറന്നു തന്നെ കിടന്നു. മുതിര്‍ന്ന താരങ്ങളെ വെല്ലുന്ന പ്രകടനം തന്നെയായിരുന്നു ജര്‍മ്മന്‍ യുവതാരങ്ങള്‍ പുറത്തെടുത്തത്.

ഗോള്‍ നേടിയതിന്റെ ആലസ്യമില്ലാതെ മെക്‍സിക്കന്‍ പോസ്‌റ്റിലേക്ക് പന്ത് എത്തിക്കുന്നതിനായിരുന്നു ജര്‍മ്മനി തിടുക്കം കാണിച്ചത്. മെക്‍സിക്കോയുടെ പ്രതിരോധത്തില്‍ വിള്ളല്‍ വീണപ്പോഴെല്ലാം ആക്രമണം അഴിച്ചു വിടുകയും ചെയ്‌തു. എന്നാല്‍, ജര്‍മ്മന്‍ ഗോള്‍ പോസ്‌റ്റിന് ഭീഷണിയുയര്‍ത്താന്‍ മെക്‍സിക്കോയ്‌ക്ക് സാധിച്ചുമില്ല. ഗോള്‍ നേടാനുള്ള അവസരങ്ങളെല്ലാം അവര്‍ക്ക് നഷ്‌ടമാകുകയും ചെയ്‌തു. 59മത്  മിനിറ്റിൽ ടിമോ വെർണർ ജർമനിയുടെ മൂന്നാം ഗോൾ നേടിയതോടെ ജര്‍മ്മനി ജയമുറപ്പിച്ചു.

89മത് മിനിറ്റില്‍ മാര്‍ക്കോ ഫാബിയന്റേതായിരുന്നു മെക്‌സിക്കോയുടെ ആശ്വാസഗോള്‍. ഇതാകട്ടെ കളിയിലെ ഏറ്റവും മനോഹരമായ ഗോളുമായി. 35 വാര അകലത്ത് നിന്നും തൊടുത്ത ലോംഗ്‌റേഞ്ചര്‍ വലയില്‍ എത്തുകയായിരുന്നു. കളി തീരാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കെ 91മത് മിനിറ്റിലെ അമീൻ യൂനുസി​​ന്റെ ഗോളോടെ മെക്​സികോയുടെ കഥകഴിഞ്ഞു.

ജയത്തോടെ കോണ്‍ഫെഡറേഷന്‍സ് കപ്പുയര്‍ത്താന്‍ ഏറെ സാധ്യതയുള്ള ടീമായി മാറിയിരിക്കുകയാണ് ജര്‍മ്മനി.
Next Article