ഒപ്പം: ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമ!

Webdunia
വ്യാഴം, 8 സെപ്‌റ്റംബര്‍ 2016 (18:30 IST)
പ്രിയദര്‍ശന്‍റെ പ്രതിഭ വറ്റിയെന്ന് ആഘോഷപൂര്‍വ്വം വിളിച്ചുപറഞ്ഞുനടന്നവര്‍ക്ക് ‘ഒപ്പം’ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലേക്ക് സ്വാഗതം. ചിത്രം കണ്ട് അമ്പരന്നിരിക്കുന്ന അവരുടെ മുഖം തന്നെയാകും പ്രിയദര്‍ശന്‍ അവര്‍ക്ക് നല്‍കുന്ന മറുപടി. ഈ ഓണക്കാലത്ത് പ്രിയദര്‍ശന്‍റെ ഗംഭീര വിരുന്നായി മാറുകയാണ് ഒപ്പം. മലയാള സിനിമയില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച അഞ്ച് ക്രൈം ത്രില്ലര്‍ സിനിമകള്‍ എടുത്താല്‍ ‘ഒപ്പം’ അതില്‍ ഇടം പിടിക്കുമെന്ന് ഉറപ്പ്. മലയാളിക്ക് ആഹ്ലാദവാര്‍ത്ത തന്നെയാണ്. അവര്‍ ഏറ്റവുമധികം സ്നേഹിക്കുന്ന മോഹന്‍ലാലും പ്രിയദര്‍ശനും ഫുള്‍ ഫോമില്‍ തിരിച്ചുവന്നിരിക്കുന്നു.
 
ഗീതാഞ്ജലി എന്ന പ്രിയന്‍ - ലാല്‍ ചിത്രം കണ്ടവര്‍ ഒരിക്കലും ഇങ്ങനെ ഒരു മടങ്ങിവരവ് ഈ ടീം നടത്തുമെന്ന് പ്രതീക്ഷിക്കില്ലെന്ന് വ്യക്തം. എന്നാല്‍ ഗീതാഞ്ജലിയില്‍ കണ്ട പ്രിയദര്‍ശനല്ല ഒപ്പത്തിലെ പ്രിയദര്‍ശന്‍. ആ ലാലുമല്ല. ഇത്രയും വ്യത്യസ്തമായ ഒരു ത്രില്ലര്‍ സമ്മാനിച്ചതിനും അത് ഇത്രയും മികച്ചതാക്കിയതിനും അവരെ അഭിനന്ദിക്കാം.
 
എന്താണ് ‘ഒപ്പം’ ?
 
ഈ പേരില്‍ തന്നെയുണ്ട് സിനിമ. അല്ലെങ്കില്‍ ഇത്ര ഭംഗിയായി ഒരു പേരും സിനിമയും യോജിച്ച് നില്‍ക്കുന്നതും അപൂര്‍വ്വം. അന്ധനായ നായകന് മുന്നില്‍ ഒരു കൊലപാതകം നടക്കുന്നു. നായകനൊപ്പം തന്നെയുണ്ട് കൊലയാളി‍. എന്നാല്‍ അയാളെ തിരിച്ചറിയാമെങ്കിലും ആര്‍ക്കും കാട്ടിക്കൊടുക്കാനോ കുറ്റവാളി അയാളാണെന്ന് ആരെയെങ്കിലും വിശ്വസിപ്പിക്കാനോ നായകന് കഴിയുന്നില്ല. യഥാര്‍ത്ഥത്തില്‍ ഈ സിനിമയില്‍ ഇതള്‍ വിരിയുന്നത് ഒരു മനുഷ്യന്‍റെ നിസഹായതയാണ്.

കൂടുതല്‍ നിരൂപണങ്ങള്‍ക്ക് ബുക്ക് മൈ ഷോയിലേക്ക്
 
കുറ്റവാളിക്കാണെങ്കില്‍ അന്ധനായ ജയരാമനെക്കൊണ്ട് ഒരു കാര്യസാധ്യവുമുണ്ട്. അയാള്‍ അതിനുവേണ്ടി ശ്രമിക്കുന്നു. ജയരാമനാകട്ടെ തന്‍റെ മനസിലുള്ളത് പ്രതിഫലിപ്പിക്കാന്‍ കഴിയാതെ നില്‍ക്കുകയും ചെയ്യുന്നു. ഓരോ നിമിഷവും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളിലൂടെ കഥ പറഞ്ഞുപോകുകയാണ് പ്രിയന്‍.
 
