പുതിയ തീരങ്ങള്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

വ്യാഴം, 27 സെപ്‌റ്റംബര്‍ 2012 (21:11 IST)
PRO
“വെറുതെ ഇങ്ങനെ കിടക്കുമ്പോള്‍ തീര്‍ത്തും ഒറ്റപ്പെട്ടതുപോലെ തോന്നും. ഞാന്‍ ഒന്നും ചെയ്യുന്നില്ല. റിലാക്സ്ഡ് ആണ്. കൈയില്‍ നിന്ന് ഒരു ട്യൂബ് ഒരു പ്ലാസ്റ്റിക് ബോട്ടിലിലേക്ക്. അതില്‍ നിന്നും രക്തം തുള്ളികളായി വീഴുന്നതിന്‍റെ ശബ്ദം കേള്‍ക്കാനായെങ്കില്‍ എന്ന് ആഗ്രഹിച്ചു. അതിന്‍റെ താളമെങ്കിലും ആസ്വദിക്കാമായിരുന്നു. ഇവിടെ, വേറെ ആരുമില്ല. ഇടയ്ക്കിടെ അത്ര സുന്ദരിയല്ലാത്ത ഒരു നഴ്സ് വന്ന് എത്തിനോക്കും. ഇടയ്ക്ക് വന്ന് ഇഞ്ചക്ഷനുകളും മരുന്നും‍” - ഒരാഴ്ച മുമ്പ് ആശുപത്രിക്കിടക്കയില്‍ വേദനയുടെ ഇടവേളയിലെപ്പൊഴോ കുറിച്ച വരികളാണ്.

തിലകന്‍ ചേട്ടന്‍ മരിച്ച ദിവസമാണ് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയത്. ടി വി ഓണ്‍ ചെയ്തില്ല. വെറുതെ അദ്ദേഹത്തെക്കുറിച്ച് ആലോചിച്ചുകിടന്നു. ആദ്യമായി അദ്ദേഹത്തെ ഇന്‍റര്‍വ്യൂ ചെയ്യാന്‍ പി ആര്‍ എസ് കോര്‍ട്ടിലെ ഫ്ലാറ്റില്‍ പോയത് ഓര്‍ത്തു. “അര മണിക്കൂര്‍ തരാം. അതുകഴിഞ്ഞ് എനിക്ക് കഞ്ഞികുടിക്കണം, ടാബ്‌ലറ്റ് കഴിക്കണം. അര മണിക്കൂര്‍ കഴിയുമ്പോള്‍ ഞാന്‍ പറയുന്നതിന് മുമ്പ് അഭിമുഖം നിര്‍ത്തിയാല്‍ കൊള്ളാം. അല്ലെങ്കില്‍ പിടിച്ചിറക്കി വിടേണ്ടിവരും” - എന്നാണ് തിലകന്‍ ചേട്ടന്‍ ഫോണില്‍ പറഞ്ഞത്. പക്ഷേ ആ അഭിമുഖം നാലു മണിക്കൂറിലധികം നീണ്ടുനിന്നു. സംസാരത്തില്‍ ആവേശം കയറിയാല്‍ മറ്റെല്ലാം മറന്നുപോകുന്ന കൊച്ചുകുട്ടിയായി തിലകന്‍ ചേട്ടന്‍ മാറുമായിരുന്നു.

