സി‌ഐ‌എ: ദുല്‍ക്കറിന്‍റെ തകര്‍പ്പന്‍ സിനിമ, അമല്‍ നീരദിന്‍റെ ഗംഭീര മേക്കിംഗ് - യാത്രി ജെസെന്‍റെ നിരൂപണം!

വെള്ളി, 5 മെയ് 2017 (16:19 IST)
അമല്‍ നീരദിന്‍റെ സിനിമകളുടെ പ്രത്യേകത ആ സിനിമകള്‍ അതിഗംഭീരമായി നമ്മുടെ മുന്‍‌വിധികളെ ഞെരിച്ചുപൊടിച്ചുകളയുന്നു എന്നതാണ്. ബിഗ്ബി പ്രതീക്ഷിച്ച് അന്‍‌വറോ, അന്‍‌വര്‍ മനസിലിട്ടുകൊണ്ട് ബാച്ച്‌ലര്‍ പാര്‍ട്ടിയോ, ബാച്ച്‌ലര്‍ പാര്‍ട്ടിയാണെന്നുകരുതി ഇയ്യോബിന്‍റെ പുസ്തകമോ കാണാനാവില്ല. അതെല്ലാം വ്യത്യസ്തമായ തുരുത്തുകളായിരുന്നു. കോമ്രേഡ് ഇന്‍ അമേരിക്ക(സി ഐ എ) എന്ന അമല്‍ ചിത്രവും അദ്ദേഹത്തിന്‍റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തം. 
 
‘കുള്ളന്‍റെ ഭാര്യ’ എന്ന ലഘുചിത്രത്തിന് ശേഷം ദുല്‍ക്കര്‍ സല്‍മാന്‍റെയും അമല്‍ നീരദിന്‍റെയും ഒത്തുചേരലില്‍ രാഷ്ട്രീയവും പ്രണയവും യാത്രയുമാണ് വിഷയമാക്കുന്നത്. വ്യത്യസ്തമായ പാതകളിലൂടെയുള്ള സബ്ജക്ടിന്‍റെ ഈ സഞ്ചാരം പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമാണ്.
 
അജി മാത്യൂസ് എന്ന കമ്യൂണിസ്റ്റുകാരന്‍ നായകനാണ് ദുല്‍ക്കര്‍ ഈ സിനിമയില്‍. അജി മാത്യുവിന്‍റെ പിതാവ് മാത്യൂസ്(സിദ്ദിക്ക്) ആകട്ടെ കേരള കോണ്‍ഗ്രസ് നേതാവും. രാഷ്ട്രീയവും തമാശയും നിറഞ്ഞ ആദ്യപകുതിയില്‍ നിന്ന് പ്രണയം തേടിയുള്ള രണ്ടാം പകുതിയിലേക്കുള്ള സ്വാഭാവികവും എന്നാല്‍ സംഘര്‍ഷാത്മകവുമായ പരിണാമമാണ് സി ഐ എ.
 
വളര്‍ന്നുവരുന്ന താരമൂല്യത്തിന് ചേരുന്ന കിടിലന്‍ ഇന്‍‌ട്രൊയാണ് ഈ സിനിമയില്‍ ദുല്‍ക്കറിന് നല്‍കിയിരിക്കുന്നത്. ലാളിത്യവും സ്റ്റൈലും സമന്വയിപ്പിച്ചാണ് ഇത്തവണ അമല്‍ നീരദ് പടം ചെയ്തിരിക്കുന്നത്. രണദിവെയുടെ ക്യാമറ അത്യുഗ്രന്‍.
 
ഗോപി സുന്ദറാണ് സംഗീതവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. മികച്ച റിസള്‍ട്ടാണ് ഗോപി നല്‍കിയിരിക്കുന്നത്. സിദ്ദിക്ക്, ദിലീഷ് പോത്തന്‍, സൌബിന്‍ എന്നിവരും ദുല്‍ക്കറിനൊപ്പം തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു.
 
റേറ്റിംഗ്: 3/5

വെബ്ദുനിയ വായിക്കുക