തല്ലുകൂടലിന് പിന്നാലെ നെയ്‌മര്‍ക്കെതിരെ സ്‌പാനിഷ് കോടതി കേസെടുത്തു

Webdunia
വ്യാഴം, 18 ജൂണ്‍ 2015 (15:23 IST)
ബാഴ്‌സലോണയുടെ ബ്രസീല്‍ താരം നെയ്‌മര്‍ക്കെതിരെ സാമ്പത്തിക തട്ടി കേസില്‍ സ്പാനിഷ് കോടതി കേസെടുത്തു. 2013 ല്‍ ബാഴ്‌സലോണയിലേക്ക് ഏകദേശം 410 കോടി രൂപയ്ക്കാണ് ബ്രസീലിയന്‍ താരം നെയ്മര്‍ എത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ട്രാന്‍സ്ഫര്‍ തുക 600 കോടി രൂപയായിരുന്നുവെന്ന് കാണിച്ചാണ് കേസെടുത്തിരിക്കുന്നത്.

നെയ്‌മര്‍ക്ക് ക്ലബ്ബ് മാറ്റത്തിലൂടെ ലഭിക്കുന്ന തുകയുടെ 40 ശതമാനം അവകാശപ്പെട്ട നിക്ഷേപ സ്ഥാപനമാണ് പരാതി നല്‍കിയിരിക്കുന്നത്. കരാര്‍ തുക കുറച്ച് കാണിച്ചതിലൂടെ 23കാരനായ നെയ്മര്‍ സാമ്പത്തിക തട്ടിപ്പ് നടത്തുകയായിരുന്നുവെന്നാണ് സ്ഥാപനത്തിന്റെ ആരോപണം.

ബാഴ്‌സലോണ അധികൃതര്‍, നെയ്മറുടെ പിതാവ്, മുന്‍ക്ലബ്ബ് സാന്റോസ്, സാന്റോസിലെ രണ്ട് ക്ലബ് എക്‌സിക്യൂട്ടീവ് എന്നിവരേയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നെയ്മര്‍ ആദ്യമായാണ് കേസില്‍ ഉള്‍പ്പെടുന്നത്. തങ്ങള്‍ക്ക് അവകാശപ്പെട്ട തുകയുടെ പകുതി മാത്രമാണ് ഇതിലൂടെ നെയ്മര്‍ നല്‍കിയതെന്നും സ്ഥാപനം അവകാശപ്പെടുന്നു.കേസിന്റെ ഭാഗമായി സാന്റോസില്‍ കളിക്കുമ്പോള്‍ നെയ്മര്‍ക്കുവേണ്ടി ശ്രമിച്ച മറ്റു ക്ലബുകള്‍ വാഗ്ദാനം ചെയ്ത തുകയുടെ വിവരങ്ങള്‍ കൈമാറാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.