‘പുതിയ മുഖ’വുമായി പൃഥ്വി തകര്‍ത്തു

ശനി, 25 ജൂലൈ 2009 (12:02 IST)
PROPRO
സിനിമയില്‍ വന്ന് ഏഴ് വര്‍ഷത്തിനുള്ളില്‍ നാല്‍‌പ്പത്തിയേഴ് സിനിമകള്‍. നിലവില്‍ കോള്‍ ഷീറ്റ് നല്‍‌കിയിരിക്കുന്നത് ഇരുപത്തിരണ്ടോളം സിനിമകള്‍ക്ക്. കന്നഡയൊഴികെ മറ്റെല്ലാ ദക്ഷിണേന്ത്യന്‍ സിനിമകളിലെയും താരസാന്നിധ്യം. ഈ റെക്കോര്‍ഡ് കരസ്ഥമാക്കിയ ഒരാളേ ഉള്ളൂ, മലയാള സിനിമയില്‍ - പൃഥ്വിരാജ്. ഏറെ ദൈവാനുഗ്രഹം ലഭിച്ചിട്ടുള്ള ഈ യുവതാരത്തിന് വന്‍ ബ്രേക്കാവുകയാണ് പുതുമുഖ സംവിധായകന്‍ ദീപന്റെ ‘പുതിയ മുഖം’.

കണ്ടുമറന്ന പല സിനിമകളെയും ‘പുതിയ മുഖം’ ഓര്‍മിപ്പിച്ചേക്കുമെങ്കിലും നല്ല തിരക്കഥയും പുതുമയുള്ള സംവിധാനവും പാകതയുള്ള അഭിനയവും ഗംഭീര ആക്ഷന്‍ രംഗങ്ങളും ഈ സിനിമയെ രസികന്‍ എന്റര്‍‌ടെയിനറാക്കുന്നു. കല്‍‌പ്പാത്തി അഗ്രഹാരത്തിലെ ‘അയ്യോ പാവം’ കിച്ചുവെന്ന കൃഷ്ണകുമാറായാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ‘പാവം കിച്ചു’ കിടിലന്‍ ഗുണ്ടയായി മാറുന്ന കഥ ഒട്ടും ബോറടിപ്പിക്കാതെ ഈ സിനിമ പറയുന്നു.

കല്‍‌പ്പാത്തിയിലെ അഗ്രഹാരത്തില്‍ കൊച്ചുകുട്ടികള്‍ക്ക് മൃദംഗം അഭ്യസിപ്പിക്കുന്ന കിച്ചുവിന് ഒരു കാമുകിയുണ്ട്, ശ്രീദേവി (മീരാ നന്ദന്‍). ജീവിതത്തില്‍ പലതും നേടണം എന്ന് ആഗ്രഹമുള്ള കിച്ചു, എഞ്ചിനീയറിംഗ് പഠനത്തിനായി കൊച്ചിയിലെത്തുന്നു. കിച്ചുവിന്റെ പാവത്തരം ക്ലാസിലെ കുട്ടികളെ ആകര്‍ഷിക്കുന്നു. ഒപ്പം പഠിക്കുന്ന അഞ്ജനക്കാവട്ടെ, കിച്ചുവില്ലെങ്കില്‍ (പ്രിയാമണി) ഊണ് ഇറങ്ങാത്ത അവസ്ഥ.

കിച്ചുവിന്റെ ജനപ്രീതിയും അഞ്ജനയോടുള്ള അടുപ്പവും സുധിയെന്ന (ബാല) സീനിയര്‍ വിദ്യാര്‍ത്ഥിയെ കോപാകുലനാക്കുന്നു. കിച്ചുവിനെ ഒതുക്കാന്‍ ക്രിമിനലായ സുധിയും കൂട്ടുകാരും കച്ചകെട്ടുന്നു. സുധിയും കൂട്ടുകാരും ചേര്‍ന്ന് കിച്ചുവിനെ തല്ലിച്ചതക്കുമ്പോള്‍ ഒരത്ഭുതം സംഭവിക്കുന്നു. പണ്ട്‌ തന്റെ അനിയന്റെ ദാരുണമരത്തിന്‌ ദൃക്‌സാക്ഷിയായപ്പോള്‍ മനസിനുണ്ടായ ആഘാതം വീണ്ടും കിച്ചുവിന്റെ ഓര്‍മകളില്‍ ഉണരുകയാണ്. പിന്നെ നാം കാണുക, കിച്ചുവിന്റെ ‘പുതിയ മുഖം’ ആണ്. പുതിയ മുഖം കിച്ചിവിന്റെ ജീവിതം മാറ്റിമറിക്കുന്നത് എങ്ങനെയാണെന്നാണ് സിനിമയുടെ ബാക്കി.

അടുത്ത കാലത്ത് പൃഥ്വിരാജിന് ലഭിച്ചിരിക്കുന്ന വേഷങ്ങള്‍ ഏറ്റവും മികച്ചതാണ് ‘പുതിയ മുഖ’ത്തിലെ നായകവേഷം. കല്‍‌പ്പാത്തി പട്ടരുടെ പാവത്തവും ഗുണ്ടയുടെ ശൌര്യവും പൃഥിരാജിന് നന്നായി വഴങ്ങി. സംഘട്ടന രംഗങ്ങളില്‍ പൃഥ്വിരാജ് കാഴ്ചവച്ചിരിക്കുന്നത് അസൂയാവഹമായ പ്രകടനമാണ്. ഈ ചിത്രത്തോടെ യുവതലമുറ പൃഥ്വിരാജിനെ ‘ആക്ഷന്‍ കിംഗ്’ ആയി പ്രഖ്യാപിച്ചേക്കും.

ദയാദാക്ഷിണ്യം ഇല്ലാത്ത സുധിയെന്ന ക്രിമിനലിനെ അഭിനയിച്ച് ഫലിപ്പിക്കുന്നതില്‍ ബാല വിജയിച്ചിരിക്കുന്നു. മീരാ നന്ദനും പ്രിയാമണിയും അവരുടെ റോളുകള്‍ മികച്ചതാക്കി. ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, ജഗദീഷ്, സായ്കുമാര്‍, ഷമ്മിതിലകന്‍, വിജയരാഘവന്‍, സുധീഷ്, വിഷ്ണുപ്രിയന്‍, ഉണ്ടപക്രു, സുരാജ് വെഞ്ഞാറമ്മൂട്, കലാശാല ബാബു, മണിയന്‍പിള്ള രാജു, മനുരാജ്, സോനാ നായര്‍, ശോഭാ മോഹന്‍, അംബിക മോഹന്‍, സീമാജി നായര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ഗംഭീര ക്യാമറാ വര്‍ക്കും പുതിയ മുഖത്തിന്റെ മാറ്റ് കൂട്ടുന്നു. എം.സിന്ധുരാജാണ്‌ പുതിയ മുഖത്തിന്റെ തിരക്കഥാകൃത്ത്‌. ഭരണി കെ. ധരന്‍ ക്യാമറ കൈകാര്യം ചെയ്തപ്പോള്‍, അനല്‍ അരശാണ് സ്റ്റണ്ട് രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ടൈറ്റില്‍ സോംഗ് പാടിയിരിക്കുന്നത് പൃഥ്വിരാജ് തന്നെയാണ്. ഈ ഗാനം ഇപ്പോള്‍ തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതാണ്.

വെബ്ദുനിയ വായിക്കുക