ലിവര്‍പൂളിനും റോമയ്‌ക്കും ജയം

ബുധന്‍, 20 ഫെബ്രുവരി 2008 (10:21 IST)
PROPRO
ചാമ്പ്യന്‍‌സ്‌‌ലീഗ് ഫുട്ബോളിലെ ഇംഗ്ലീഷ് ഇറ്റാലിയന്‍ യുദ്ധത്തില്‍ ഇംഗ്ലണ്ട് ജയം കണ്ടെത്തിയപ്പോള്‍ സ്പാനിഷ് ഇറ്റാലിയന്‍ പോരാട്ടത്തില്‍ സ്പെയിന്‍ പരാജയമടഞ്ഞു. ക്വാര്‍ട്ടറിലെ ആദ്യ പാദ മത്സരത്തില്‍ ലിവര്‍പൂള്‍ രണ്ട് ഗോളുകള്‍ക്ക് ഇറ്റാലിയന്‍ സീരി എ ചാമ്പ്യന്‍‌മാരായ ഇന്‍ററിനെ മറികടന്ന് ആദ്യ പാദത്തില്‍ വിജയം കണ്ടെത്തി. സ്പാനിഷ് ലീഗ് ചാമ്പ്യന്‍‌മാരായ റയല്‍ മാഡ്രിഡിനെ 2-1 നാണ് റോമ മറികടന്നത്.

ഇന്‍ററിനെതിരെ ഡച്ച് താരം ഡിര്‍ക്ക് ക്യുത്തും നായകന്‍ സ്റ്റീവന്‍ ജെറാഡുമായിരുന്നു ഗോളുകള്‍ സ്കോര്‍ ചെയ്തത്. മുപ്പതാം മിനിറ്റില്‍ മാര്‍ക്കോ മറ്റരാസി ചുവപ്പ് കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് പത്ത് പേരുമായി ഇന്‍ററിന് ഭൂരിഭാഗ സമയവും കളിക്കേണ്ടി വന്നു. 85, 90 മിനിറ്റുകളിലായിരുന്നു ചെങ്കുപ്പായക്കാരുടെ എണ്ണം പറഞ്ഞ ഗോളുകള്‍.

ആന്‍ഫീല്‍ഡിലെ സ്വന്തം മൈതാനത്ത് രണ്ടാം പകുതിയിലായിരുന്നു ലിവര്‍പൂള്‍ മിന്നിയത്. എണ്‍പത്തഞ്ചാം മിനിറ്റില്‍ ജെറെമി പെന്നെറ്റിന്‍റെ ക്രോസ്ഡിര്‍ക്ക് ക്യുത്ത് ഇന്‍റര്‍ പോസ്റ്റിന്‍റെ മോന്തായത്തിലേക്ക് പന്തെടിച്ചു കയറ്റുകയായിരുന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ ജെറാഡിന്‍റെ 25 വാര അകലെ നിന്നുള്ള ഉജ്വലമായ ഒരു ഷോട്ടും വലയില്‍ എത്തി.

റയല്‍ മാഡ്രിഡിന്‍റെ തോല്‍‌‌വിയാണ് സ്പാനിഷ് ആരാധകരെ ഞെട്ടിച്ചുകളഞ്ഞത്. തുല്യ ശക്തികളായ റോമയുടെ മണ്ണില്‍ കളിവച്ച റയല്‍ ആതിഥേയരോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മറിഞ്ഞത്. ഒമ്പതു തവണ ചാമ്പ്യന്‍‌മാരായിരുന്ന റയലിനെ നായകന്‍ ടോട്ടിയുടേയും ബ്രസീലിയന്‍ മദ്ധ്യനിരക്കാരന്‍ അമാന്തിനി മാന്‍സീനിയുടെയും ഗോളുകളിലാണ് റോമ വീഴ്ത്തിയത്. എട്ടാം മിനിറ്റില്‍ റൌളിലൂടെ മുന്നിലെത്തിയ ശേഷമായിരുന്നു സ്പാനിഷ് ചാമ്പ്യന്‍‌മാര്‍ രണ്ടു ഗോള്‍ വഴങ്ങി ആദ്യ പാദം വിട്ടുകൊടുത്തത്.

ഗെല്‍‌സിങ്കെര്‍ഷനില്‍ നടന്ന മത്സരത്തില്‍ കെവിന്‍ ക്യുറാനിയുടെ ഗോളില്‍ ഷാല്‍‌‌ക്കേ മുന്‍ ചാമ്പ്യന്‍‌‌മാരായ എഫ് സി പോര്‍ട്ടോയെ മറികടന്നു ആദ്യ പാദ ജയം സ്വന്തമാക്കി. എന്നാല്‍ ദക്ഷിണ ഗ്രീസിലേക്ക് മത്സരിക്കാന്‍ പോയ മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍‌സിക്ക് ഒളിമ്പിയാക്കോസിന്‍റെ പ്രതിരോധം മറികടക്കാനായില്ല. തൊണ്ണൂറ് മിനിറ്റുകള്‍ കളിച്ചിട്ടും ഇരു ടീമുകളും പ്രതിരോധത്തില്‍ ഉറച്ചു നിന്നതോടെ മത്സരത്തിനു ഫലം ഇല്ലാതെ പോയി.

വെബ്ദുനിയ വായിക്കുക