ഇംഗ്ലീഷ് പ്രീമീയര്‍ ലീഗ് സ്വന്തമാക്കാമെന്ന ചെല്‍സിയുടെ പ്രതീക്ഷയ്ക്ക് കനത്ത പ്രഹരം. ലീഗിലെ താഴേ തട്ടിലുള്ള സെല്‍റ്റാവിഗാനാണ് ജയിക്കാമെന്ന അമിതവിശ്വാസം പുലര്‍ത്തിയെത്തിയ നീലപ്പടയെ ഒരു ഗോള്‍ സമനിലയില്‍ കുരുക്കിയത്. സ്റ്റാം ഫോര്‍ഡ് ബ്രിഡ്ജില്‍ സ്വന്തം കാണികള്‍ക്ക് മുന്നിലാണ് ചെല്‍സി ആരാധകരെ ചതിച്ചത്.
നടന്ന മത്സരം ഒരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച സമനിലയില്‍ പിരിയുകയായിരുന്നു. രണ്ടാം പകുതിയുടെ ഇന്‍ച്വറി ടൈമില്‍ വിഗാന്‍ താരം എമില്‍ ഹെസ്കി നേടിയ ഗോള്‍ മത്സരത്തിന്‍റെ വിധി മാറ്റി എഴുതി. കളിയുടെ അമ്പത്തിയഞ്ചാം മിനിറ്റില്‍ മൈക്കല്‍ എസീന്‍ നേടിയ ഗോളിലൂടെ ചെല്‍സി മുന്നിലെത്തിയിരുന്നു.
ചെല്‍സിക്ക് ലഭിച്ച ചില മികച്ച അവസരങ്ങള്‍ ഫലപ്രദമായി തടഞ്ഞ വിഗാന്‍ ഗോളി ക്രിസ് കിര്‍ക്ക്‌ലാന്‍ഡിന്‍റെ പ്രകടനമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഈ മത്സരം സമനിലയിലായതോടെ പ്രീമിയര്‍ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ചെല്‍സിക്ക് ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള അകലം വര്‍ദ്ധിച്ചു.
ഇനി നാല് മത്സരങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചെല്‍സിക്ക് 75 പോയിന്‍റുകളാണുള്ളത് അതേ സമയം ഒന്നാം സ്ഥാനത്തുള്ള മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് 80 പോയിന്‍റും മൂന്നാം സ്ഥാനത്തുള്ള ആഴ്സണലിന് 71 പോയിന്‍റുമുണ്ട്. കഴിഞ്ഞ ദിവസം നടന്ന മാഞ്ചസ്റ്റര്‍ ആഴ്സണല്‍ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ ആഴ്‌സണലിനെ 2-1 നു വീഴ്ത്തി.