മാഞ്ചസ്റ്റര്‍, ചെല്‍‌സി ജയിച്ചു

തിങ്കള്‍, 24 മാര്‍ച്ച് 2008 (09:17 IST)
PROPRO
ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് പടയോട്ടത്തില്‍ ചാമ്പ്യന്‍‌മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെയും ചെല്‍‌സിയുടേയും പടയോട്ടം തുടരുന്നു. ചാമ്പ്യന്‍‌ഷിപ്പിന്‍റെ കാര്യത്തില്‍ ഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ ലിവര്‍പൂളിനെ മൂന്ന് ഗോളിനു മുട്ടുകുത്തിച്ചപ്പോള്‍ ചെല്‍‌സിയുടെ ജയം ആഴ്‌സണലിനെതിരെയായിരുന്നു.

പ്രീമിയര്‍ ലീഗിലെ വമ്പന്‍‌‌മാരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്ററിന്‍റെ വിജയം ഏക പക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു. വെസ്‌ബ്രൗണ്‍, ക്രിസ്ത്യാനോ റൊണാള്‍ഡോ, നാനി എന്നിവരുടേതായിരുന്നു ഗോളുകള്‍. അര്‍ജന്‍റീനതാരം മസ്ക്കരാനോ ചുവപ്പ് കാര്‍ഡ്‌ കണ്ട്‌ പുറത്തുപോയതോടെ ലിവര്‍പൂള്‍ പത്തുപേരായി ചുരുങ്ങി.

ഓള്‍ഡ്‌ ട്രാഫോര്‍ഡിലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആക്രമിച്ചു കയറിയ മാഞ്ചസ്റ്റര്‍ മുന്നേറ്റനിര മുപ്പത്തിനാലാം മിനിറ്റില്‍ ആദ്യ ഗോള്‍ കണ്ടെത്തി. വെയ്‌ന്‍ റൂണിയുടെ വലതുവശത്തുനിന്നുള്ള ക്രോസില്‍ മുന്നോട്ടു കയറി നിന്ന ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ക്ക്‌ പഴുതനുവദിക്കാതെ തലവെച്ച വെസ് ബ്രൗണ് ആയിരുന്നു ആദ്യം ടീമിനെ മുന്നിലെത്തിച്ചത്.

എഴുപത്തൊമ്പതാം മിനിറ്റില്‍ നാനിയുടെ കോര്‍ണറില്‍ നിന്നാണ്‌ മാഞ്ചസ്റ്ററിന്‍റെ രണ്ടാം ഗോള്‍ പിറന്നത്. ക്രിസ്റ്റ്യാനോ ഹെഡ്‌ഡറിലൂടെ ടീമിന്‍റേ രണ്ടാം ഗോള്‍ നേടുകയായിരുന്നു‌. മിനിറ്റുകള്‍ക്കകം റൂണിയുടെ പാസില്‍ നാനി മൂന്നാം ഗോളും കണ്ടെത്തി. രണ്ടാം പകുതിയില്‍ സ്റ്റീവന്‍ ജറാര്‍ഡിന്‍റെ തിരിച്ചുവരവ് നീക്കങ്ങള്‍ ലിവര്‍പൂള്‍ ശക്തമായി ചെറുത്തു.

ആഴ്‌സണലിന്‍റെ പ്രതീക്ഷകള്‍ തട്ടിത്തെറിച്ചത് ദിദിയര്‍ ദ്രോഗ്‌ബയ്‌ക്ക് മുന്നിലായിരുന്നു. ആഴ്‌സണലിനെ 2-1 ന് ചെല്‍‌സി പരാജയപ്പെടുത്തി. ആഴ്‌സണലിന്‍റെ ഗോള്‍ സാഗ്ന നേടി. അമ്പത്തൊമ്പതാം മിനിറ്റില്‍ സാഗ്‌നയിലൂടെ ആഴ്‌സണല്‍ മുന്നിലെത്തിയെങ്കിലും എഴുപത്തി മൂന്നാം മിനിറ്റില്‍ ജൂലിയാനോ ബെല്ലെറ്റിയില്‍ നിന്നും ലഭിച്ച ലോംഗ് പാസ് സ്വീകരിച്ച് ആദ്യഗോള്‍ കണ്ടെത്തിയ ദ്രോഗ്ബ നിക്കോളാസ് അനെല്‍ക്കയുടെ നീക്കാം മുന്നിലെത്തിച്ച് രണ്ടാം ഗോളും കണ്ടെത്തി.

പോയന്‍റ് നിലയില്‍ 31 കളികളില്‍ നിന്ന്‌ 73 പോയന്‍റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ ആറ്‌ പോയന്‍റ് മുന്നിലെത്തി. ആഴ്‌സനലിന്‌ 67-ഉം ചെല്‍സിക്ക്‌ 65-ഉം പോയന്‍റാണുള്ളത്‌. മറ്റ് മത്സരങ്ങളില്‍ ബ്ലാക്‌ബേണ്‍ ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ വീഗനെയും ന്യൂകാസില്‍ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക്‌ ഫുള്‍‌ഹാമിനെയും തോല്‌പിച്ചു.

മാഞ്ചസ്റ്റര്‍ സിറ്റിയെ ബോള്‍ട്ടന്‍ ഗോള്‍രഹിത സമനിലയില്‍ കുരുക്കി. വെസ്റ്റ്‌ഹാമും എവര്‍ട്ടനും തമ്മിലുള്ള കളിയും സമനിലയിലായി (1-1). മറ്റുകളികളില്‍ റീഡിങ്‌ ബര്‍മിങ്ങാമിനെയും (2-1) മിഡില്‍സ്‌ബറോ ഡര്‍ബിയെയും (1-0) സണ്ടര്‍ലാന്‍ഡ്‌ അസ്റ്റണ്‍ വില്ലയെയും (1-0) ടോട്ടനം പോര്‍ട്‌സ്‌മത്തിനെയും (2-0) കീഴടക്കി.

വെബ്ദുനിയ വായിക്കുക