സെക്കന്‍റ് ഷോ. പടത്തിന്‍റെ പേരിന് വലിയ സ്റ്റൈല്‍ ഇല്ല. അതിപ്പോ ‘ബ്യൂട്ടിഫുള്‍’ എന്ന പേരിന് എന്താ പ്രത്യേകത? എന്നാല്‍ പടം തകര്‍ത്തില്ലേ? എന്തായാലും ‘സെക്കന്‍റ് ഷോ’ തിയേറ്ററുകളിലെത്തിയിരിക്കുന്നു. എന്താ ആദ്യ റിപ്പോര്‍ട്ട്? ‘കൊള്ളാം’ എന്നുതന്നെ.
കൊള്ളാം എന്നുപറഞ്ഞാല്‍? ‘കൊള്ളാം’ എന്നുപറഞ്ഞാല്‍, കണ്ടിരിക്കാം, പുതുമുഖങ്ങളുടെ ഒരു ശ്രമം എന്ന നിലയില്‍ നന്നായിരിക്കുന്നു. നായകനായി ദുല്‍ക്കര്‍ സല്‍മാന്‍. കഥാപാത്രത്തിന്‍റെ പേര് ലാലു. സി സി പിടിത്തം, മണല്‍ കടത്ത്, കഞ്ചാവ് വില്‍പ്പന - അങ്ങനെ കുറെ ‘ബിസിനസ്’ ഒക്കെയാണ് ലാലുവിനും കൂട്ടുകാര്‍ക്കും. ദുല്‍ക്കറിന്‍റെ ശബ്ദം ഗംഭീരം. മമ്മൂട്ടി, ബിജുമേനോന്‍ ഗണത്തിലേക്ക് കൂട്ടാം ഈ ശബ്ദവും.
ഈ പടം ഏതു ഗണത്തില്‍ പെട്ടതാണ്? കോമഡിയാണോ? ആക്ഷനാണോ? ത്രില്ലറാണോ? ചോദ്യങ്ങള്‍ ഒരുപാടുണ്ടെങ്കില്‍ ഒരു ഉദാഹരണം തരാം - നമ്മുടെ ‘സുബ്രഹ്‌മണ്യപുരം’ കണ്ടിട്ടുണ്ടോ? ഏതാണ്ട് അതേ പശ്ചാത്തലം. അപ്പോ ആ ഗണത്തില്‍ പെടുത്താം. എന്നാല്‍ ആവശ്യത്തിന് കോമഡിയുണ്ട്. നായികയോ? പുതുമുഖമാണ്. സുബ്രഹ്‌മണ്യപുരത്തിലെ നായികയെപ്പോലെ ഉണ്ടക്കണ്ണുകളുള്ള നായിക തന്നെ. അഭിനയിക്കാന്‍ കാര്യമായൊന്നുമില്ല. നായികാപ്രാധാന്യം തീരെയില്ലെന്നു പറയാം.
ആദ്യ പകുതി ഒ കെയാണ്. ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന നായകന്‍ കഥ പറയുന്ന രീതിയിലാണ് ആഖ്യാനം. ആദ്യ പകുതി നന്നായിരുന്നു. രണ്ടാം പകുതിയോ?
രണ്ടാം പകുതി എങ്ങനെ? അടുത്ത പേജില്‍ കാണാം
PRO
ആദ്യ പകുതി നിലവാരം പുലര്‍ത്തിയെങ്കില്‍ രണ്ടാം പകുതിയില്‍ കളി കൈവിട്ടുപോകുന്നതാണ് കാണാന്‍ കഴിയുന്നത്. ക്ലൈമാക്സ് ശരാശരിയിലും താഴെ മാത്രം. എങ്കിലും ഈ സിനിമ റെക്കമെന്‍റ് ചെയ്യാം. ചാപ്പാ കുരിശ് നമ്മള്‍ കണ്ടില്ലേ? ഈ സിനിമയെയും അതുപോലെ ട്രീറ്റ് ചെയ്യേണ്ടത് നല്ല സിനിമകള്‍ കടന്നുവരുന്നതിനുള്ള പാതയൊരുക്കലാവും.
ദുല്‍ക്കര്‍ സല്‍മാന്‍ തന്നെയാണ് ചിത്രത്തില്‍ സ്കോര്‍ ചെയ്തത്. പിന്നെ ബാബുരാജ്. വളരെക്കുറച്ചേയുള്ളെങ്കിലും കിടുക്കിക്കളഞ്ഞു. വേറെ ഒരാള്‍ കൂടിയുണ്ട്. ‘കുരുടി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍. കക്ഷിക്ക് ഭാവിയുണ്ട്.
ഗാനങ്ങളൊന്നും വല്യ ഗുണമില്ല. ക്യാമറ തീരെ പോരാ. കലാസംവിധാനം, എഡിറ്റിംഗ്, ബി ജി എം ഒക്കെ നന്നായിട്ടുണ്ട്. എന്തായാലും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍റെ അടുത്ത പടത്തിനായി കാത്തിരിക്കാം. കക്ഷി പുത്തന്‍ ചിന്തകളുള്ള ആളാണെന്ന് വ്യക്തം. ‘സീരിയല്‍ കണ്ണീര്‍’ കഥകളില്‍ നിന്നുള്ള മോചനമാകും ഇത്തരം പരീക്ഷണങ്ങള്‍.