ദൃശ്യത്തിന് ശേഷം
 
മോഹന്‍ലാല്‍ ചിത്രങ്ങള്‍ പരാമര്‍ശിക്കുമ്പോള്‍ ഒരിക്കലും ഒഴിവാക്കാന്‍ കഴിയാത്ത ചിത്രമാണ് ദൃശ്യം. ആ സിനിമയ്ക്ക് ശേഷം ഇത്രയും പെര്‍ഫെക്ടായ ഒരു ത്രില്ലര്‍ വരുന്നത് ഇതാദ്യമാണ്. മാത്രമല്ല, ആ സിനിമയിലേതുപോലെ ചില ടെക്നിക്കുകളിലൂടെയാണ് മോഹന്‍ലാല്‍ ഒപ്പത്തിലും കുരുക്കഴിക്കാന്‍ ശ്രമിക്കുന്നത്. കാഴ്ചയില്ലാത്ത ജയരാമന് ശബ്ദമാണ് ആയുധം. ശബ്ദമാണ് അയാളെ നയിക്കുന്ന ദൈവം. ശബ്ദത്തിലൂടെയും ഗന്ധത്തിലൂടെയും ഒരു പ്രശ്നം വിദഗ്ധമായി സോള്‍വ് ചെയ്യുന്നതാണ് കഥയുടെ മര്‍മ്മം.
 
രാക്കിളിപ്പാട്ടോ ആര്യനോ അല്ല!
 
പ്രിയദര്‍ശന്‍ നര്‍മ്മത്തിന്‍റെ പാതവിട്ട് സഞ്ചരിച്ചപ്പോഴൊക്കെ വളരെ വ്യത്യസ്തമായ സിനിമകള്‍ ലഭിച്ചിരുന്നു. കാലാപാനി, ആര്യന്‍, രാക്കിളിപ്പാട്ട്, അഭിമന്യു, അദ്വൈതം, കാഞ്ചീവരം തുടങ്ങി മികച്ച കുറേ സിനിമകള്‍. അവയുടെ നിരയില്‍ ഒന്നാമത് നിര്‍ത്താം ഒപ്പം. ഗോവിന്ദ് വിജയന്‍റെ കഥയ്ക്ക് പ്രിയദര്‍ശന്‍ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ‘വെട്ടം’ എന്ന സിനിമയുടെ ഛായാഗ്രാഹകനായ ഏകാംബരമാണ് ഒപ്പം ക്യാമറയിലാക്കിയത്.
 
താരങ്ങള്‍, സംഗീതം
 
അനുശ്രീ, വിമലാരാമന്‍, നെടുമുടി വേണു, ഹരീഷ്, മാമുക്കോയ, അനുശ്രീ, ചെമ്പന്‍ വിനോദ്, രണ്‍ജി പണിക്കര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചെമ്പനും ഹരീഷിനും മാമുക്കോയയ്ക്കുമൊക്കെ ടെന്‍ഷന്‍ പിടിച്ച കഥാമുഹൂര്‍ത്തങ്ങള്‍ക്കിടയില്‍ അല്‍പ്പം കോമഡി നമ്പരുകള്‍ ചെലവാക്കാനായി. 
 
നാലുഗാനങ്ങള്‍ ഒപ്പത്തിലുണ്ട്. എങ്കിലും ഇതിനകം തന്നെ ഹിറ്റായ ‘മിനുങ്ങും മിന്നാമിനുങ്ങേ...’ എന്ന ഗാനം തന്നെ ഏറ്റവും മനോഹരം. പ്രിയനും മോഹന്‍ലാലിനുമൊപ്പം എം ജി ശ്രീകുമാറിന്‍റെ മടങ്ങിവരവ് കൂടി ആഘോഷിക്കുകയാണ് ഒപ്പം. 
 
റേറ്റിംഗ്: 4.5/5
Next Article