സിനിമയുടെ കാര്യത്തില്‍ ഞാനും അതുപോലെയാണ്. നല്ല സിനിമകള്‍ റിലീസായി എന്നറിയുമ്പോള്‍ രോഗത്തിന്‍റെ അസ്വാതന്ത്ര്യത്തില്‍ പോലും എനിക്ക് ചിറകുകള്‍ മുളയ്ക്കുന്നു. ആ സിനിമ ഏറ്റവും ആദ്യം കാണാനുള്ള കൊതി. അതിന്‍റെ വിഷ്വലുകള്‍ മാറിമറിയുമ്പോള്‍ എനിക്ക് വേദനയിലും ആശ്വാസം തോന്നും. ‘പുതിയ തീരങ്ങള്‍‘ എന്ന സത്യന്‍ അന്തിക്കാട് ചിത്രം ഒഴിവാക്കുന്നതെങ്ങനെ? വാക്കറില്‍ ശരീരം താങ്ങി തിയേറ്ററിലെ തണുപ്പിലേക്കിറങ്ങുമ്പോള്‍ അവിടെ ഒരു തെലുങ്ക് പടം ഡബ്ബ് ചെയ്ത് വരുന്നതിന്‍റെ പരസ്യമാണ്. ആകെയൊരു കോലാഹലം.

പുതിയ തീരങ്ങള്‍ ബെന്നി പി നായരമ്പലമാണ് എഴുതിയത്. ഛായാഗ്രഹണം വേണു. സംഗീതം ഇളയരാജ. ഈ സിനിമകളുടെ പാട്ടുകളില്‍ ഒന്ന് ഇന്നലെ രാത്രി ലാപ്ടോപ്പില്‍ കണ്ടു. പാട്ടുരംഗത്തിലെ ക്ലോസ് ഷോട്ടുകളില്‍ നിവിന്‍ പോളി ശരിയായിട്ടില്ല. എന്നാല്‍ ആ പെണ്‍കുട്ടി, നമിത പ്രമോദ് - അവള്‍ അടുത്ത സുമലതയല്ലേ? അതേചിരിയും ശാലീനതയും !

അടുത്ത പേജില്‍ - ചെമ്മീനുമല്ല, അമരവുമല്ല !

PRO
ചെമ്മീനും അമരവുമാണ് കടലോര സിനിമകള്‍ എന്ന് കേള്‍ക്കുമ്പോള്‍ എന്‍റെ ഉള്ളിലേക്ക് വരുന്നത്. എന്‍റെ മാത്രമല്ല, ഒട്ടുമിക്ക മലയാളികളുടെയും. രാമു കാര്യാട്ടും ഭരതനും ചെയ്ത ക്ലാസിക്കുകളുടെ ശ്രേണിയിലേക്ക് സത്യന്‍ അന്തിക്കാട് എന്ത് സംഭാവനയാണ് ചെയ്യുന്നത് എന്ന് കണ്ടറിയാനുള്ള ആകാംക്ഷയായിരുന്നു സിനിമ തുടങ്ങുന്നതുവരെ എന്നെ ഭരിച്ചത്. സിനിമ കഴിഞ്ഞതോടെ സങ്കടമായി. കാര്യാട്ടിനോ ഭരതനോ യാതൊരുവിധ വെല്ലുവിളിയും സത്യന്‍ അന്തിക്കാട് ഉയര്‍ത്തിയിട്ടില്ല. മാത്രമല്ല, ഇത് എന്നും കാണുന്നതുപോലെ ഒരു പതിവ് സത്യന്‍ ചിത്രം തന്നെയാകുന്നു. പശ്ചാത്തലം കടലാണെന്നുള്ള ഒരേയൊരു പ്രത്യേകത മാത്രം.

തിരക്കഥയെഴുതുന്നതിലുള്ള വിദഗ്ധ്യമില്ലായ്മ തെറിച്ചുനിന്നവയായിരുന്നു സമീപകാല സത്യന്‍ സിനിമകള്‍. ‘പുതിയ തീരങ്ങള്‍’ അതിനൊരു അവസാനമാകുമല്ലോ എന്ന് പ്രതീക്ഷിച്ചു. എന്നാല്‍, എന്‍റെ അഭിപ്രായത്തില്‍ സത്യന്‍ അന്തിക്കാട് സ്വയം തിരക്കഥയെഴുതുന്നത് തന്നെയായിരുന്നു ഇതിലും ഭേദം. ബെന്നി പി നായരമ്പലം എഴുതിയ മോശം തിരക്കഥകളില്‍ ഒന്നാണ് പുതിയ തീരങ്ങള്‍. പേരില്‍ ‘പുതിയ’ എന്നുണ്ടെങ്കിലും സത്യന്‍ അന്തിക്കാട് മുമ്പു പലതവണ പറഞ്ഞുതന്നിട്ടുള്ള പഴയ പഴയ തീരങ്ങള്‍ തന്നെയാണ് ഈ സിനിമയിലുള്ളത്.

