ബാംഗ്ളൂര്‍ ഡെയ്‌സ് - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

ശനി, 31 മെയ് 2014 (08:45 IST)
മൂന്ന് പേരുടെ പ്രണയജീവിതമാണ്‌ കഥ. സിനിമ കഴിയുമ്പോള്‍ അവരുടെ ജീവിതം നമ്മള്‍ ജീവിച്ചുതീര്‍ത്തതുപോലെ. അവരുടെ തമാശകളും സാഹസികതകളും നമ്മുടേതായതുപോലെ. ജീവിതവും സിനിമയും തമ്മില്‍ ലയിച്ചൊന്നാവുന്ന മാജിക് അനുഭവിക്കണമെങ്കില്‍ കാണുക - ബാംഗ്ളൂര്‍ ഡെയ്സ്!
 
മൂന്ന് തലതെറിച്ച കുട്ടികള്‍ക്കിടയില്‍ നാലാമനായി ഗൌരവക്കാരനായ ഒരു കുട്ടി കടന്നുവന്നാല്‍ എങ്ങനെയിരിക്കും. അത് അവര്‍ക്കും അവനും അത്ര സുഖകരമായിരിക്കില്ല. ആ അസുഖകരമായ യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെട്ട് ജീവിക്കുമ്പോഴുണ്ടാകുന്ന അലോസരങ്ങളെയും തരിമ്പും ബോറടിക്കാതെ രസിക്കണമെങ്കിലും തല്ക്കാലം വേറെ വഴിയില്ല - ബാംഗ്ളൂര്‍ ഡെയ്സ് കാണുക എന്നതല്ലാതെ!
 
തെറ്റുപറ്റുക എന്നത് മനുഷ്യസഹജമാണ്‌. ഒരിക്കല്‍ സംഭവിച്ചുപോയ ഒരു തെറ്റിന്‌ ജീവകാലം പിഴയൊടുക്കേണ്ടിവരുന്ന കഥാപാത്രങ്ങളെ പലപ്പോഴും നമ്മള്‍ സിനിമകളില്‍ കണ്ടിട്ടുണ്ട്. അവയൊന്നും തിരുത്തപ്പെടാതെ കുറ്റബോധത്തില്‍ ജീവിക്കുകയും പിന്നീട് ദുരന്തങ്ങളാവുകയും ചെയ്യുന്ന കഥകളായിരുന്നു എങ്കില്‍‌‍, ഇവിടെ എല്ലാം പെയ്തൊഴിഞ്ഞ ഒരു മഴപോലെ. എല്ലാ വീഴ്ചകളെയും ഒടുവില്‍ കരുത്താക്കി മാറ്റുന്നുണ്ട്. എല്ലാ ഇരുളും വെളിച്ചമായി മാറുന്നുണ്ട്. ആ നന്‍മ കണ്ടുതന്നെ അറിയണം - ബാംഗ്ളൂര്‍ ഡെയ്സിന്റെ ആ അടിപൊളിക്കാലത്തേക്ക് സ്വാഗതം!
 
ഒരു ഗംഭീര സിനിമയാണ് ബാംഗ്ലൂര്‍ ഡെയ്സ്. സമീപകാലത്ത് എന്ന് പറയേണ്ട, ഇങ്ങനെ ആഹ്ലാദിച്ച് കണ്ടിരുന്നുപോയ സിനിമ ഞാന്‍ അധികം കണ്ടിട്ടില്ല. ഇത്രയും എനര്‍ജി ഉള്ളിലേക്ക് തന്ന ഒരു സിനിമ വിരളമാണ്. ഇത്രയും മനോഹരമായി ബന്ധങ്ങളെ വിഷ്വലൈസ് ചെയ്ത സിനിമ അപൂര്‍വമാണ്.
 
