Dominic and The Ladies Purse Review: അതിശയിപ്പിക്കാതെ 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്', പിടിച്ചുനിര്‍ത്തിയത് മമ്മൂട്ടിയുടെ പെര്‍ഫോമന്‍സ് !

Nelvin Gok

വ്യാഴം, 23 ജനുവരി 2025 (14:18 IST)
Dominic and The Ladies Purse Review: ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ പ്രേക്ഷകരെ ഹൂക്ക് ചെയ്യണമെങ്കില്‍ നിര്‍ബന്ധമായും വേണ്ടത് കുരുക്കുകള്‍ ഓരോന്നായി അഴിക്കുമ്പോള്‍ ലഭിക്കുന്ന 'കണ്‍വിന്‍സിങ്' കിക്കാണ്. ത്രില്ലര്‍ ഴോണറുകള്‍ ഇഷ്ടപ്പെടുന്ന ഒരു പ്രേക്ഷകന്‍ രണ്ട് രണ്ടര മണിക്കൂര്‍ തിയറ്റര്‍ സ്‌ക്രീനിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്നത് ഇന്‍വസ്റ്റിഗേഷനിലെ കണ്‍വിന്‍സിങ് എലമെന്റിലാണ്. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്' പരാജയപ്പെടുന്നതും അവിടെയാണ്. ഒരു സീറ്റ് എഡ്ജ് ത്രില്ലറല്ലെന്ന് സംവിധായകന്‍ തുടക്കം മുതലേ പറയുന്നുണ്ടെങ്കിലും സെക്കന്റ് ഹാഫിനെ പൂര്‍ണമായി ത്രില്ലര്‍ ശൈലിയിലാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ നേരത്തെ പറഞ്ഞ 'കണ്‍വിന്‍സിങ്' എലമെന്റ് പ്രേക്ഷകര്‍ പ്രതീക്ഷിക്കും. 
 
പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ട സി.ഐ.ഡൊമിനിക് സ്വന്തമായി നടത്തുന്ന ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ഏജന്‍സിയിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. ഡൊമിനിക്കിന്റെ (മമ്മൂട്ടി) സഹായിയായി വിക്കി (ഗോകുല്‍ സുരേഷ്) എത്തുന്നു. പൊലീസില്‍ ആയിരുന്നപ്പോള്‍ വളരെ സമര്‍ത്ഥനായ, കേസന്വേഷണത്തില്‍ ഉത്സാഹമുള്ള ഓഫീസറായിരുന്നു ഡൊമിനിക്കെന്ന് സിനിമ പറഞ്ഞുവയ്ക്കുന്നു. പ്രൈവറ്റ് ഡിറ്റക്ടീവ് ആകുന്നതും പൊലീസ് ജോലിയോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടാണ്. ഷെര്‍ലക് ഹോംസ് കഥകളിലെ പോലെ വളരെ രസകരമായാണ് മമ്മൂട്ടിയുടെ ഡൊമിനിക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അല്‍പ്പം സ്വയം പൊങ്ങിയാണെങ്കിലും ഡൊമിനിക് ഒരു സ്മാര്‍ട്ടായ, ശാസ്ത്രീയമായി കേസന്വേഷണം നടത്തുന്ന ഡിറ്റക്ടീവ് ആണ്. ഈ കഥാപാത്രത്തിന്റെ വിവിധ ഷെയ്ഡുകളെ മമ്മൂട്ടി മികച്ചതാക്കി. തട്ടിക്കൂട്ട് കേസുകളൊക്കെ ഡീല്‍ ചെയ്തു നടക്കുന്ന ഡൊമിനിക്കിന്റെ ഡിറ്റക്ടീവ് ഏജന്‍സിയിലേക്ക് ഒരു 'ലേഡീസ് പേഴ്‌സ്' കടന്നുവരുന്നു. ഈ പേഴ്‌സിന്റെ ഉടമയെ കണ്ടെത്തുകയാണ് ഡൊമാനിക്കിന്റെ ജോലി. എന്നാല്‍ പേഴ്‌സിന്റെ ഉടമയെ തേടിപോകുന്നത് കേസ് കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. അവിടുന്നങ്ങോട്ട് പൂര്‍ണമായും ഒരു ഇന്‍വസ്റ്റിഗേഷന്‍ മൂഡിലേക്ക് സിനിമ മാറുന്നു. 
 
സിനിമയുടെ ഏറ്റവും വലിയ പോരായ്മയായി തോന്നിയത് തിരക്കഥയാണ്. പ്രേക്ഷകരെ പൂര്‍ണമായി എന്‍ഗേജ് ചെയ്യിപ്പിക്കാന്‍ തിരക്കഥയ്ക്കു സാധിച്ചിട്ടില്ല. ഒരു ത്രില്ലറിനു വേണ്ട 'അപ്രവചനീയത' നിലനിര്‍ത്തുന്നതിലോ അന്വേഷണത്തെ 'കണ്‍വിന്‍സിങ്' ആക്കുന്നതിലോ തിരക്കഥ പൂര്‍ണമായി വിജയിച്ചിട്ടില്ല. ഡൊമിനിക് എന്ന കഥാപാത്രം ഡിമാന്‍ഡ് ചെയ്യാത്ത ചില കാര്യങ്ങള്‍ മമ്മൂട്ടി എന്ന കഥാപാത്രത്തെ ബൂസ്റ്റ് ചെയ്യാന്‍ വേണ്ടി തിരക്കഥയില്‍ ഉള്‍ക്കൊള്ളിച്ചതായി തോന്നി. അത് ഒഴിവാക്കാമായിരുന്നു. ഗൗതം വാസുദേവ് മേനോന്റെ സംവിധാനവും ശരാശരിയില്‍ ഒതുങ്ങി. ദര്‍ബുക ശിവയുടെ സംഗീതവും ചിലയിടങ്ങളില്‍ കല്ലുകടിയായിരുന്നു. 
 
ഡൊമിനിക് എന്ന കഥാപാത്രത്തിനു മമ്മൂട്ടി നല്‍കിയ എനര്‍ജിയും മാനറിസങ്ങളുമാണ് ഒരുപരിധിവരെ സിനിമയെ പൂര്‍ണമായി വീഴാതെ പിടിച്ചുനിര്‍ത്തിയത്. 40 വര്‍ഷത്തെ സിനിമ കരിയറില്‍ ഒട്ടേറെ ഇന്‍വസ്റ്റിഗേഷന്‍ ഓഫീസര്‍ കഥാപാത്രങ്ങള്‍ മമ്മൂട്ടി ചെയ്തിട്ടുണ്ടെങ്കിലും അതിനോടൊന്നും ഡൊമാനിക്കിനു സാമ്യമുണ്ടാകാതിരിക്കാന്‍ മമ്മൂട്ടി പരമാവധി ശ്രമിച്ചിട്ടുണ്ട്. ഗോകുലുമായുള്ള മമ്മൂട്ടിയുടെ കോംബിനേഷന്‍ സീനുകളും മികച്ചതായിരുന്നു. ക്ലൈമാക്‌സിലെ ഒഴിച്ച് മറ്റെല്ലാ ഫൈറ്റ് രംഗങ്ങളും സിനിമയുടെ പോസിറ്റീവ് ഘടകമാണ്. 
 
Rating: 2/5 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