‘വേട്ട’ അസാധാരണ സിനിമ, ചാക്കോച്ചന്‍റെ ഏറ്റവും നല്ല ചിത്രം, മഞ്ജു വാര്യര്‍ വിസ്മയിപ്പിക്കുന്നു!

Webdunia
ശനി, 27 ഫെബ്രുവരി 2016 (19:27 IST)
ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രത്തില്‍ നിന്ന് രാജേഷ് പിള്ള എന്ന സംവിധായകന്‍ ട്രാഫിക്ക് എന്ന ചിത്രത്തിലേക്കെത്തുമ്പോള്‍ ഒരുപാട് വളര്‍ന്നിരുന്നു. ട്രാഫിക്കില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു മിലി. അതില്‍ നിന്നൊക്കെ വേറിട്ട് നില്‍ക്കുകയാണ് ‘വേട്ട’. ഒരു മികച്ച ചലച്ചിത്രാനുഭവം എന്ന നിലയില്‍ അഞ്ചില്‍ നാലുമാര്‍ക്കിന് അര്‍ഹതയുണ്ട് ഈ സൈക്കോളജിക്കല്‍ ത്രില്ലറിന്.
 
‘വേട്ട’ എന്ന പേരില്‍ തന്നെ തുടങ്ങുന്ന ദുരൂഹത ചിത്രത്തിന്‍റെ കഥയിലുമുണ്ട്, കഥാപാത്രങ്ങളിലുമുണ്ട്. കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, സന്ധ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു കുറ്റാന്വേഷണം എങ്ങനെ അന്വേഷണോദ്യോഗസ്ഥരുടെ വ്യക്തിജീവിതത്തെപ്പോലും ബാധിക്കുന്നു എന്നാണ് ചിത്രം കാണിച്ചുതരുന്നത്.
 
ആദ്യപകുതി ഗംഭീരമാണെങ്കിലും എന്താണ് സംഭവിക്കുന്നത് എന്ന ബോധ്യം പ്രേക്ഷകന് ഇല്ലാതെ പോകുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം ലഭിക്കുന്നുണ്ട്. വളരെ മികച്ച ഒരു തിരക്കഥയുടെ പിന്‍‌ബലത്തോടെ അസാധാരണമായ ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ സൃഷ്ടിക്കുന്നതില്‍ രാജേഷ് പിള്ള നൂറുശതമാനവും വിജയിച്ചിരിക്കുന്നു.

കൂടുതല്‍ നിരൂപണങ്ങള്‍ക്ക് ബുക്ക് മൈ ഷോയിലേക്ക്
 
മെല്‍‌വിന്‍ എന്ന കഥാപാത്രമായാണ് ചാക്കോച്ചന്‍ വരുന്നത്. അദ്ദേഹത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രവും ഏറ്റവും മികച്ച പ്രകടനവുമാണ് വേട്ടയിലേത്. ദുരൂഹമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അഭിനയത്തില്‍ കാണിക്കേണ്ട മിതത്വവും മിതത്വമില്ലായ്മയും ചാക്കോച്ചന്‍ പ്രകടിപ്പിക്കുന്നുണ്ട്. മുമ്പ് ഇത്തരമൊരു പ്രകടനം മോഹന്‍ലാലിലാണ് നമ്മള്‍ കണ്ടിട്ടുള്ളത്, ഭ്രമരം എന്ന ചിത്രത്തില്‍.
 
ശ്രീബാല ഐ പി എസ് എന്ന കഥാപാത്രത്തെ മഞ്ജു വാര്യര്‍ ഗംഭീരമാക്കി. അവരുടെ ആദ്യത്തെ പൊലീസ് കഥാപാത്രമാണ്. എങ്കിലും ഒരു പൊലീസുകാരിയുടെ ശരീരഭാഷ സൂക്ഷിക്കുകയും ഒരു കുടുംബിനിയുടെ മനസ് കൊണ്ടുനടക്കുകയും ചെയ്യുന്ന അസാധാരണ തലങ്ങളുള്ള കഥാപാത്രമായി മഞ്ജു മിന്നിത്തിളങ്ങി.
 
പൊലീസ് കഥാപാത്രങ്ങളില്‍ എന്നും തിളങ്ങാറുള്ള ഇന്ദ്രജിത്ത് ഇത്തവണയും അത് ആവര്‍ത്തിച്ചു. എ സി പി സൈലക്സ് ഏബ്രഹാം എന്ന കഥാപാത്രമായി ഗംഭീര പ്രകടനത്തിലൂടെയാണ് ഇന്ദ്രന്‍ പ്രേക്ഷകരുടെ മനസുകവരുന്നത്. ശ്രീബാലയുടെയും സൈലക്സിന്‍റെയും മെല്‍‌വിന്‍റെയും ജീവിതത്തില്‍ ഒരു കേസുണ്ടാക്കുന്ന അതിസങ്കീര്‍ണമായ പ്രശ്നങ്ങളുടെ ചലച്ചിത്രാവിഷ്കാരമാണ് വേട്ട.
 
മെല്‍‌വിന്‍റെ ഭാര്യ ഷെറിനായി സന്ധ്യയും ഉമ സത്യമൂര്‍ത്തി എന്ന സെലിബ്രിറ്റിയായി സനൂഷയും എത്തുന്നു. ഒരു അസാധാരണ കഥയെ അതിന്‍റെ എല്ലാ മിഴിവോടും കൂടി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ ഷാന്‍ റഹ്‌മാന്‍ നല്‍കിയ പശ്ചാത്തല സംഗീതം വലിയ സ്ഥാനം വഹിക്കുന്നുണ്ട്. പ്രേക്ഷകരെ ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ബാക്ക് ഗ്രൌണ്ട് സ്കോറാണ് ചിത്രത്തിന്‍റേത്. 
 
അരുണ്‍ലാല്‍ രാമചന്ദ്രന്‍റെ തിരക്കഥ ഒന്നാന്തരമാണ്. അത് നന്നായി എക്സിക്യൂട്ട് ചെയ്യുകയും ചെയ്തിരിക്കുന്നു. അനീഷ് ലാലിന്‍റെ ഛായാഗ്രഹണമാണ് എടുത്തുപറയേണ്ട മറ്റൊരു ഘടകം. വികാരവിക്ഷോഭം നിറഞ്ഞ കഥാസന്ദര്‍ഭങ്ങളിലൂടെ സിനിമ നീങ്ങുമ്പോള്‍ പ്രേക്ഷകരെ ഒപ്പം നടത്താന്‍ ഛായാഗ്രാഹകന് കഴിഞ്ഞിരിക്കുന്നു. 
 
റേറ്റിംഗ്: 4/5