അടുത്ത പേജില്‍ - കാല്‍പ്പനികമായ ആത്‌മീയത
ഇന്നലെ ആദ്യ ഷോ തന്നെ കണ്ടു ഞാന്‍ ബാംഗ്ലൂര്‍ ഡെയ്സ്. വീട്ടില്‍ വന്ന് റിവ്യു ടൈപ്പ് ചെയ്യാനിരുന്നപ്പോള്‍ കഴിയുന്നില്ല. കൈകള്‍ക്കൊരു വിറയല്‍ പോലെ. വലിയ തളര്‍ച്ച. അമ്മു ആകെ പേടിച്ചു. നാവിനടിയില്‍ ഇടേണ്ട ടാബ്‌ലറ്റ് ഇട്ടുതന്നു. പിന്നെ ഡോ.നാരായണനെ വിളിച്ചു. അദ്ദേഹം വന്ന് പരിശോധിച്ച് തിരിച്ചുപോകാനൊരുങ്ങുമ്പോള്‍ അമ്മുവിനോട് ഒരു കമന്‍റ് - "നിര്‍ബന്ധം പിടിച്ച് മോശം സിനിമ കണ്ടാല്‍ ബി പിയും കൂടും പാല്‍പ്പിറ്റേഷനും വരുമെന്ന് മമ്മയ്ക്ക് പറഞ്ഞുകൊടുക്കൂ അമ്മൂ".
 
അപ്പോള്‍ തന്നെ ഡോക്ടര്‍ക്ക് മറുപടിയും കൊടുത്തു ഞാന്‍ - "സിനിമ കണ്ടതുകൊണ്ടല്ല ഈ തളര്‍ച്ച. തനിയെ ഡ്രൈവ് ചെയ്തതിന്‍റെയാ. പിന്നെ ബാംഗ്ലൂര്‍ ഡെയ്സ് കണ്ട് ഒരിക്കലും പാല്‍പ്പിറ്റേഷന്‍ വരില്ല. ഇത്രയ്ക്ക് കാല്‍പ്പനികമായ ആത്മീയത ജനിപ്പിച്ച ഒരു സിനിമ ഞാന്‍ കണ്ടിട്ടില്ല ഡോക്ടര്‍. തിയേറ്ററില്‍ ഞാന്‍ വിളിച്ചുപറയാം, ഡോക്ടറും വൈഫും നാളെത്തന്നെ പോയി കാണൂ"- ഡോക്ടര്‍ ചിരിച്ചുകൊണ്ട് തലയാട്ടി.
 
ആ പ്രയോഗം കറക്‍ടാണെന്ന് തോന്നുന്നു - കാല്‍പ്പനികമായ ആത്‌മീയത. ഇങ്ങനെ ഒരു കൊമേഴ്സ്യല്‍ സിനിമ കണ്ടുതീരുമ്പോള്‍ ഒരിക്കലും പ്രതീക്ഷിക്കുന്നതല്ല ഈ മനഃസുഖം. ഉള്ളിലാകെ ഒരു തെളിച്ചം. ഒരു ലോഡ് ഫ്രഷ് എയര്‍ വന്നുമൂടിയതുപോലെ. ഹാ, അഞ്ജലി മേനോന്‍, നിങ്ങളുടെ കഴിഞ്ഞ സിനിമ (ഉസ്താദ് ഹോട്ടല്‍) എനിക്കുപകര്‍ന്ന ആഹ്ലാദം ഈ ചിത്രത്തോടെ ഇരട്ടിയാകുന്നു.
 
കൃഷ്ണന്‍ പി പി(കുട്ടന്‍ എന്ന് വിളിക്കും - സാക്ഷാല്‍ നിവിന്‍ പോളി), അര്‍ജ്ജുന്‍ എന്ന അജു(ദുല്‍ക്കര്‍ സല്‍മാന്‍), ദിവ്യ പ്രകാശ്(നസ്രിയ) എന്നീ കസിന്‍‌സിന്‍റെ കഥയാണ് ബാംഗ്ലൂര്‍ ഡെയ്സ്. പിന്നെ, ദിവ്യയുടെ ഭര്‍ത്താവ് ദാസിന്‍റെയും(ഫഹദ് ഫാസില്‍). ഒരു പക്കാ ടെക്കി ബോയ് ആണ് കൃഷ്ണന്‍ എന്ന കുട്ടന്‍. തനി പാലക്കാട്ടുകാരന്‍. പാലക്കാടന്‍ മട്ടയുടെയും ഇവിടത്തെ മണ്ണിന്‍റെയും വെള്ളത്തിന്‍റെയും ന‌ന്‍‌മയുടെയും വിലയറിഞ്ഞ് ജീവിക്കുന്ന ഒരു സാധു. അര്‍ജ്ജുന്‍ അങ്ങനെയല്ല. തനി പോക്കിരിയാണ്. പഠനം പാതിവഴിയില്‍ നിര്‍ത്തി ഒളിച്ചോടിയവന്‍. ദിവ്യയാകട്ടെ അമ്മയുടെ ജ്യോതിഷഭ്രാന്തിനിരയായവളാണ്‍. ചെറുപ്രായത്തില്‍ തന്നെ അവള്‍ക്ക് വിവാഹിതയാകേണ്ടിവരുന്നു. "ബാംഗ്ലൂരില്‍ വരാനായി ബസ് ടിക്കറ്റ് എടുത്താല്‍ മതി, കല്യാണം കഴിക്കേണ്ട കാര്യമില്ല" - എന്ന അജുവിന്‍റെ കമന്‍റിനോട് ശുണ്ഠിയിടുന്നുണ്ടെങ്കിലും അവള്‍ ആവേശത്തിലാണ്. വിവാഹത്തിന്‍റെ ആവേശമല്ല അത്. കസിന്‍സ് എല്ലാവരും ബാംഗ്ലൂരില്‍ ഒത്തുചേരാന്‍ പോകുന്നതിന്‍റെ.
 
