വീണ്ടും നല്ല സിനിമയുടെ പൂക്കാലം - നിദ്ര, ഈ അടുത്ത കാലത്ത്

ശനി, 25 ഫെബ്രുവരി 2012 (17:30 IST)
PRO
ഈ വര്‍ഷം ഫെബ്രുവരി 15 വരെയുള്ള റിലീസുകളില്‍ തൃപ്തി നല്‍കിയത് ‘സെക്കന്‍റ് ഷോ’ മാത്രമാണ്. ഒരു പുതുമയുള്ള ചിത്രമായിരുന്നു അത്. ബ്ലാക്ക് ഹ്യൂമര്‍ നന്നായി ഉപയോഗിച്ചു. ശ്രീനിവാസന്‍റെ സിനിമകളിലേതുപോലെയുള്ള പരിഹാസം ഒരു ആക്ഷന്‍ സിനിമയിലൂടെ എങ്ങനെ കാണിക്കാം എന്നാണ് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ ശ്രമിച്ചത്. എന്തായാലും അത് വിജയിച്ചു.

കാസനോവയും സ്പാനിഷ് മസാലയും വലിയ പ്രതീക്ഷയുണര്‍ത്തി നിരാശ സമ്മാനിച്ചപ്പോള്‍ ഈ വര്‍ഷം നഷ്ടക്കണക്കുകള്‍ മാത്രം പറയുമെന്ന് കരുതി. എന്നാല്‍ മലയാള സിനിമ വീണ്ടും കുതിക്കാനൊരുങ്ങുകയാണ്. രണ്ട് മികച്ച സിനിമകളാണ് വെള്ളിയാഴ്ച റിലീസായത്.

സിദ്ദാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ‘നിദ്ര’യും അരുണ്‍കുമാര്‍ ആനന്ദ് സംവിധാനം ചെയ്ത ‘ഈ അടുത്തകാലത്ത്’ എന്ന ത്രില്ലറും. എന്താണ് ഈ സിനിമയുടെ വിശേഷങ്ങള്‍.. അറിയേണ്ടേ?... അടുത്ത പേജില്‍ വായിക്കുക.

അടുത്ത പേജില്‍ - പ്രണയത്തിന്‍റെ നിദ്ര

PRO
ഭ്രാന്തിനും ജീവിതത്തിനുമിടയിലെ അതിര്‍വരമ്പിലൂടെ സഞ്ചരിക്കുന്ന യുവാവിന്‍റെയും അവന്‍റെ ഭാര്യയുടെയും കഥയാണ് നിദ്ര. വര്‍ഷങ്ങള്‍ക്കുമുമ്പ് ഭരതന്‍ സംവിധാനം ചെയ്ത ‘നിദ്ര’യുടെ റീമേക്ക്. വിജയ്മേനോനും ശാന്തികൃഷ്ണയും അനശ്വരമാക്കിയ പ്രധാന കഥാപാത്രങ്ങളെ പുനരവതരിപ്പിച്ചിരിക്കുന്നത് സിദ്ദാര്‍ത്ഥ് ഭരതനും റീമ കല്ലിങ്കലും.

ഒരു മികച്ച സിനിമ സമ്മാനിക്കാന്‍ സിദ്ദാര്‍ത്ഥിന് കഴിഞ്ഞിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്ലാഷ്ബാക്കില്‍ കൂടി കഥ തുടങ്ങുന്നു. രണ്ടാം പകുതിയില്‍ ഒരു ട്വിസ്റ്റ് ഉണ്ട്. ഇഴച്ചില്‍ തീരെ അനുഭവപ്പെടുന്നില്ല. വളരെ മനോഹരമായ ഒരു പ്രണയചിത്രം എന്നാണ് പൊതുവെ ഉയര്‍ന്നിരിക്കുന്ന അഭിപ്രായം.

സമീര്‍ താഹിറിന്‍റെ ക്യാമറ, സിദ്ദാര്‍ത്ഥിന്‍റെ സംവിധാനവും അഭിനയവും, റീമാ കല്ലിങ്കലിന്‍റെ പ്രകടനം, സംഭാഷണങ്ങള്‍ എന്നിവയാണ് ചിത്രത്തിന്‍റെ പ്ലസ് പോയിന്‍റ്. ജാസി ഗിഫ്റ്റിന്‍റെ സംഗീതം, പ്രത്യേകിച്ചും പശ്ചാത്തല സംഗീതം മികച്ചുനില്‍ക്കുന്നു.

ലോ ബജറ്റ് ചിത്രമായതിനാല്‍ തിയേറ്ററുകളില്‍ നിന്നുതന്നെ ‘നിദ്ര’ ലാഭം നേടുമെന്നാണ് സൂചന.

അടുത്ത പേജില്‍ - അടുത്ത കാലത്ത് ‘സൂപ്പര്‍ ത്രില്ലര്‍’

PRO
ആദ്യത്തെ പതിനഞ്ചു മിനിറ്റിന്‍റെ സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ ഒഴിച്ചാല്‍ ഒരു അടിപൊളി ത്രില്ലറാണ് അരുണ്‍കുമാര്‍ ആനന്ദ് സംവിധാനം ചെയ്ത ‘ഈ അടുത്ത കാലത്ത്’. ട്രാഫിക് പോലെ ഒരുപാടു കഥാപാത്രങ്ങളുടെ കഥകള്‍ ഒരു പോയിന്‍റില്‍ ഒത്തുചേരുന്ന രീതിയിലാണ് സിനിമയുടെ ആഖ്യാനം.

ആദ്യ പകുതിയില്‍ അല്‍പ്പം ലാഗ് ഉണ്ടെങ്കിലും രണ്ടാം പകുതിയില്‍ ശ്വാസമടക്കിപ്പിടിച്ച് മാത്രം കാണാ‍ന്‍ കഴിയുന്ന ത്രില്ലറാണ് ‘ഈ അടുത്ത കാലത്ത്’. വലിയ ട്വിസ്റ്റ് ഒന്നുമില്ലാത്ത സ്ട്രെയിറ്റായ ക്ലൈമാക്സും ചിത്രത്തിന്‍റെ പ്രത്യേകതയാണ്.

നഗരത്തില്‍ തുടര്‍ച്ചയായി നടക്കുന്ന കൊലപാതകങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് കഥ ആരംഭിക്കുന്നത്. വെട്ട് വിഷ്ണു(ഇന്ദ്രജിത്ത്) എന്ന കഥാപാത്രമാണ് സിനിമയുടെ നട്ടെല്ല്. ഇന്ദ്രജിത്ത്, മുരളി ഗോപി, തനു റായി, മൈഥിലി, അനൂപ് മേനോന്‍ തുടങ്ങി താരങ്ങളെല്ലാം മികച്ച അഭിനയം കാഴ്ചവച്ചിരിക്കുന്നു. മുരളി ഗോപിയുടെ തിരക്കഥ മികച്ചതാണ്.

ഛായാഗ്രഹണവും ഗാനങ്ങളും ശരാശരിയിലൊതുങ്ങി. ചില സംഭാഷണങ്ങളും രംഗങ്ങളും കുടുംബപ്രേക്ഷകര്‍ക്ക് ദഹിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.

എന്തായാലും ട്രാഫിക് പോലെ ഈ സിനിമയും പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക