ബാച്ച്ലര്‍ പാര്‍ട്ടി - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

വെള്ളി, 15 ജൂണ്‍ 2012 (16:46 IST)
PRO
അധികാര ദുര്‍വിനിയോഗം, വര്‍ഗീയ ശക്തികളുടെ ധ്രുവീകരണം, പണത്തിന്‍റെ കുത്തൊഴുക്ക് - ഈ മൂന്നു പ്രയോഗങ്ങളിലൂടെ വിലയിരുത്താന്‍ പോകുന്ന ഒരു തെരഞ്ഞെടുപ്പ് ഫലം കണ്ടതിന് ശേഷമാണ് ഞാന്‍ തിയേറ്ററിലേക്ക് പോകാനിറങ്ങിയത്. വഴിയില്‍ നിറയെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഘോഷമായിരുന്നു. തിരക്കില്‍ വണ്ടിയോടിക്കുന്നത് പണ്ടേ ഇഷ്ടമല്ല. കൈയാണെങ്കില്‍, സ്റ്റിയറിംഗില്‍ ഉറയ്ക്കുന്നില്ല. സ്പിരിറ്റിലെ രഘുനന്ദനെപ്പോലെ ഒരേ വിറ...

തിയേറ്ററില്‍ മുടിഞ്ഞ ആളായിരുന്നു. എന്താ കാര്യം? മോഹന്‍ലാലിന്‍റെ പടമൊന്നും അല്ലല്ലൊ എന്ന് ചോദിച്ചപ്പോള്‍ ‘അമല്‍ നീരദിന്‍റെ പടമല്ലേ ചേച്ചീ’ന്ന് ട്രൌസറിട്ട് നിന്ന ഒരു പയ്യന്‍റെ റിപ്ലേ. അമല്‍ നീരദിനിപ്പോ ലാലിനേക്കാള്‍ ആരാധകരാണെന്ന്. അപ്പോള്‍ കളി തിയേറ്ററിനുള്ളില്‍ കാണാമെന്ന് പറഞ്ഞ് ഉള്ളിലേക്ക്.

ടിക്കറ്റ് കീറാന്‍ നിന്ന ചുള്ളന്‍ സഹായിച്ചു. അല്ലെങ്കില്‍ ഈ തള്ള സ്റ്റെപ്പ് കയറി മുകളിലെത്തുമ്പോഴേക്കും അങ്ങ് മോളിലോട്ട് പൊയ്ക്കളയുമെന്ന് അവന്‍ പേടിച്ചിട്ടുണ്ടാകണം. നരച്ച്, തടിച്ച്, നാല്‍പ്പതിന്‍റെ ‘വാര്‍ധക്യം’ പേറുന്ന ശരീരവും ഊന്നുവടിയും. അമല്‍ നീരദിന്‍റെ സിനിമ കാണാന്‍ വരുന്ന സെറ്റപ്പ്. അവന്‍ അകമേ ചിരിച്ചുമറിഞ്ഞുകാണും.

“ബാച്ച്ലര്‍ പാര്‍ട്ടി” - പടം തുടങ്ങി. മൊത്തം ഇരുട്ടായിരുന്നു. ഒരു മോഷണത്തിന്‍റെ ഡീറ്റെയിലിംഗാണ്. കള്ളന്‍‌മാരോ? നരന്തുകള്‍, മൂക്കൊലിക്കുന്ന പ്രായത്തില്‍ അഞ്ച് ചെക്കന്‍‌മാര്‍. ഒരു വലിയ വീടിന്‍റെ ലോക്കറില്‍ നിന്ന് പണവും പണ്ടവും അടിച്ചെടുത്ത് വെള്ളത്തില്‍ ചാ‍ടി നീന്തി. അതിലൊരു ചെറുത് മുങ്ങിപ്പോയി. അവനെയും രക്ഷിച്ച് അഞ്ചും കൂടി പാട്ടും പാടി ഒറ്റയോട്ടം. “ബാച്ചിലര്‍ ലൈഫാണഭയം പൊന്നയ്യപ്പാ..” - തിയേറ്റര്‍ ഇളകിമറിയുന്ന കയ്യടി. ടൈറ്റില്‍ സോംഗാണേ. നായകന്‍‌മാരുടെ ഫോട്ടോ കാണിക്കുന്നുണ്ട് - അതിനെല്ലാം സൂപ്പര്‍ കൈയടി. ഒടുക്കം പൃഥ്വിയുടെ ഫോട്ടോ കാണിച്ചപ്പോള്‍ പതിവ് കലാപരിപാടി.