അടുത്ത പേജില്‍ - തുറക്കപ്പെടാത്ത മുറികള്‍!
മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയാണ് ബാംഗ്ലൂര്‍ ഡെയ്സ്. ഇതിനിടയില്‍ മൂന്ന് മിനിറ്റ് നേരം പോലും പ്രേക്ഷകരെ ബോറടിപ്പിക്കുന്നില്ല ചിത്രം. അത്ര രസകരമായി, അത്ര മനോഹരമായി കഥ പറയുകയാണ് അഞ്ജലി മേനോന്‍. കുട്ടന്‍റെയും അജുവിന്‍റെയും പ്രണയങ്ങള്‍. ദിവ്യയുടെ വിവാഹജീവിതത്തിന്‍റെ അസ്വാരസ്യങ്ങള്‍. ദാസിന്‍റെ സ്വകാര്യ ജീവിതം. എല്ലാം പുതിയ പുതിയ കാഴ്ചകളായി വന്നുചേരുകയാണ്. അപ്രതീക്ഷിത കഥാഗതിയൊന്നുമല്ല, കഥ ഇങ്ങനെയൊക്കെയായിരിക്കാം പോകുന്നതെന്ന് മനസില്‍ കണ്ടുനോക്കാം. അതുപോലെയൊക്കെ സംഭവിക്കുകയും ചെയ്യുന്നു. പക്ഷേ അതിലുമുണ്ട് ഒരു പുതുമ എന്ന് സംവിധായിക കാട്ടിത്തരികയാണ്. ഇങ്ങനെയാണ് ഒരു സിനിമ അനുഭവിപ്പിക്കേണ്ടത്. ഇത്രയും തീവ്രമായാണ് കഥ പറയേണ്ടത്.
 
ദിവ്യ പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല വിവാഹജീവിതം. അയാള്‍, ദാസ്, അവള്‍ക്ക് ഒരിക്കലും നല്ല ഒരു കൂട്ടുകാരനായിരുന്നില്ല. തന്‍റേതായ പ്രൈവസിയുള്ള, എപ്പോഴും ബിസിയായ, മിക്കപ്പോഴും ടൂറിലായിരിക്കുന്ന ഒരു ഭര്‍ത്താവ്. വീടിനുള്ളില്‍ അവള്‍ ശ്വാസം മുട്ടി. ആ ശ്വാസം മുട്ടലിന് അവള്‍ കണ്ടുപിടിച്ച പോംവഴി കസിന്‍‌സിനൊപ്പമുള്ള ബാംഗ്ലൂര്‍ കറക്കമായിരുന്നു. അത് അവള്‍ അടിച്ചുപൊളിച്ചു. എങ്കിലും തിരിച്ച് വീട്ടിലെത്തുമ്പോള്‍ അവള്‍ ഒറ്റപ്പെട്ടു. ദാസിന് തന്‍റേതായ ഒരു ലോകമുണ്ടായിരുന്നു. അയാളുടെ മനസില്‍ അവള്‍ക്ക് മുന്നില്‍ തുറക്കപ്പെടാത്ത മുറികള്‍ ഒരുപാടുണ്ടായിരുന്നു. അത്തരത്തില്‍ തുറക്കാത്ത ഒരു മുറി ആ വീട്ടിലുമുണ്ട് എന്ന് അവള്‍ കണ്ടെത്തുന്നതോടെ കഥയാകെ മാറുകയാണ്!
 
