Thuramukham Review:കാത്തിരിപ്പ് വെറുതെ ആയില്ല, നിവിന്‍ പോളിയുടെ 'തുറമുഖം' റിവ്യൂ

കെ ആര്‍ അനൂപ്
വെള്ളി, 10 മാര്‍ച്ച് 2023 (14:43 IST)
ഒരുപാട് നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ എത്തിയ രാജീവ് രവി ചിത്രമാണ് തുറമുഖം. നിവിന്‍ പോളി, അര്‍ജുന്‍ അശോകന്‍, ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയ താരനിര അണിനിരക്കുന്ന ഹിസ്റ്റോറിക്കല്‍ പീരീഡ് ഡ്രാമ രചിച്ചിരിക്കുന്നത് ഗോപന്‍ ചിദംബരനാണ്.മിനി സ്റ്റുഡിയോയുടെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിച്ച ചിത്രം തിയറ്ററുകളില്‍ എത്തിച്ചത് ലിസ്റ്റിന്‍ സ്റ്റീഫനാണ്. തിയേറ്ററുകളില്‍ ചെന്ന് കാണാവുന്ന നല്ല സിനിമ അനുഭവം തരുന്ന ചിത്രം തന്നെയാണ് തുറമുഖം എന്ന് ഒറ്റവാക്കില്‍ പറയാം. സിനിമ എടുത്ത രീതി കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ഈ രാജീവ് രവി ചിത്രം പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടും.
1940-50 കാലങ്ങളിലെ കൊച്ചി തുറമുഖത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമ ആദ്യത്തെ കുറച്ചുനേരം ആ കാലത്തേക്ക് തിരികെ കൊണ്ടുപോകുന്നതുപോലെ ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് തുടങ്ങിയത്. സംവിധായകന്‍ തന്നെ ഛായാഗ്രഹനായി മാറുമ്പോള്‍ ഉള്ള ഗുണം സിനിമയ്ക്ക് കിട്ടിയിട്ടുണ്ട്. റിയലിസ്റ്റിക് രീതിയിലാണ് രാജീവ് രവി കഥ പറയുന്നത്. രണ്ടാം പകുതിയിലെ സഹോദരന്മാര്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെ കുറിച്ചുള്ള സൂചന ആദ്യപകുതിയുടെ അവസാനം നല്‍കിക്കൊണ്ടാണ് ഇടവേള. ശക്തമായ തിരക്കഥയാണ് ഈ പീരീഡ് ഡ്രാമിയുടെ ശക്തി. ആദ്യ അവസാനം പ്രേക്ഷകനെ സിനിമയോട് ചേര്‍ത്തുനിര്‍ത്താനും ഒപ്പം കൊണ്ടുപോകുവാനും സംവിധായകനും തിരക്കഥാകൃത്തിനും ആയി.
അഭിനേതാക്കളുടെ മികച്ച പ്രകടനമാണ് എടുത്ത് പറയേണ്ട മറ്റൊരു കാര്യം. മട്ടാഞ്ചേരി മൊയ്ദുവായി നിവിന്‍ പോളി മാറി എന്നു വേണം പറയുവാന്‍.
 
 അര്‍ജുന്‍ അശോകന്‍,ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍,മണികണ്ഠന്‍ ആചാരി, സുദേവ് നായര്‍, നിമിഷാ സജയന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവര്‍ തങ്ങളുടെ മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു.
 
സംവിധാനത്തിന് പുറമേ ക്യാമറയ്ക്ക് പിന്നിലും രാജീവ് രവി തിളങ്ങി. സീരിയസായി കഥ മുന്നോട്ട് പോകുമ്പോഴും പ്രേക്ഷകരെ അലോസരപ്പെടുത്താതെ ഒഴുക്ക് ഉണ്ടാക്കുവാന്‍ ബി അജിത് കുമാറിന്റെ എഡിറ്റിങ്ങിന് സാധിച്ചു.
 
 
 
 
 
   
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article