ബാലൺ ഡി ഓർ അവസാനപട്ടികയിൽ മെസിയില്ല, ബെൻസേമയ്ക്ക് മേൽക്കൈ

ശനി, 13 ഓഗസ്റ്റ് 2022 (14:58 IST)
മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരത്തിനുള്ള 30 അംഗ പ്രാഥമിക പട്ടിക പ്രസിദ്ധീകരിച്ചു. 2005ന് ശേഷം ആദ്യമായി ലയണൽ മെസി പ്രാഥമിക പട്ടികയിൽ നിന്നും പുറത്തായി. മെസി അടക്കം ഒരു അർജൻ്റീനൻ താരവും പട്ടികയിൽ ഇല്ല. പിഎസ്ജിയിലെത്തിയതിന് ശേഷം നിറം മങ്ങിയതാണ് മെസിക്ക് തിരിച്ചടിയായത്.
 
ക്രിസ്റ്റ്യാനോ റൊണാൾഡൊ,കരീം ബെൻസേമ,റോബർട്ട് ലെവൻഡോവ്സ്കി,കിലിയൻ എംബാപ്പെ,മൊഹമ്മദ് സല,എർലിങ് ഹാലൻഡ്,വിനീഷ്യസ് ജൂനിയർ,കെവിൻ ഡിബ്രൂയ്നെ,സാദിയോ മാനേ തുടങ്ങിയ പ്രമുഖർ പട്ടികയിലുണ്ട്. ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലും റയൽ മാഡ്രിഡിനെ ജേതാക്കളാക്കിയ കരീം ബെൻസേമയ്ക്കാണ് മേൽക്കൈയുള്ളത്. ഒക്ടോബർ 17നാണ് പുരസ്കാരം പ്രഖ്യാപിക്കുക.
 
അതേസമയം യുവേഫ പ്ലെയർ ഓഫ് ദ ഇയർ പുരസ്‌കാരത്തിന്‍റെ ചുരുക്കപ്പട്ടികയും പ്രഖ്യാപിച്ചു. കരീം ബെൻസെമ, കോര്‍ട്വ, കെവിൻ ഡിബ്രുയിൻ എന്നിവരാണ് അവസാനപട്ടികയിൽ ഇടം നേടിയ മൂന്ന് പേർ. ഈ പുരസ്കാരം ഈ മാസം 25നാണ് പുരസ്കാരം പ്രഖ്യാപിക്കുക. കഴിഞ്ഞ സീസണിൽ 46 മത്സരങ്ങളിൽ നിന്ന് 44 ഗോളുകളാണ് ബെൻസേമ നേടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