ഫിഫ റാങ്കിംഗ്: ഇന്ത്യ 173ആം സ്ഥാനത്ത്

ശനി, 14 മാര്‍ച്ച് 2015 (15:12 IST)
ഫിഫ റാങ്കിംഗില്‍ ഇന്ത്യ 173ആം സ്ഥാനത്ത്. ഇതുവരെ ഉണ്ടായിട്ടുള്ള ഫിഫ റാങ്കിംഗ് പട്ടികയില്‍ ഇന്ത്യയുടെ ഏറ്റവും മോശം സ്ഥാനമാണിത്. ഫിഫ റാങ്കിംഗില്‍ 156 ആം സ്ഥാനത്ത് ആയിരുന്ന ഇന്ത്യ കഴിഞ്ഞവര്‍ഷം ഡിസംബറില്‍ 15 സ്ഥാനങ്ങള്‍ നഷ്‌ട്പ്പെട്ട് 171ആം സ്ഥാനത്ത് എത്തിയിരുന്നു. മൂന്നുമാസം കഴിയുമ്പോള്‍ വീണ്ടും രണ്ടു സ്ഥാനം നഷ്‌ടപ്പെട്ട് 173ആമതായാണ് ഇന്ത്യ ഇപ്പോള്‍.
 
കഴിഞ്ഞവര്‍ഷം രണ്ടു അന്താരാഷ്‌ട്ര മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. ഇതില്‍ ഒന്നില്‍ തോല്‍വി വഴങ്ങിയപ്പോള്‍ മറ്റൊന്ന് സമനിലയില്‍ കലാശിച്ചു. ബംഗ്ലാദേശുമായും പലസ്തീനുമായിട്ടായിരുന്നു ഇന്ത്യയുടെ കളികള്‍. ജനസംഖ്യയില്‍ ലോകത്ത് രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യ പല ചെറിയ ഏഷ്യന്‍ രാജ്യങ്ങളെക്കാളും റാങ്കിങില്‍ പുറകിലാണ്. ഏഷ്യയില്‍ 36ആമതാണ് ഇന്ത്യയുടെ സ്ഥാനം.
 
ഇന്ത്യ ലോകറാങ്കിംഗില്‍ 173ആമത് നില്‍ക്കുമ്പോള്‍ അയല്‍രാജ്യമായ പാകിസ്ഥാന്റെ സ്ഥാനം 170 ആണ്. ആകെ 209 രാജ്യങ്ങളുടെ റാങ്കിംഗ് പട്ടികയാണ് ഫിഫ തയ്യാറാക്കിയിരിക്കുന്നത്. ഏഷ്യയില്‍ ഇറാന്‍ ആണ് 42ആം റാങ്കുമായി ഒന്നാമത് നില്‍ക്കുന്നത്. 53ആം റാങ്കുള്ള ജപ്പാന്‍ ആണ് ഏഷ്യയില്‍ രണ്ടാംസ്ഥാനത്ത്. ലോകജേതാക്കളായ ജര്‍മ്മനിയാണ് ഫിഫ റാങ്കിംഗില്‍ ഒന്നാമത്.

വെബ്ദുനിയ വായിക്കുക