മോഹനന്‍ പണിയുന്നു... വിശ്വരൂപം

മോഹനന്‍ പണിയുന്നു... വിശ്വരൂപം

തിരുവനന്തപുരം: കല്ലാങ്കണ്ടത്തില്‍ മോഹനന്‍ എന്ന ദാരുശില്പിയുടെ പണിപ്പുരയില്‍ വിശ്വരൂപ ശില്പത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്.

ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ വിശ്വരൂപം, 75 ഇഞ്ച് ഉയരവും 44 ഇഞ്ച് വീതിയിലും ഉള്ള ശില്പമായി നിര്‍മ്മിക്കാന്‍ മോഹനന്‍ വ്രതം നോറ്റുകഴിഞ്ഞു. ഗീതോപദേശത്തിന്‍റെ പശ്ഛാത്തലത്തിലുള്ള വിശ്വരൂപമാണ് മനസ്സിലുള്ളത്.

ഒമ്പത് മുഖവും 18 കൈകളുമുള്ള വിശ്വരൂപ ശില്പം മോഹനന്‍റെ സ്വപ്നപദ്ധതിയാണ്. ഒമ്പത് തലയും 18 കൈകകളുമുള്ള വിശ്വരൂപം. വിഷ്ണു, ബ്രഹ്മാവ്, മഹേശ്വരന്‍, ദ്രോണര്‍, കൃപാചാര്യര്‍ തുടങ്ങിയവരുടെ മുഖവും ആഭരണങ്ങളും ആയുധങ്ങളും ഉള്ളതാണ് ഭഗവാന്‍റെ വിശ്വരൂപം.

ജന്മനാ മരപ്പണിക്കാരനല്ലെങ്കിലും പാരമ്പര്യ ദാരു ശില്പിയാണ് മോഹനന്‍.

ഇപ്പോള്‍ ഗണപതിയുടെയും നടരാജന്‍റെയും മനോഹരമായ ദാരുശില്പങ്ങള്‍ പണിത് വച്ചിരിക്കുകയാണ്. ഗണപതിയുടെ ശില്പത്തിന് ഏതാണ്ട് മൂന്ന് ലക്ഷത്തോളം രൂപയാണ് വില. നടരാജ ശില്പത്തിന് രണ്ടര ലക്ഷവും.

ചക്കുളത്തമ്മയുടെ ശില്പങ്ങളും ഏറെ ചെയ്യുന്നുണ്ട്. ചെറിയ വിശ്വരൂപത്തിന്‍റെ പണി പൂര്‍ത്തിയായി.

മലേഷ്യന്‍ തേക്കാണ് പണിയ്ക്ക് ഉപയോഗിക്കുന്നത്. ഒരു ക്യൂബിക് അടി മരത്തിന്‍റെ വിലതന്നെവരും 1700 രൂപ. ശില്പമുണ്ടാക്കാന്‍ 40 ക്യൂബിക് അടി തടിയെങ്കിലും വേണം.

ഏഴെട്ടുമാസം നാലഞ്ചാളുകള്‍ പണിയെടുത്താലേ ശില്പം പണിയാനാവൂ. വളരെ സൂക്സ്മതയോടെ ചെയ്തില്ലെങ്കില്‍ വെറുതെയാവുക ലക്ഷക്കണക്കിന് രൂപയാണ്.

ഈയിടെ മോഹന്‍ പണിത ശ്രീകൃഷ്ണ ശില്പം പങ്കജകസ്തൂരിയിലെ ഡോ. ഹരീന്ദ്രനാഥന്‍നായര്‍ വാങ്ങി. വീട്ടിലാണ് വച്ചരിക്കുന്നത്. ദേവതാ ശില്പങ്ങളാണെങ്കിലും അവ വീട്ടിലും സ്വീകരണ മുറിയിലും വയ്ക്കാവുന്നതാണെന്ന് മോഹനന്‍ പറയുന്നു.

ഗണപതി, ധന്വന്തരി, ദുര്‍ഗാദേവി, നടരാജന്‍, രാധാകൃഷ്ണന്‍, ചെറിയ വിശ്വരൂപം തുടങ്ങി ഒട്ടേറെ ശില്പങ്ങള്‍ മോഹനനും സംഘവും പണിതു കഴിഞ്ഞു.

ശില്പിയായ തങ്കപ്പനാണ് മോഹനന്‍റെ ശില്പങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നത്. ഇതിനകം ഒട്ടേറെ ശില്പങ്ങള്‍ വിദേശത്തേയ്ക്ക് അയച്ചു കഴിഞ്ഞു. ഇപ്പോള്‍ പണിത് വച്ചിരിക്കുന്ന ഗണപതിയും നടരാജനും ഉടന്‍ തന്നെ വിദേശത്തേയ്ക്ക് കൊണ്ടുപോകും.

ദാരുശില്പങ്ങള്‍ മെനയുന്നവരുടെ തലമുറ നശിക്കുകയാണെന്ന് മോഹനന്‍ പരിതപിക്കുന്നു. ഈ പണി ചെയ്യാന്‍ ആരും മുന്നോട്ടു വരുന്നില്ല.
പതിനൊന്നാം വയസ്സിലാണ് മോഹനന്‍ ശില്പ നിര്‍മ്മാണത്തിനിറങ്ങിയത്. പത്തു കൊല്ലം പണി ചെയ്താലേ കൈത്തഴക്കവും പരിചയവും വരൂ. മൂന്നോ നാലോ രൂപയായിരുന്നു ദിവസക്കൂലി.

ജ്യേഷ്ഠന്‍ ശ്യാം കുമാറായിരുന്നു ഗുരു. ആദ്യമാദ്യം ആനക്കൊമ്പിലായിരുന്നു ശില്പങ്ങള്‍ ഉണ്ടാക്കിയിയത്. അതിന് നിയന്ത്രണം വന്നപ്പോഴാണ് മരത്തിലേക്ക് തിരിഞ്ഞത്.

കൃതഹസ്തനായ ശില്പിയാണ് മോഹനന്‍. അദ്ദേഹത്തിന്‍റെ കണ്ണും മനസ്സും മരത്തടിയില്‍ ശില്‍പരൂപങ്ങള്‍ അംശിച്ച് പണി തുടങ്ങുമ്പോള്‍ ശില്പങ്ങള്‍ കവിത പോലെ മനോഹരമായി മാറുന്നു.

തിരുവനന്തപുരത്തെ ശ്രീവരാഹം മുട്ടത്തറ ആശാ നഗറിലെ 60-ാം നമ്പര്‍ വീടാണ് മോഹനന്‍റെ പണിപ്പുര. 0471--. 2506808 എന്ന വിലാസത്തില്‍ മോഹനനുമായും 0471--- 2461146 എന്ന വിലാസത്തില്‍ തങ്കപ്പനുമായും ബന്ധപ്പെടാം.

വെബ്ദുനിയ വായിക്കുക