ചിത്രത്തിന്‍റെ ആദ്യപകുതി രസകരമാണ്. എന്നാല്‍ പോകെപ്പോകെ കാഴ്ചക്കാരനെ വിരസതയിലേക്ക് നയിക്കുന്നു സിനിമ. രണ്ടാം പകുതിയുടെ ആരംഭകാലമൊക്കെ വളരെ ഡ്രാഗിംഗ് ആണ്. ക്ലൈമാക്സ് ആര്‍ക്കും പ്രവചിക്കാവുന്നതും. എന്തെങ്കിലും അപ്രതീക്ഷിതമായ കാഴ്ച ആഗ്രഹിച്ചിരിക്കുന്ന പ്രേക്ഷകരെ നിരാശയിലാഴ്ത്തുന്ന സിനിമയായി പുതിയ തീരങ്ങള്‍.

അടുത്ത പേജില്‍ - കഥയും കഥയില്ലായ്മയും

PRO
താമരയുടെ കഥയാണ് ‘പുതിയ തീരങ്ങള്‍’. അനാഥയായ താമര(നമിത പ്രമോദ്) എന്ന പെണ്‍കുട്ടിയുടെ ജീവിത പോരാട്ടങ്ങളുടെ കഥ. അവളെ നിശബ്ദം പ്രണയിക്കുന്ന മോഹനന്‍(നിവിന്‍ പോളി) ചുറ്റുപരിസരത്തുണ്ട്. അമ്മയില്ലാത്ത അവള്‍ക്ക് അച്ഛനെ(സിദ്ദിക്ക്) പന്ത്രണ്ടാം വയസില്‍ കടലില്‍ നഷ്ടമായി. അച്ഛനിലൂടെ അവള്‍ കടലിനെ അടുത്തറിഞ്ഞിരുന്നു. അച്ഛന്‍ ഇല്ലാതായപ്പോഴും അവള്‍ കടലില്‍ പോയി. പുരുഷന്‍‌മാര്‍ക്കൊപ്പം, അവര്‍ക്കൊരത്ഭുതമായി കടലിനോട് മല്ലിട്ട് താമര ജീവിച്ചു.

അങ്ങനെയിരിക്കെയാണ് താമരയ്ക്ക് കെ പിയെ കിട്ടുന്നത്. കെ പി(നെടുമുടി വേണു) കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ വന്നതാണ്. അയാളെ രക്ഷിച്ച് തന്‍റെ വീട്ടില്‍ കൊണ്ടുപോയി. അയാള്‍ അവളെ മകളെ പോലെ സ്നേഹിച്ചു. അവള്‍ക്ക് അയാള്‍ അവളുടെ നഷ്ടപ്പെട്ട അച്ഛനായി. പക്ഷേ യഥാര്‍ത്ഥത്തില്‍ ആരാണ് അയാള്‍ എന്നത് പ്രശ്നം സങ്കീര്‍ണമാക്കുന്നു.

