ആഴ്സണലിന് വന്‍ വിജയം

ലീഗ് കപ്പ് ഫുട്ബോളില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെ ആഴ്സണലിന് 6-0ത്തിന്‍റെ വന്‍ വിജയം. ചൊവാഴ്ച നടന്ന മറ്റ് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍ എന്നിവര്‍ വിജയം കണ്ടെത്തിയപ്പോള്‍ വെസ്റ്റ് ഹാമിനും ഫള്‍ഹാമിനും തിരച്ചടിയേറ്റു.

പരുക്ക് കഴിഞ്ഞ തിരിച്ചെത്തിയ ക്രിസ്ത്യാനോ റൊണാള്‍ഡോ ഈ സീസണിലെ തന്‍റെ ആദ്യ ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് മിഡില്‍‌സ്ബറോയെ കീഴടക്കിയത്. കളിയുടെ 25-ആം മിനിറ്റില്‍ റയാന്‍ ഗിഗ്സ് എടുത്ത കോര്‍ണര്‍ ഹെഡറിലൂടെ വലയിലെത്തിച്ചാണ് റൊണാള്‍ഡോ തന്‍റെ മടങ്ങി വരവ് അറിയിച്ചത്. അമ്പത്തിയാറാം മിനിറ്റില്‍ ആദം ജോണ്‍സണ്‍ മിഡില്‍സ്ബറോയുടെ സമനില ഗോള്‍ കണ്ടെത്തിയെങ്കിലും പിന്നീട് ഗിഗ്‌സും നാനിയും നേടിയ ഗോളുകളിലൂടെ വിജയം ഉറപ്പിക്കുകയായിരുന്നു.

ആഴ്സണലിന്‍റെ ഏകപക്ഷീയമായ ആറ് ഗോളുകളില്‍ മൂന്നു നേടിയത് മെക്‌സിക്കന്‍ താരം കാര്‍ലോസ് വെല്ലയായിരുന്നു. നിക്കലാസ് ബേന്‍ഡ്‌നെര്‍ രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ആഴ്സണലിന്‍റെ ആറാം ഗോള്‍ പതിനാറുകാരന്‍ ജാക്ക് വില്‍‌ഷേറിന്‍റെ വകയായിരുന്നു.

ലിവര്‍പൂള്‍ 2-1ന് ലീഗ് വണ്‍ ക്രൂവിനെ കീഴടക്കിയപ്പോള്‍ വെസ്റ്റ് ഹാം വാറ്റ്ഫോര്‍ഡിനോടും ഫള്‍ഹാം ബേണ്‍‌ലിയോടും 1-0ത്തിന് പരാജയം സമ്മതിച്ചു.

വെബ്ദുനിയ വായിക്കുക