2019ൽ പുൽ‌വാമയിൽ നഷ്ടമായത് 49 ധീരസൈനികരെ, രാജ്യം കണ്ണീരിലാഴ്ന്ന ദിനങ്ങൾ

ഗോൾഡ ഡിസൂസ
വ്യാഴം, 19 ഡിസം‌ബര്‍ 2019 (14:37 IST)
2019 ഫെബ്രുവരി 14, ഇന്ത്യൻ ജനത ഒരിക്കലും പൊറുക്കാത്ത ദിവസം. ജമ്മു കാശ്മീരിൽ പുൽവാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ തീവ്രവാദികൾ മനുഷ്യബോംബ് ആക്രമണം നടത്തുകയുണ്ടായി. ആക്രമണത്തിൽ ഇന്ത്യയ്ക്ക് നഷ്ടമായത് 49 സിആർപിഎഫ് ജവാന്മാരുടെ ജീവനും ജീവിതവുമാണ്. രാജ്യം കണ്ണീരിലാഴ്ന്ന മണിക്കൂറുകൾ. 
 
ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്‌ഷ് ഇ മൊഹമ്മദ് ഏറ്റെടുത്തിരുന്നു. അവാന്തിപുരക്കടുത്തുള്ള ലെത്തപ്പോരയിൽ വച്ച് സ്ഫോടകവസ്തുക്കൾ നിറച്ച ഒരു മഹീന്ദ്ര സ്കോർപിയോ, സൈനിക വാഹനവ്യൂഹത്തിലേക്ക് അക്രമി ഇടിച്ചു കയറ്റുകയായിരുന്നു. 
 
ഇതിനിടയിൽ പലരും ആശങ്കൾ പ്രകടിപ്പിച്ചു. കനത്ത സുരക്ഷയെ മറികടന്ന് ഇത്തരമൊരു അക്രമണം ഉണ്ടാക്കാൻ ആരാണ് ഇയാളെ സഹായിച്ചതെന്ന ചോദ്യവും ഉയർന്നു വന്നു. ഭീകരരുടെ നീക്കങ്ങളെക്കുറിച്ചു രഹസ്യവിവരങ്ങൾ ശേഖരിക്കുന്നതിലും സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിലുമുണ്ടായ പിഴവാണ് ഇത്രയും വലിയ അക്രമണം നടക്കാൻ കാരണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനെ വിലയിരുത്തിയത്. പുൽ‌വാമ ആക്രമണത്തിനു ശേഷം മാത്രം 41 തീവ്രവാദികളെയാണ് സൈന്യം വധിച്ചത്.
 
പാകിസ്താന്റെ പിന്തുണയോടെ, 2015 മുതൽ ജമ്മു കാശ്മീരിൽ തീവ്രവാദികൾ ആക്രമണം തുടങ്ങിയിരുന്നു. അതിന്റെ രുദ്രഭാവമായിരുന്നു ഫെബ്രുവരിയിൽ കണ്ടത്. ആയുധധാരികളായ മൂന്നു തീവ്രവാദികൾ 2015 ജൂലൈ മാസത്തിൽ ഗുർദാസ്പൂർ പോലീസ് സ്റ്റേഷൻ ആക്രമിച്ചു. പിന്നാലെ, പത്താൻകോട്ട് 2016-ന്റെ തുടക്കത്തിൽ ആക്രമണം നടന്നു. 
 
2016 ൽ ഫെബ്രുവരിയിലും, ജൂലൈയിലും നടന്ന ആക്രമണങ്ങളിൽ യഥാക്രമം, ഒമ്പതും എട്ടും സൈനികർ കൊല്ലപ്പെട്ടു. ഉറിയിലെ സൈനിക ക്യാംപിൽ 2016 സെപ്തംബർ മാസത്തിലുണ്ടായ ഒരു ആക്രമണത്തിൽ 19 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. ജമ്മു - ശ്രീനഗർ ദേശീയപാതക്കു സമീപപ്രദേശങ്ങളിലാണ് തീവ്രവാദ ആക്രമണങ്ങളിൽ ഏറെയും നടന്നിട്ടുള്ളത്. അതിർത്തികളിൽ ഇപ്പോഴും വെടിശബ്ദം അവസാനിച്ചിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article