ഛായാഗ്രഹണം, സംവിധാനം - അമല്‍ നീരദ് എന്നെഴുതിക്കാണിച്ചപ്പോഴും കിടുക്കന്‍ ക്ലാപ്പ്. പറയാന്‍ മറന്നു - ഇതൊരു അമല്‍ നീരദ് പ്രൊഡക്ഷനാണ്. അതായത്, പൊട്ടിയാലും വല്ലവന്‍റേം പൈസ പോകില്ല.

അടുത്ത പേജില്‍ - ഒരു ‘ഇച്ചീച്ചിപ്പടം’

PRO
ബാച്ച്ലര്‍ പാര്‍ട്ടി - അമല്‍ നീരദിന്‍റെ മുന്‍ ചിത്രങ്ങള്‍ കണ്ടിട്ടുള്ളവരോട്, ഇതിന്‍റെ കാര്യവും പഴയതുപോലെ തന്നെ. സ്ലോമോഷന്‍, വെടി, പുക. കഥ തീര്‍ന്നു. സിനിമ കാണുന്നവര്‍ക്കും പരാതിയില്ല. എത്ര വെടിയും കരച്ചിലുമാണെങ്കിലും രണ്ടു മണിക്കൂറല്ലേയുള്ളൂ. അതേ, രണ്ടു മണിക്കൂറില്‍ അവസാന അരമണിക്കൂറില്‍ വെടിവയ്പ്പാണ്. നാല് പാട്ട്. ഇടയ്ക്കിടെ സ്ലോമോഷന്‍ നടത്തങ്ങള്‍. ഇതെല്ലാം ഒഴിവാക്കിയെടുത്താല്‍ പരമാവധി ബാക്കി കിട്ടുന്ന അര മണിക്കൂറാണ് കഥ. ആ കഥയോ? മലയാളം പടമായാല്‍ മലയാളിത്തം വേണമെന്ന് വാശിപിടിക്കുന്ന പഴമക്കാര്‍ക്കൊക്കെ ഇച്ചീച്ചിയെന്ന് വിളിച്ചുകൂവാന്‍ പറ്റിയ ഒരു പടപ്പ്.

അധോലോകവും കൊച്ചിയും മധുരയും കൊട്ടേഷന്‍ ടീമുകളും കഥ പറയുന്ന ബാച്ച്ലര്‍ പാര്‍ട്ടി ഒരു നല്ല സിനിമയേയല്ല. രണ്ടുമണിക്കൂര്‍ തിയേറ്ററില്‍ എ സിയില്‍ സുഖിച്ചിരുന്ന് കടലകൊറിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ചുമ്മാ കണ്ടിരിക്കാന്‍ ഒരു സിനിമ. ‘അന്‍‌വര്‍’ കണ്ടപ്പോള്‍ വിചാരിച്ചു, അമല്‍ നീരദ് നന്നായി വരുന്നുണ്ടെന്ന്. എവ്ടെ, ഒരു മാറ്റവുമില്ല. ആ തെങ്ങിന്‍റെ മുകളില്‍ തന്നെയാണ് ചങ്കരന്‍.

