ഭാസ്കര്‍ ദി റാസ്കല്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം
ബുധന്‍, 15 ഏപ്രില്‍ 2015 (20:05 IST)
നല്ല ചിരിക്ക് വകയുള്ള സിനിമകള്‍ തേടിപ്പിടിച്ച് കാണുകയാണ് കുറേക്കാലമായുള്ള ശീലം. അടിയും തല്ലുമൊക്കെയുള്ള സിനിമകളോട് ഏതാണ്ട് പൂര്‍ണമായും വിടപറഞ്ഞിരിക്കുന്നു ഇപ്പോള്‍. സിദ്ദിക്ക് ലാല്‍ സിനിമകള്‍ ആവര്‍ത്തിച്ചുകണ്ട് ചിരിച്ചുമറിയുന്ന മമ്മയെ ചെറുശാസന കൊണ്ട് അമ്മു ഇടയ്ക്കിടെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുമുണ്ട്.
സിദ്ദിക്കിന്റെ ഭാസ്കര്‍ ദി റാസ്കല്‍ കാണാന്‍ അമ്മു തന്നെയാണ് എന്നെ കൊണ്ടുപോയത്. മമ്മ കുറേ ചിരിക്കട്ടെ എന്ന് അവള് കരുതിയിട്ടുണ്ടാവും. സത്യന് അന്തിക്കാടിന്റെ എന്നും എപ്പോഴും എനിക്ക് നന്നായി ഇഷ്ടപ്പെട്ട സിനിമയാണ്. എന്നാല്‍ അമ്മുവിന് ആ സിനിമ അത്രയ്ക്ക് രസിച്ചില്ല. ഭാസ്കര്‍ കണ്ടിറങ്ങിയ എന്റെ സന്തോഷം നിറഞ്ഞ മുഖം കണ്ട് അമ്മുവും പറഞ്ഞു - രസികന്‍ സിനിമ!
സൂപ്പര്‍ കോമഡിയുള്ള ഒന്നാന്തരം എന്റര്‍ടെയ്നറാണ് ഭാസ്കര്‍ ദി റാസ്കല്‍. ഒരിടവേളയ്ക്ക് ശേഷം സിദ്ദിക്ക് തന്റെ ഫുള്‍ ഫോമിലേക്ക് തിരികെയെത്തിയിരിക്കുന്നു. ഹിറ്റ്ലറിനോട് കിടപിടിക്കുന്നവനാണ് ഈ റാസ്കല്‍ എന്ന് നിസംശയം പറയാം.
അടുത്ത പേജില്‍ - ഭാസ്കറിന്റെയും ഹിമയുടെയും പോരാട്ടങ്ങള്‍
വിഭാര്യനായ ഭാസ്കര്‍(മമ്മൂട്ടി) കര്‍ക്കശക്കാരനായ ഒരു ബിസിനസുകാരനാണ്. ഏകമകന് ആദി(സനൂപ്). ഭാസ്കറിന്റെ പിതാവ് ശങ്കരനാരായണന്(ജനാര്ദ്ദനന്). പരാജയപ്പെട്ട ബിസിനസുകാരനാണ് ശങ്കരനാരായണന്. ഭാസ്കറിന്റെ മിടുക്കാണ് ഇന്നുകാണുന്ന നിലയിലേക്ക് ബിസിനസ് വളര്‍ന്നത്. എന്തായാലും ഭാസ്കര്‍ വീണ്ടുമൊന്ന് വിവാഹം കഴിച്ചുകാണാന്‍ ശങ്കരനാരായണന് അതിയായി ആഗ്രഹിക്കുന്നു.
ഭര്‍ത്താവില്ലാതെ, മകള്‍ക്കൊപ്പം(അനിക) കഴിയുന്ന ഹിമ(നയന്‍താര)യെ പരിചയപ്പെടുന്നത് ഭാസ്കറിന്റെ ജീവിതത്തിലെ വഴിത്തിരിവാകുന്നു. ഒരേ സ്കൂളില്‍ ഒരേ ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ ഇരുവരുടെയും പരിശ്രമഫലമായി ഭാസ്കറും ഹിമയും അടുക്കുന്നു. എന്നാല്‍ അതാ അവിടെ വില്ലനും അധോലോകവും തോക്കും ബോംബുമൊക്കെ പ്രത്യക്ഷപ്പെടുകയാണ്. പിന്നീട് സംഘര്‍ഷഭരിതമായ രംഗങ്ങള്‍.