ബൈക്ക് റേസിംഗാണ് അജുവിന്‍റെ പാഷനും ജീവിതവും. ഒരു വിലക്ക് ഒക്കെ വാങ്ങേണ്ടിവന്നതുകൊണ്ട് ഇപ്പോള്‍ റേസിംഗ് വെഹിക്കിള്‍ ഡിസൈന്‍ ചെയ്തും മറ്റും സമയം കളയുന്നു. അവന് വലിയ ക്രേസാണ് റേഡിയോ ജോക്കി സേറ(പാര്‍വതി മേനോന്‍)യുടെ ശബ്ദവും സംഭാഷണവും. അവളെ അവന്‍ നേരില്‍ കാണുമ്പോള്‍ മറ്റൊരു വലിയ സത്യമാണ് അവിടെ കാത്തിരുന്നത്. മനോഹരമാണ്, വേദനിപ്പിക്കുന്നതാണ് അജുവും സേറയും തമ്മിലുള്ള പ്രണയം.
 
നിറയെ മുടിയുള്ള, നല്ല മലയാളിത്തം തുളുമ്പുന്ന പേരുള്ള, തന്നെ 'ചേട്ടാ' എന്ന് വിളിക്കുന്ന ഒരു പെണ്‍കുട്ടി വരുമെന്ന പ്രതീക്ഷയിലാണ് കുട്ടന്‍ ജീവിക്കുന്നത്. അങ്ങനെയൊരു പെണ്‍‌കുട്ടി എയര്‍ഹോസ്റ്റസിന്‍റെ രൂപത്തില്‍ അവനെ തേടിയെത്തി - മീനാക്ഷി(ഇഷ തല്‍‌വാര്‍). അതൊരു ഗംഭീര പ്രണയമായിരുന്നു. രാത്രി മുഴുവന്‍ അവളുടെ ഫ്ലാറ്റില്‍ തങ്ങിയ ശേഷം തിരികെയെത്തിയ കുട്ടനോട് അജു ചോദിക്കുന്നു - നീയവിടെ എന്തുചെയ്യുകയായിരുന്നു? കള്ളച്ചിരിയോട് കുളിമുറിയിലേക്ക് കുട്ടന്‍ പോകുമ്പോഴാണ് ദിവ്യയുടെ ഫോണ്‍ വരുന്നത് - "ആള്‍ എത്തിയിട്ടുണ്ട്. ഇന്നലെ മുഴുവന്‍ മീനാക്ഷിയുടെ ഫ്ലാറ്റിലായിരുന്നു. ഏയ്, കൈവിട്ടുപോയിട്ടൊന്നുമില്ല. അവന്‍ അവിടെ വെളുക്കുവോളം സംസാരിച്ചിരുന്നിരിക്കും" എന്ന് അജു അവളോട് പറയുന്നു. കുളിമുറിയില്‍ നിന്ന് കുട്ടന്‍റെ ശബ്ദം - "സംസാരം മാത്രമായിരുന്നില്ല"
 
അടങ്ങാക്കാനാവാത്ത ആകാംക്ഷയില്‍ ഓടിയെത്തിയ അജുവിനോട് - "ഞങ്ങള്‍ അന്താക്ഷരി കളിക്കുകയായിരുന്നു" എന്ന് കുട്ടന്‍റെ മറുപടി!
 