ഇതൊരു ഛായാഗ്രാഹകന്‍റെ പരീക്ഷണമെന്ന് പറയാം. നല്ല വൃത്തിയുള്ള ഫ്രെയിമുകള്‍, നല്ല എഡിറ്റിംഗ്, കാഴ്ചയ്ക്ക് സുഖമുള്ള ദൃശ്യങ്ങള്‍ ഇതൊക്കെ മാറ്റി നിര്‍ത്തിയാല്‍, ഒരു സിനിമയ്ക്ക് വേണ്ടതൊന്നും ബാച്ച്‌ലര്‍ പാര്‍ട്ടിയിലില്ല. നല്ല കഥയില്ല, ത്രില്ലടിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളിലില്ല. ആദ്യ പകുതി മാത്രം അല്‍പ്പം ആശ്വാസം. രണ്ടാം പകുതി... അയ്യോ... നീ തന്നെ രക്ഷ അയ്യപ്പാ...

അടുത്ത പേജില്‍ - ‘മങ്കാത്ത’ സ്റ്റൈല്‍ ഓപ്പറേഷന്‍

PRO
ആദ്യം പറഞ്ഞില്ലേ, ആ അഞ്ചു കള്ളന്‍‌മാര്‍ - അവര്‍ വളര്‍ന്നങ്ങ് വലുതായി. അയ്യപ്പന്‍(കലാഭവന്‍ മണി), ബെന്നി(റഹ്‌മാന്‍), ഗീവര്‍ എന്ന ഗീവര്‍ഗീസ്(ഇന്ദ്രജിത്ത്), ടോണി(ആസിഫ് അലി), ഫക്കീര്‍(വിനായകന്‍) എന്നിങ്ങനെ അവര്‍ക്ക് പേരുകള്‍. കൊട്ടേഷന്‍ പണി തന്നെ ഇവരുടെയൊക്കെ ജോലി. രണ്ട് ടീമായി തിരിഞ്ഞ് ഇവര്‍ പണി നടത്തിവരവേ, നമ്മുടെ ടോണിക്ക് ഒരു പ്രേമം. പ്രകാശ് കമ്മത്തിന്‍റെ(ജോണ്‍ വിജയ്) വളര്‍ത്തുമകള്‍ - ഈ കമ്മത്തിന് മോളിലും ഒരു കണ്ണുണ്ട് - നീതു(നിത്യാമേനോന്‍). നീതുവിന്‍റെ അമ്മ ലെനയാണ്. ലെനയുടെ അറിവോടെ കമ്മത്തിന് ‘എട്ടിന്‍റെ പണി’(കൊട്ടേഷന്‍ ടീമുകളുടെ പ്രയോഗമാണ്) കൊടുത്ത് ടോണി പെണ്ണിനെയും കൊണ്ട് മൂന്നാറിന് കടക്കുന്നു.

കമ്മത്ത് ചാകില്ലല്ലോ. അയാള്‍ ടോണിയെ പിടിച്ചുകൊണ്ടുവരാന്‍ വിടുന്നത് അയ്യപ്പനെയും ഫക്കീറിനെയും. ടോണിയെ രക്ഷിക്കാന്‍ ഗീവറും ബെന്നിയും. ഒടുവില്‍ ടോണി പറയുന്നു - “ഞാന്‍ നിങ്ങളുടെ കൂടെ വരാം. പക്ഷേ നീതുവിനും കുഞ്ഞിനും വേറെ ആരുമില്ല. അവള്‍ക്കുവേണ്ടി ഒരു തുക ഉണ്ടാക്കണം. ഒറ്റദിവസം, മധുരയില്‍ ചെട്ടിയാരുടെ(ആശിഷ് വിദ്യാര്‍ത്ഥി) ഒരു കൊട്ടേഷന്‍ എടുത്ത് പണമുണ്ടാക്കാം. അതിന് ശേഷം ഞാന്‍ നിങ്ങള്‍ക്കൊപ്പം വരാം” - ഇന്‍റര്‍വെല്‍. ഇവിടം വരെ പടം കൊള്ളാം. അതിന് ശേഷം പടം ഒരു തിരിവങ്ങ് തിരിയുകയാണ്. എന്തൊക്കെ നടക്കുന്നു. എവിടൊക്കെ പോകുന്നു. ആരൊക്കെ ചാകുന്നു. കൈയും കണക്കുമില്ല.

