ലാലേട്ടൻറെ മുന്തിരിവള്ളികൾ സൂപ്പർ, പടം ബമ്പർ ഹിറ്റ്!

വെള്ളി, 20 ജനുവരി 2017 (09:39 IST)
മോഹൻലാൽ - മീന ജോഡി ദൃശ്യത്തിന് ശേഷം ഒന്നിക്കുന്ന 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ' പ്രദർശനത്തിനെത്തി. വൻ സ്വീകരണമാണ് ഈ ജിബു ജേക്കബ് ചിത്രത്തിന് പ്രേക്ഷകരും മോഹൻലാൽ ആരാധകരും നൽകുന്നത്. സമരത്തിൻറെ വറുതിക്കാലത്തിന് ശേഷം ഒരു കുളിർമഴ പെയ്തതുപോലെയാണ് മലയാള സിനിമയ്ക്ക് ഈ ചിത്രത്തിൻറെ റിലീസ്.
 
റിലീസ് കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് തീർത്തും രസകരമായ ഒരു സിനിമയാണ് മുന്തിരിവള്ളികൾ. ഒരിടവേളയ്ക്ക് ശേഷം വളരെ ലളിതമായി കഥ പറയുന്ന ഒരു ലാലേട്ടൻ ചിത്രം എന്നതിൻറെ സന്തോഷത്തിലാണ് മലയാളികൾ. പുലിമുരുകനും ഒപ്പവും സൃഷ്ടിച്ച തരംഗത്തിന് മേൽ ഒരു തൂവൽ‌സ്പർശം പോലെയാണ് മുന്തിരിവള്ളികളുടെ വരവ്.
 
വി ജെ ജെയിംസിൻറെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആധാരമാക്കി എം സിന്ധുരാജാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ഒരു ഘട്ടം കഴിഞ്ഞാൽ വിരസമായിപ്പോകുന്ന പല ദാമ്പത്യബന്ധങ്ങൾക്കും പ്രണയം  ഒരു പരിഹാരമാണെന്ന സന്ദേശം നൽകുന്ന സിനിമയാണിത്.

വെബ്ദുനിയ വായിക്കുക