അടുത്ത പേജില്‍ - കുഞ്ഞിക്ക തകര്‍ത്തു!
"ഞാനില്ലാതെ പപ്പയ്ക്കും മമ്മിക്കും ഒന്നും ചെയ്യാനാവില്ല എന്ന് നടാഷ(നിത്യ മേനോന്‍) പറയുമായിരുന്നു"- എന്ന ഡയലോഗ് ഫഹദ് ഫാസില്‍ പറഞ്ഞപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എത്ര വികാര തീവ്രമായ രംഗമാണത്! ആ സീനില്‍ പ്രതാപ് പോത്തന്‍റെയും വിനയപ്രസാദിന്‍റെയും നിസഹായതയും സ്നേഹവും സന്തോഷവും അത്യഗാധമായ ദുഃഖവുമെല്ലാം കലര്‍ന്ന ഭാവപ്രകടനം ഉജ്ജ്വലമെന്നേ പറയേണ്ടൂ. അതുപോലെ, സിഡ്നിയിലേക്ക് പറക്കേണ്ട അന്നുരാത്രിയില്‍ അജുവിനൊപ്പം കറങ്ങാനിറങ്ങിയ സേറ കാര്‍ വെളിച്ചത്തില്‍ കാണുന്ന ആ സര്‍പ്രൈസ്. സിനിമയില്‍ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഉദാത്തനിമിഷങ്ങളിലൊന്നായിരുന്നു അത്. ഭൂതക്കണ്ണാടിയിലെ വിദ്യാധരന്‍ കണ്ട മായക്കാഴ്ചകളുടെയെല്ലാം ഉറവിടം ആ വലിയ ചുമരിലെ കുമ്മായമടര്‍ന്നുണ്ടായ ഒരു പാട് മാത്രമായിരുന്നു എന്ന് തിരിച്ചറിയുമ്പോഴുണ്ടാകുന്നതു പോലെ ദിവ്യമായ ഒരു അനുഭവം. 
 
ദുല്‍ക്കര്‍ സല്‍മാന്‍റെ ബൈക്ക് റേസിംഗ് രംഗങ്ങളെല്ലാം ഒന്നാന്തരം. പല സാഹസിക രംഗങ്ങളിലും കുഞ്ഞിക്ക(തിയേറ്ററില്‍ റേസിംഗ് സീനുകളില്‍ കുഞ്ഞിക്കാ... കുഞ്ഞിക്കാ... എന്ന ആരവമുയര്‍ന്നിരുന്നു) ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചിരിക്കുന്നത്. ദുല്‍ക്കറിന് ചില പരാജയങ്ങള്‍ക്ക് ശേഷം സംഭവിച്ച ചിത്രമാണ് ബാംഗ്ലൂര്‍ ഡെയ്സ്. അത് അയാളുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാകുമെന്ന് പ്രതീക്ഷിക്കാം. ഈ സിനിമയില്‍ ഒരു ഹീറോയ്ക്ക് യോജിച്ച ഇന്‍‌ഡ്രൊഡക്ഷന്‍ ദുല്‍ക്കറിന് മാത്രമാണ് ലഭിച്ചത്. അത് ഗംഭീരമാകുകയും ചെയ്തു.
 
അതിമനോഹരമായ തിരക്കഥയാണ് ബാംഗ്ലൂര്‍ ഡെയ്സിന്‍റെ ബലം. ചിത്രത്തില്‍ അധികം ശ്രദ്ധിക്കേണ്ടതില്ല എന്നുതോന്നുന്ന പല രംഗങ്ങള്‍ക്കും വിശാലമായ അര്‍ത്ഥങ്ങളുണ്ട് എന്ന് നമുക്ക് പിന്നീട് മനസിലാകുന്നു. പെണ്ണുകാണല്‍ ചടങ്ങിനിടെ ഫഹദ് നായ്ക്കുട്ടിയെ കൊഞ്ചുന്നത് ശ്രദ്ധിക്കുക. ആ രംഗത്തിന് ഈ സിനിമയില്‍ എന്തൊക്കെ അര്‍ത്ഥതലങ്ങളുണ്ട് എന്ന് ക്ലൈമാക്സിനോട് അടുക്കുമ്പോഴാണ് മനസിലാകുക. അയാളില്‍ ആ രംഗം എത്ര വലിയ ഓര്‍മ്മകളായിരിക്കും ഉണര്‍ത്തിയിരിക്കുക! ഒച്ചിഴയുന്നതുപോലെ ഫഹദ് കാറോടിക്കുമ്പോള്‍ "ഞങ്ങള്‍ നടന്നുപൊയ്ക്കൊള്ളാം" എന്ന് പറഞ്ഞ് നിവിനും ദുല്‍ക്കറും കാറില്‍ നിന്നിറങ്ങി സ്ഥലം വിടുന്നുണ്ട്. കാറോടിക്കുമ്പോള്‍ അയാള്‍ എന്തിനിത്ര സൂക്ഷ്മത കാണിക്കുന്നു എന്നതിനൊരു ഫ്ലാഷ്ബാക്കിന്‍റെ നീതീകരണമുണ്ട് ആ കഥാപാത്രത്തിന്.
 