അടുത്ത പേജില്‍ - അന്ന് ഹിറ്റ്ലര്‍, ഇന്ന് ഭാസ്കര്‍ !
ആദ്യപകുതി തന്നെയാണ് ഭാസ്കര്‍ ദി റാസ്കലിന്റെ ജീവന്. തലയറഞ്ഞ് ചിരിക്കാനുള്ള വകുപ്പെല്ലാം തുടക്കം മുതല്‍ സിദ്ദിക്ക് ഒരുക്കിവച്ചിരിക്കുകയാണ്. രണ്ടാം പകുതിയില്‍ കഥ കൈവിട്ടുപോകുന്നുണ്ടെങ്കിലും നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ സംവിധായകന് അത് തിരിച്ചുപിടിക്കുന്നുണ്ട്. ഏവരെയും സന്തോഷിപ്പിക്കുന്ന ഒരു ക്ലൈമാക്സോടെ സിദ്ദിക്ക് ഭാസ്കറിന് വിരാമമിടുന്നു.
ഒരു വിഷുക്കാലത്ത് ഏത് തരത്തിലുള്ള സിനിമയാണ് മലയാളി പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് എന്ന് കണ്ടറിഞ്ഞുള്ള തിരക്കഥ തന്നെയാണ് ഭാസ്കര്‍ ദി റാസ്കലിന് സിദ്ദിക്ക് ഒരുക്കിയിരിക്കുന്നത്. മാധവന്‍കുട്ടിക്ക് ഹിറ്റ്ലര്‍ എന്ന പേരുപോലെ തന്നെയാണ് ഭാസ്കറിന് റാസ്കലും. എല്ലാവരും അയാള്‍ കേള്‍ക്കാതെ അയാളെ റാസ്കല്‍ എന്നുവിളിക്കുന്നു. ഉഗ്രന്‍ ആക്ഷന്‍ രംഗങ്ങളില്‍ ആ വിളിപ്പേരിന് സര്‍വാര്‍ത്ഥവും നല്‍കിക്കൊണ്ട് അടിച്ചുപൊളിക്കുന്നുമുണ്ട് മമ്മൂട്ടി.
അടുത്ത പേജില്‍ - മമ്മൂട്ടിയുടെ ഗ്ലാമറും നയന്‍താരയുടെ അഭിനയവും
മമ്മൂട്ടിയുടെ ഗ്ലാമറും നയന്‍താരയുടെ അഭിനയശേഷിയും ഉപയോഗിച്ചുകൊണ്ടാണ് സിദ്ദിക്ക് ഇവിടെ കഥ പറയുന്നത്. ഭാസ്കറായി ഒരു 15 വയസ് കുറവ് പറയുന്ന മമ്മൂട്ടിയെയാണ് സിദ്ദിക്ക് അവതരിപ്പിക്കുന്നത്. ഭാസ്കറിന്റെ ചലനങ്ങളിലെ ഊര്‍ജ്ജം മമ്മൂട്ടി എന്ന മെഗാസ്റ്റാറിന് ഇനിയുമേറെ കൊമേഴ്സ്യല്‍ സാധ്യതകളുണ്ടെന്ന് വെളിപ്പെടുത്തുന്നു. ഹിമ എന്ന നായികാകഥാപാത്രമായി നയന്‍താര ഗംഭീര പ്രകടനമാണ് നടത്തുന്നത്.
അഭിനയത്തില്‍ പിന്നീട് വിസ്മയിപ്പിക്കുന്നത് മാസ്റ്റര്‍ സനൂപാണ്. സ്വാഭാവികാഭിനയത്തിന്റെ മികച്ച പ്രകടനം ഭാസ്കറില്‍ സനൂപ് കാഴ്ചവച്ചു. ഹരിശ്രീ അശോകന്, സാജു നവോദയ, ജെ ഡി ചക്രവര്‍ത്തി എന്നിവരും നന്നായി.
വിജയ് ഉലകനാഥാണ് ചിത്രത്തിന്റെ ക്യാമറ. മികച്ച ദൃശ്യാനുഭവമാക്കി ഭാസ്കറിനെ മാറ്റാന്‍ ഛായാഗ്രാഹകന്‍ കഴിഞ്ഞിട്ടുണ്ട്. ദീപക് ദേവാണ് സംഗീതം. ലവ് യൂ മമ്മീ എന്ന ഗാനം രസിപ്പിക്കുമെങ്കിലും മനസില്‍ തൊടുന്നത് ‘മനസിലായിരം’ എന്ന ഗാനം തന്നെ.