കൊവിഡ് വ്യാപനത്തിൽ പെട്ട് ലോകമാകമാനം ജനങ്ങൾ ലോക്ക്‌ഡൗൺ അടക്കമുള്ള ദുരിതങ്ങൾ സഹിക്കുമ്പോൾ ലോകത്തിനാകമാനം പ്രതീക്ഷയേകുന്ന ദൃശ്യങ്ങളായിരുന്നു ബുഡാപെസ്റ്റിലെ പുഷ്‌കാസ് സ്റ്റേഡിയത്തിൽ നടന്ന ഹങ്കറി പോർച്ചുഗൽ മത്സരത്തിൽ കാണാനായത്. 61000ത്തിലധികം കാണികളാണ് മാസ്‌കുകളും സാമൂഹിക അകലവുമില്ലാതെ ഫുട്‌ബോൾ മത്സരം കാണാനെത്തിയത്.
ഫുട്ബോൾ പ്രേമികളുടെ മാത്രമല്ല ലോകത്തിന്റെ ആകെ കണ്ണും മനസും നിറയ്ക്കുന്ന, ആളും ആരവവുമുള്ള, നിറഞ്ഞ് തുളുമ്പിയ ഗാലറി. കളിയുടെ ആവേശത്തിനനുസരിച്ച് ആരവങ്ങളും നിറഞ്ഞതോടെ പണ്ടെങ്ങോ നഷ്ടമായ ഭൂതകാലത്തിന്റെ വീണ്ടെടുപ്പ് കൂടിയായിരുന്നു അത്. ആശയും നിരാശയുമെല്ലാം ആരാധകരിൽ നിറയുമ്പോൾ കളിക്കാരന്റെ ഓരോ ചടുല നീക്കങ്ങൾക്കും ആരവമുയരുമ്പോൾ അത് ആരാധകരെ കൂട്ടികൊണ്ടുപോയത് മഹാമാരിക്ക് മുന്നെയുള്ള കാലത്തിലേക്കാണ്.