ചിത്രത്തിന്‍റെ ജീവന്‍ എന്നുപറയുന്ന ഘടകങ്ങള്‍ സമീര്‍ താഹിറിന്‍റെ ഛായാഗ്രഹണവും ഗോപി സുന്ദറിന്‍റെ സംഗീതവും തന്നെ. ഡയലോഗുകള്‍ മാത്രം ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്താല്‍ ഇത് അസല്‍ ഒരു ബോളിവുഡ് ചിത്രമാകും. അത്രയ്ക്ക് ക്വാളിറ്റിയുണ്ട് മേക്കിംഗിന്. വിഷ്വല്‍‌സ് ത്രില്ലടിച്ചേ കണ്ടിരിക്കാനാവൂ. സമീറിനെ എഴുന്നേറ്റ് നിന്ന് നമിക്കണം. ഗോപി സുന്ദറിന്‍റെ ഏറ്റവും ഗംഭീരമായ സംഗീത പരീക്ഷണങ്ങള്‍ ഈ സിനിമയിലേതാണെന്ന് നിസംശയം പറയാം. ദിവ്യയ്ക്ക് തന്‍റെ ഭര്‍ത്താവിനോടുള്ള പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും പെയിന്‍ അനുഭവിപ്പിക്കുന്ന ആ അവസാന ഗാനം തന്നെ എനിക്ക് പ്രിയപ്പെട്ടത്. "മാംഗല്യം തന്തുനാനേന..."യും ഒന്നാന്തരമായിരുന്നു.
 
അടുത്ത പേജില്‍ - പാര്‍വതിയും കല്‍പ്പനയും വിസ്മയിപ്പിച്ചു!
അഭിനേതാക്കളില്‍ ദുല്‍ക്കറും നിവിന്‍ പോളിയും ഫഹദും നസ്രിയയുമെല്ലാം ഒന്നിനൊന്ന് മികച്ചുനില്‍ക്കുന്നു. കൂട്ടത്തില്‍ കൂടുതല്‍ സ്കോര്‍ ചെയ്തത് നിവിന്‍ പോളി തന്നെ. ആള്‍ നന്നായി ഹ്യൂമര്‍ ചെയ്തിട്ടുണ്ട്. "ഇന്ന് രാത്രിയല്ലേ അമ്മയ്ക്ക് ഫ്ലൈറ്റ്? അതിന് മുമ്പ് കല്യാണം കഴിക്കാന്‍ നിവൃത്തിയില്ല" എന്ന ഡയലോഗിലൊക്കെ നമുക്ക് ദിലീപിന്‍റെ ഫ്ലക്സിബിലിറ്റി കാണാം നിവിന്‍ പോളിയില്‍. ദുല്‍ക്കറിനും ഫഹദിനും വലിയ കോംപ്ലക്സ് കഥാപാത്രങ്ങളാണ്. അവര്‍ അത് ഗംഭീരമാക്കിയിട്ടുമുണ്ട്. രണ്ട് വ്യത്യസ്ത മാനസിക തലങ്ങള്‍ അഭിനയിപ്പിച്ചുഫലിപ്പിക്കാന്‍ ഫഹദിന് അനായാസം കഴിഞ്ഞിട്ടുണ്ട്. കുട്ടിത്തം വിട്ടിട്ടില്ലാത്ത കഥാപാത്രമാണെങ്കിലും ക്ലൈമാക്സോടെ ഏറെ ആഴമുള്ള വ്യക്തിത്വമായി ദിവ്യ പ്രകാശ് മാറുന്നുണ്ട്. അത് മനോഹരമാക്കാന്‍ നസ്രിയയ്ക്കായി.
 
എങ്കിലും ഇവരില്‍ എല്ലാവരെയുംകാള്‍ എനിക്ക് പ്രിയപ്പെട്ടത് പാര്‍വതി മേനോന്‍ അവതരിപ്പിച്ച ആര്‍‌ജെ സേറയാണ്. സിനിമ തീര്‍ന്ന് പുറത്തിറങ്ങിയാലും സേറ നമ്മുടെ കൂടെപ്പോരും. എത്ര ഉജ്ജ്വലമായാണ് പാര്‍വതി ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അവള്‍ ഒരേസമയം ശക്തയും നിസഹായയുമാണ്. അവള്‍ ബോള്‍ഡാണ്‍, എന്നാല്‍ എപ്പോഴും അമ്മയെ അനുസരിക്കാന്‍ മാത്രം അറിയുന്നവളാണ്. സേറയുടെ അമ്മ(രേഖ)യെപ്പോലെ, അവളെ ഓര്‍ത്ത് നമ്മളും പ്രൌഡ് ആകും സിനിമ കഴിയുമ്പോള്‍. സേറയ്ക്ക് ഹൃദയം നിറഞ്ഞ സ്നേഹം നല്‍കി ഞാന്‍ മനസുകൊണ്ട്. 
 
