ബലാറസ് താരം അലക്‍സാണ്ടര്‍ ഹെല്‍ബ് ബാഴ്‌സിലോണയിലേക്ക് കൂടുമാറി. റൊണാള്‍ഡീഞ്ഞോ എ സി മിലാനിലേക്ക് പോയ ഒഴിവിലാണ് ആഴ്സണല്‍ താരം ബാഴ്‌സിലോണ യിലേക്ക് എത്തിയത്. ഈ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറെ ക്ലബ്ബില്‍ എത്തിക്കാന്‍ ബാഴ്‌സിലോണ ഒഴുക്കിയത് 11.8 ദശലക്ഷം പൌണ്ടായിരുന്നു.
സ്പാനിഷ് സിറ്റിയില്‍ മെഡിക്കല്‍ പരിശോധനയ്‌ക്കായി എത്തിയ താരം സ്പാനിഷ് ലാലിഗ തന്‍റെ ഒരു സ്വപ്നമായിരുന്നു എന്ന് വ്യക്തമാക്കി. ബാഴ്‌സ്യ്ക്കൊപ്പം ജയിക്കാനായി എല്ലാം ചെയ്യുമെന്ന് വ്യക്തമാക്കിയ 27 കാരന്‍ ഈ ടീമിനെ താന്‍ വളരെയധികം സ്നേഹിക്കുന്നു എന്നും ടീമിനായി ചെയ്യാവുന്ന ഏറ്റവും വലിയ ശ്രമം തന്നെ നല്‍കുമെന്നും വ്യക്തമാക്കി.
പുതിയ സീസണില്‍ ഹെല്‍ബ് ഇന്‍റര്‍മിലാനില്‍ എത്തുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും ഒടുവില്‍ ബാഴ്‌സിലോണ തന്നെ താരത്തെ സ്വന്തമാക്കി. ആഴ്‌സണല്‍ ഈ സീസണില്‍ ഹെല്‍ബിനൊപ്പം മറ്റ് രണ്ട് പ്രമുഖരെ കൂടി കൈമാറ്റം നടത്തി. എ സി മിലാനിലേക്ക് മത്തേവു ഫ്ലാമിനിയെ നല്‍കിയ ആഴ്‌സണല്‍ ഗില്‍ബെര്‍ട്ടോസില്വയെ പനാതിനായിക്കോസിനും നല്‍കി.
ബുണ്ടാസ് ലീഗില്‍ സ്റ്റുട്ഗര്‍ട്ടിന്‍റെ താരമായിരുന്ന ഹെല്‍ബ് ആഴ്‌സണലില്‍ എത്തിയത് 2005 ലായിരുന്നു. പുതിയ സീസണില്‍ ബാഴ്‌സ സ്വന്തമാക്കുന്ന ആറാമത്തെ താരമാണ് ഹെല്‍ബ്. ഇതിനു മുമ്പ് സെയ്ദു കെയ്ത, ജെറാഡ് പിക്ക്വെ, മാര്‍ട്ടിന്‍ കാസിറസ്, ദാനിയെല്‍ ആല്വസ് എന്നിവരെയായിരുന്നു ബാഴ്‌സിലോണ സ്വന്തം നിരയില്‍ എത്തിച്ചത്.