കാര്‍ലിംഗ്കപ്പ്: ചെല്‍‌സിക്ക് ജയം

ബുധന്‍, 9 ജനുവരി 2008 (13:33 IST)
PROPRO
അറുപത്തിനാലാം മിനിറ്റില്‍ യാക്കൂബിലൂടെ ഒരു ഗോള്‍ സമനില പിടിച്ച ശേഷം സ്വന്തം നെറ്റില്‍ പന്തെത്തിക്കാതെ മികച്ച പ്രതിരോധമായിരുന്നു എവര്‍ട്ടന്‍ കാഴ്ച വച്ചത്. എന്നാല്‍ 89 മിനിറ്റുവരെ പ്രതിരോധത്തില്‍ ഉജ്വല പ്രകടനം നടത്തിയ ലെസ്കോട്ട് ഒറ്റ മിനിറ്റു കൊണ്ട് വില്ലനായി.

ലെസ് കോട്ടിന്‍റെ സെല്‍ഫ് ഗോളിന്‍റെ പിന്‍ബലത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് എവര്‍ട്ടനെ തകര്‍ത്ത ചെല്‍സി കാര്‍ലിംഗ് കപ്പ് സെമി ഫൈനലിന്‍റെ ആദ്യ പാദത്തില്‍ വിജയം നേടി.

അവസാന ശ്വാസം വരെ ചാമ്പ്യന്‍‌മാരായ ചെല്‍‌സിയെ സ്റ്റാംഫൊര്‍ഡ് ബ്രിഡ്‌ജിലെ അവരുടെ തട്ടകത്തില്‍ പിടിച്ചു നിര്‍ത്തിയ എവര്‍ട്ടന്‍ അവസാനമിനിറ്റില്‍ സ്വന്തം നെറ്റില്‍ പന്തെത്തിച്ചതോടെ ചെല്‍‌സിക്ക് ഫൈനലിലേക്ക് മുന്‍ തൂക്കം നല്‍കി.

അമ്പത്തഞ്ചാം മിനിറ്റില്‍ ഒബിയെ റഫറി പുറത്താക്കിയ ശേഷം പത്തു പേരുമായി കളിച്ചാണ് ചെല്‍‌സി വിജയം സമ്പാദിച്ചത്. ചെല്‍‌സി താരം ഷോണ്‍ റൈറ്റ് ഫിലിപ്‌സ് അടുത്തു നില്‍ക്കുന്ന ഭയത്തില്‍ ബാക്കിലേക്ക് പന്ത് ഹെഡ് ചെയ്ത ലെസ് കോട്ടിനു പക്ഷേ സ്ഥാനം തെറ്റി നിന്ന ഗോളിയെ കാണാനായില്ല. ഫലം പന്ത് വലയിലേക്ക്.

പടിക്കല്‍ കൊണ്ട് കലമുടച്ചെന്ന് പറയുന്ന പോലെയായി ഇംഗ്ലീഷ് ക്ലബ്ബ് എവര്‍ട്ടന്‍റെ കാര്യം. നേരത്തെ കളിയുടെ ഇരുപത്താറാം മിനിറ്റില്‍ ഷോണ്‍ റൈറ്റിലൂടെ ചെല്‍‌സി ആദ്യം മുന്നിലെത്തിയിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ യാക്കൂബിലൂടെ ഉജ്വലമായി തിരിച്ചടിച്ച എവര്‍ട്ടന്‍ സമനില പിടിച്ചു.

എന്നാല്‍ തുടരെ ആക്രമണം അഴിച്ചു വിട്ട ചെല്‍‌സിക്കു മുന്നില്‍ എവര്‍ട്ടന്‍ പ്രതിരോധം ഒട്ടും പതറാതെ പിടിച്ചു നില്‍ക്കുകയായിരുന്നു. അപ്പോഴാണ് അവസാന മിനിറ്റില്‍ ലെസ്കോട്ട് പിഴവ് വരുത്തിയത്.

വെബ്ദുനിയ വായിക്കുക