പിന്നെ എന്നെ വിസ്മയിപ്പിച്ച ഒരു താരം കല്‍പ്പനയാണ്. കഴിഞ്ഞ ഒരു പത്തുവര്‍ഷത്തിനിടെ ഇത്രയും മികച്ച ഒരു കഥാപാത്രത്തെ കല്‍‌പ്പനയ്ക്ക് ലഭിച്ചിട്ടില്ല. ആ ടി വി കാണുന്ന രംഗത്ത് അവരുടെ മുഖത്ത് മിന്നിമറയുന്ന ഭാവപ്രകടനങ്ങള്‍ അത്ഭുതാവഹം. പല വേരിയേഷനുള്ള റോളില്‍ ശരിക്കും മിന്നിത്തിളങ്ങുകയായിരുന്നു കല്‍പ്പന. ഭര്‍ത്താവ് ഭക്തിമൂത്ത് നാടുവിട്ട ശേഷം(ആ ഭക്തി ഗോവയില്‍ നിന്നുള്ള ഒരു കത്തിന്‍റെ മണമായി നമ്മെ ചിരിപ്പിക്കുന്നുണ്ട് പിന്നീട്) മുറിയില്‍ കയറി കതകടച്ച് നിവിന്‍ പോളിയോട് ഒരു ഡയലോഗുണ്ട് കല്‍പ്പന. പിന്നീട് മറ്റ് ബന്ധുക്കളുടെ മുമ്പില്‍ വേറൊരു പ്രകടനം. കല്‍പ്പന ഒരവാര്‍ഡ് അര്‍ഹിക്കുന്നുണ്ട് :)
 
മികച്ച സംവിധാനം, ഒന്നാന്തരം തിരക്കഥ - ബാംഗ്ലൂര്‍ ഡെയ്സ് എന്ന സിനിമയുടെ വിജയം അഞ്ജലി മേനോന്‍റെ വിജയമാണ്. ഈ ഡയറക്ടറില്‍ നിന്ന് ഇനിയും ഏറെ പ്രതീക്ഷിക്കാം മലയാളികള്‍ക്ക്. അഞ്ജലിക്ക് ആവശ്യമുള്ളതെല്ലാം ഒരുക്കിക്കൊടുത്ത ആ നല്ല നിര്‍മ്മാതാവ്, അന്‍‌വര്‍ റഷീദിനും നന്ദി പറയാം.
 
കുറച്ചുമുമ്പ് ജോസഫ് ജെസെന്‍ വിളിച്ചു. "തനിക്ക് സിനിമ കാണണേല്‍ ഞാന്‍ കൊണ്ടുപോകില്ലേ? വയ്യാതെ തനിയെ ഡ്രൈവ് ചെയ്യണോ?" എന്നൊരു ചോദ്യം. അമ്മു വിളിച്ച് അറിയിച്ചതായിരിക്കും. "ജോസഫേ, സിനിമയൊക്കെ നിങ്ങള്‍ടെ ഇപ്പോഴത്തെ ഭാര്യയെ(ഞാന്‍ ചിന്നമ്മു എന്ന് വിളിക്കുന്ന ഗ്രേസി, അവള്‍ ഇപ്പോള്‍ എനിക്ക് പ്രിയപ്പെട്ട കൂട്ടുകാരിയാണ്) കൊണ്ടു കാണിച്ചാല്‍ മതി" എന്ന കുറിക്കുകൊള്ളുന്ന ഡയലോഗടിച്ചു ഞാന്‍. എന്താ കക്ഷീടെ ഒരു പൊട്ടിച്ചിരി. എന്തായാലും രണ്ടാളും ഇന്ന് ബാംഗ്ലൂര്‍ ഡെയ്സിന് ടിക്കറ്റെടുത്തിട്ടുണ്ടത്രേ :)

വെബ്ദുനിയ വായിക്കുക