ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ കരുത്തരായ റയല്‍ മാഡ്രിഡിനെ തകര്‍ത്ത് ഇറ്റാലിയന്‍ ക്ളബ്ബായ യുവന്റസ് ഫൈനലില്‍ പ്രവേശിച്ചു. ഇന്നു പുലർച്ചെ റയൽ മഡ്രിഡിന്റെ തട്ടകമായ സാന്തിയാഗോ ബർണബ്യൂവിൽ നടന്ന ചാംപ്യൻസ് ലീഗ് സെമിയുടെ രണ്ടാം പാദം 1-1ന് സമനിലയിലെത്തിച്ചാണ് യുവന്റസിന്റെ ഫൈനൽ പ്രവേശം. ജൂണ്‍ ഏഴിനു ബെര്‍ലിനില്‍ നടക്കുന്ന ഫൈനലില്‍ ബാഴ്സലോണയാണു യുവന്റസിന്റെ എതിരാളികള്‍.
ആവേശപ്പോരില്‍ റയലിനായി ക്രിസ്റ്യാനോ റൊണാള്‍ഡോ 23മത് മിനിറ്റില്‍ ഗോള്‍ നേടിയപ്പോള്‍ 57മത് മിനിറ്റില്‍ അല്‍വാരോ മൊറാട്ട റയലിന്റെ വല കുലുക്കിയതോടെ യുവന്റസ് ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ഫൈനലിലേക്ക് ടിക്കറ്റ് വാങ്ങുകയായിരുന്നു. തന്ത്രങ്ങളുടെ തമ്പുരാനായ ആന്ദ്രെ പിര്‍ലോയുടെ ഫ്രീകിക്കാണ് മൊറാട്ടയുടെ ഗോളിന് വഴിതെളിച്ചത്. വിജയഗോളിനായി റയൽ താരങ്ങൾ മൈതാനത്ത് പതിനെട്ടടവും പയറ്റിയെങ്കിലും കടുപ്പമേറിയ ഇറ്റാലിയൻ പ്രതിരോധം ഭേദിക്കാനായില്ല. നിരവധി തവണ റയല്‍ യുവന്‍റസ് ഗോള്‍മുഖം ലക്ഷ്യമാക്കി എത്തിയെങ്കിലും പേരുകേട്ട ജുവ് പ്രതിരോധത്തിന് മുമ്പില്‍ തട്ടിത്തകര്‍ന്നു.
2003നു ശേഷം ആദ്യമായാണു യുവന്റസ് ഫൈനലില്‍ കടക്കുന്നത്. ചാമ്പ്യന്‍സ് ലീഗിൽ 77-മത് ഗോളും കുറിച്ച റൊണാൾഡോ, ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന എക്കാലത്തെയും താരങ്ങളുടെ പട്ടികയിൽ ലയണൽ മെസിക്കൊപ്പം ഒന്നാമതെത്തി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.