ലോക ഫുട്ബോള്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിന്നിട്ടും ലോകകപ്പില്‍ നടക്കാതെ പോയ ബ്രസീല്‍ അര്‍ജന്‍റീന പോരാട്ടം നാളെ. ബാഴ്സലോണയിലെ ചങ്ങാതിമാരായ മെസിയും നെയ്‌മറും നേര്‍ക്കുനേര്‍ വരുന്ന മത്സരവുമെന്ന പ്രത്യേകതയും ഇതിനുണ്ട്.
ബ്രസീല്‍-അര്‍ജന്‍റീന കളി കൂടാതെ നാളെ 13 പോരാട്ടങ്ങളാണ് ചൈനയുടെ തലസ്ഥാന നഗരിയില്‍ നടക്കുന്നത്. 18 മാസത്തെ ഇടവേളക്ക് ശേഷം ബ്രസീല്‍ നിരയിലെത്തിയ കക്കയ്ക്ക് ഒപ്പം ശക്തരായ നെയ്മര്‍, ഡേവിഡ് ലൂയിസ്, ഓസ്കാര്‍ എന്നിവരും അണിനിരക്കും. അതേസമയം അര്‍ജന്‍റീനയ്ക്കായി മെസിയുടെ നേതൃത്വത്തില്‍ ലോകകപ്പില്‍ അണി നിരന്ന ടീം തന്നെയാകും ഇറങ്ങുക. അതിനാല്‍ യാതൊരു സൗഹൃദവും ഇല്ലാതെയാകും ഇരു ടീമുകളും ഇറങ്ങുക.
ലോകകപ്പില്‍ നാണം കെട്ട് പുറത്തായ ബ്രസീലിന് അവരുടെ അഭിമാനം തിരിച്ചു പിടിക്കാനുള്ള അവസരമാണ് നിലവിലുള്ളത്. 2012 നവംബര്‍ 22 നാണ് ഇരുടീമുകളും അവസാനമായി പരസ്പരം ഏറ്റുമുട്ടിയത്. അന്ന് അര്‍ജന്‍റീന ജയം സ്വന്തമാക്കിയിരുന്നു. ചിലി-പെറു, യുഎസ്- എക്വഡോര്‍, കൊളംബിയ-എല്‍ സാല്‍വദോര്‍, മലേഷ്യ - ഫിലിപ്പീന്‍സ് എന്നിവയാണ് നാളത്തെ മറ്റു മത്സരങ്ങള്‍.