ഇവരുടെ ഒരു ഓപ്പറേഷനിടെ ടോണി കൊല്ലപ്പെടുന്നു. അവന്‍റെ ഭാര്യ വഴിയാധാരമാകാതിരിക്കാന്‍ ഇവര്‍ ‘മങ്കാത്ത’ സ്റ്റൈലില്‍ മറ്റൊരു ഓപ്പറേഷന്‍. 2 ജി സ്പെക്ട്രത്തിന്‍റെ 300 കോടി രൂപ കള്ളപ്പണവുമായി വരുന്ന ഒരു വണ്ടി റാഞ്ചുക. അതത്ര എളുപ്പമല്ല. എങ്കിലും റാഞ്ചി. അവിടെവച്ച് അവര്‍ കണ്ടു - അയാള്‍ - പൃഥ്വിരാജ്!

അടുത്ത പേജില്‍ - പൃഥ്വിയുടെ വരവ്!

PRO
പൃഥ്വിരാജിന് വലിയ റോളൊന്നുമില്ല. ഒരു തല്ല് സീനും അനുബന്ധ രംഗങ്ങളും. പൃഥ്വി വരുന്നതോടെ പടം ഉഷാറാകുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് വീണ്ടും നിരാശ. ഒടുവില്‍ മുന്നൂറു കോടി ആറായി വീതിച്ച് അതിലൊരു വീതം ടോണിയുടെ ഭാര്യ നീതുവിന് കൈമാറാന്‍ ചെല്ലുമ്പോള്‍ നീതു അവിടെയില്ല. നീതുവിനെ ചെട്ടിയാരും പ്രകാശ് കമ്മത്തും ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി. പിന്നെയാ‍ണ് കളി. നേരെ മധുരയ്ക്ക് വിട്ടു. ചെട്ടിയാരുടെ കേന്ദ്രത്തില്‍. അവിടെ പിന്നെ അരങ്ങേറുന്നത് വെടിവയ്പ്പാഘോഷം.

പരസ്പരം തുരുതുരാ വെടിവയ്ക്കുകയാണ്. മനുഷ്യര്‍ ചുമ്മാതങ്ങ് മരിച്ചുവീഴുന്നു. എല്ലാം സ്ലോമോഷനില്‍ തന്നെ. രക്തം ചീറ്റിത്തെറിക്കുന്നതിന്‍റെ ആഹ്ലാദമാണെങ്ങുമെങ്ങും. നമ്മുടെ നായകന്‍‌മാരെല്ലാം ചിരിച്ചുകൊണ്ട് വെടിവയ്ക്കുകയാണ്. വെടികൊള്ളുമ്പോഴും ചിരിതന്നെ. വെടികൊള്ളുമ്പോള്‍ ചിരിക്കുന്ന മനുഷ്യരെ എന്ത് വിളിക്കണം? മനുഷ്യത്വം മരവിച്ച കുറേ ജന്‍മങ്ങളുടെ കൂത്ത്.

ഇനി പറയൂ, ഈ സൃഷ്ടിയെ സിനിമയെന്ന് വിളിച്ചാല്‍ സിനിമയെ പിന്നെന്ത് വിളിക്കും? എന്തായാലും വല്ലാത്തൊരു ചെയ്ത്ത് തന്നെ. പ്രേക്ഷകരുടെ മുഖത്ത് അമ്പത്തൊന്ന് വെട്ടുവെട്ടി കൊലപ്പെടുത്തിക്കളഞ്ഞു.

അടുത്ത പേജില്‍ - ഒടുവില്‍ പത്മപ്രിയയും!

PRO
ദ്വയാര്‍ത്ഥ പ്രയോഗങ്ങളാണ് ചിത്രം നിറയെ. എല്ലാവരും ഡയലോഗുകളിലൂടെ അശ്ലീലത്തിന്‍റെ പതിനാറാം തമ്പുരാന്‍‌മാരായി വാണരുളുകയാണ്. ഈ സിനിമ കാണാന്‍ കയറുന്ന കുടുംബ പ്രേക്ഷകരുടെ അവസ്ഥ !

