വികൃതി എന്ന സിനിമയ്ക്ക് ശേഷം എം സി ജോസഫ് ഒരുക്കുന്ന സിനിമ എന്ന നിലയില്‍ പല മലയാളി പ്രേക്ഷകരും കാത്തിരുന്ന സിനിമയാണ് മീശ. സാമൂഹ്യപ്രസക്തിയുള്ള വിഷയം ആദ്യ സിനിമയില്‍ ചര്‍ച്ച ചെയ്ത എം സി ജോസഫ് രണ്ടാമത്തെ സിനിമയിലും ഗൗരവകരമായ പ്രമേയമാണ് മുന്നോട്ട് വെയ്ക്കുന്നതെന്ന് സിനിമയുടെ ടീസറും ട്രെയ്ലറുമെല്ലാം സൂചന നല്‍കിയിരുന്നു. കാടിനെ പശ്ചാത്തലമാക്കി പുരുഷസൗഹൃദത്തിന്റെയും ആഴമുള്ള രാഷ്ട്രീയസംവാദങ്ങളുടെയും കുരുക്കഴിക്കുമ്പോള്‍ മീശ അടുത്തിടെ ഇറങ്ങിയ സിനിമകളില്‍ പ്രമേയം കൊണ്ടും അവതരണം കൊണ്ട് മികച്ച് നില്‍ക്കുന്ന സിനിമയായി മാറുന്നുണ്ട്. മലയാളികള്‍ക്ക് പ്രിയങ്കരനായ പരിയേറും പെരുമാള്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ കതിര്‍, ഷൈന്‍ ടോം ചാക്കോ, ഹക്കീം ഷാ, ശ്രീകാന്ത് മുരളി,സുധീ കോപ്പ, ജിയോ ബേബി എന്നിങ്ങനെ ശക്തമായ അഭിനയനിരയാണ് സിനിമയ്ക്കുള്ളത്.