ഇനിയൊരു രംഗം കണ്ടു. നമ്മുടെ വിനായകന്‍ തിരിഞ്ഞു നില്‍ക്കുകയാണ്. കൈയുടെ ചലനം കാണുമ്പോള്‍ അയാള്‍ സ്വയംഭോഗം ചെയ്യുകയാണെന്ന് തോന്നും. തിരിയുമ്പോഴല്ലേ കാണുന്നത്, അയാള്‍ പണമെണ്ണുകയാണ്. തിയേറ്ററില്‍ വലിയ കൈയടി! ഇതാണോ മലയാളി പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന സിനിമാമുഹൂര്‍ത്തം? ഇത് അവഹേളിക്കുകയല്ലേ? ഇതിനെയാണോ നമ്മള്‍ ഹൃദയം കൊണ്ട് സ്വീകരിക്കേണ്ടത്?

നാലുപാട്ടുകളാണ് ചിത്രത്തില്‍. ടൈറ്റില്‍ സോംഗ് സൂപ്പര്‍. ആസിഫ് അലിയും നിത്യയും പ്രണയിക്കുന്ന ഗാനം ‘കാര്‍മുകിലില്‍...’ കൊള്ളാം. രമ്യാ നമ്പീശന്‍റെ ബെല്ലി ഡാന്‍സുള്ള ഒരു പാട്ടുണ്ട്. ‘വിജന സുരഭീ...’ എന്നുതുടങ്ങുന്ന ഗാനരംഗം വിഷ്വലി റിച്ചാണ്. പിന്നെ ഒടുവിലത്തെ ‘നരകപ്പാട്ട്’ - കപ്പപ്പുഴുക്ക്. പത്മപ്രിയയും നമ്മുടെ കാഞ്ഞുപോയ നായകന്‍‌മാരും ആടിക്കളിച്ചു. ഈ പാട്ട് കഴിയുമ്പോള്‍ കൂവാന്‍ പോലും ശക്തിയില്ലാതെയായി പ്രേക്ഷകര്‍.

അഭിനേതാക്കളില്‍ റഹ്‌മാന്‍, ആസിഫ് അലി, ഇന്ദ്രജിത്ത് എന്നിവര്‍ നന്നായി. കലാഭവന്‍ മണി കുഴപ്പമില്ല. എപ്പോഴും ഒരേ ഭാവമാണ് മുഖത്തെന്നുമാത്രം. വില്ലന്‍ ജോണ്‍ വിജയ് മികച്ച പ്രകടനം കാഴ്ചവച്ചു. നിത്യാ മേനോന്‍ കഥാപാത്രത്തോട് നീതി പുലര്‍ത്തി. രമ്യയുടെ കഥാപാത്രത്തിന് അവസാനം നൂറുകണക്കിന് കോടികള്‍ സമ്മാനമായി കിട്ടുന്നുണ്ട്. അത് ആശ്വാസമായി.

അമല്‍ നീരദ് ആദ്യമായി നിര്‍മ്മിച്ച സിനിമ ഇറക്കാന്‍ തെരഞ്ഞെടുത്ത ഭാഷ തെറ്റിപ്പോയി. ഇത് മലയാളത്തിലായിരുന്നില്ല, കുറഞ്ഞത് ബോളിവുഡിലെങ്കിലും പരീക്ഷിക്കാമായിരുന്നു. പ്രേക്ഷകര്‍ക്കാണ് തെറ്റിയതെന്നും പറയാം, മലയാളികളുടെ ആഗ്രഹത്തിന് അനുയോജ്യമായ സിനിമയല്ല ബാച്ച്‌ലര്‍ പാര്‍ട്ടി. മലയാളി യുവത്വം ഇത്തരം ‘കൊട്ടേഷന്‍ മഹത്വവത്കരണ’ത്തിന് കണ്ണും കാതും കൊടുത്താല്‍ അതോടെ തീര്‍ന്നു, മുച്ചൂടും മുടിഞ്ഞു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

വെബ്ദുനിയ വായിക്കുക