കടലിന്‍റെ പശ്ചാത്തലത്തില്‍ ഒരു കഥ പറയാമെന്ന് തീരുമാനിച്ചതല്ലാതെ നല്ലൊരു കഥ കണ്ടെത്താന്‍ സത്യന്‍ അന്തിക്കാടിനും ബെന്നിക്കും കഴിഞ്ഞിട്ടില്ല. മനസ്സിനക്കരെ പോലെയുള്ള സബ്‌പ്ലോട്ടുകള്‍ ഉപയോഗിച്ച് കഥയുടെ പിരിമുറുക്കത്തിന്‍റെ രസം കൊല്ലുകയും ഒരു സാധാരണ സിനിമയാക്കി മാറ്റുകയും ചെയ്തു സംവിധായകന്‍. കടലിന്‍റെ നല്ല ദൃശ്യങ്ങള്‍ കാണാമെന്നല്ലാതെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒന്നും നല്‍കുന്നില്ല പുതിയ തീരങ്ങള്‍. മനോഹരമായ വിഷ്വലുകള്‍ക്ക് വേണുവിന് നന്ദി പറയാം.

അടുത്ത പേജില്‍ - നെടുമുടി നായകന്‍

PRO
നെടുമുടി വേണുവാണ് പുതിയ തീരങ്ങളിലെ നായകന്‍. കെ പിയുടെയും താമരയുടെയും കഥയായാണ് ചിത്രം മുന്നോട്ടു പോകുന്നത്. താമരയെ സ്നേഹിക്കുന്ന മോഹനനൊന്നും വലിയ പ്രാധാന്യമില്ല. എന്നാല്‍ നെടുമുടി വേണുവിന് പെര്‍ഫോം ചെയ്യാന്‍ അസാധ്യ സ്കോപ്പുള്ള സിനിമയാണോ എന്നു ചോദിച്ചാല്‍ അതുമല്ല. തനിക്ക് ലഭിച്ച കഥാപാത്രത്തോട് നെടുമുടി നീതി പുലര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇത് നെടുമുടിയുടെ മികച്ച അഭിനയം കാഴ്ചവച്ച സിനിമകളില്‍ ഒന്നാവുന്നതുമില്ല.

നായിക നമിത ഒതുക്കമുള്ള അഭിനയം കാഴ്ച വച്ചു. ഈ നടിയില്‍ പ്രതീക്ഷയര്‍പ്പിക്കാം. മുമ്പ് പറഞ്ഞതുപോലെ, സുമലതയുടെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന രൂപഭാവങ്ങള്‍. പക്വതയുള്ള പെര്‍ഫോമന്‍സ്. താമര എന്ന കഥാപാത്രമായി ബിഹേവ് ചെയ്യുകയാണ് ഈ കുട്ടി. എന്നാല്‍ നിവിന്‍ പോളിക്ക് ഈ സിനിമ ഒരര്‍ത്ഥത്തിലും ഗുണം ചെയ്യില്ല. അച്ചുവിന്‍റെ അമ്മയില്‍ നരേന് കുറച്ചെങ്കിലും പ്രാധാന്യമുണ്ടായിരുന്നു. എന്നാല്‍ ഈ സിനിമയില്‍ അത്രയ്ക്കുള്ള പ്രാധാന്യം പോലും നിവിന്‍ പോളിക്ക് ലഭിച്ചിട്ടില്ല.

ഇന്നസെന്‍റിനും ഒരു ശരാശരി കഥാപാത്രത്തെ ലഭിച്ചു. എന്നാല്‍ സത്യന്‍ അന്തിക്കാട് സിനിമകളിലെ സ്ഥിര സാന്നിധ്യമായ കെ പി എ സി ലളിതയോ മാമുക്കോയയോ ഈ ചിത്രത്തിലില്ല. അതൊരു കുറവ് തന്നെയായി അനുഭവപ്പെടുന്നുമുണ്ട്. ധര്‍മ്മജന്‍, സിദ്ദാര്‍ത്ഥന്‍ തുടങ്ങിയവരുമുണ്ട് ചിത്രത്തില്‍. പരാമര്‍ശിക്കാന്‍ മാത്രമുള്ള പ്രകടനമൊന്നും നടത്തുന്നില്ല അവരൊന്നും.

അടുത്ത പേജില്‍ - സത്യന്‍ അന്തിക്കാട് റൂട്ട് മാറ്റേണ്ടതുണ്ടോ?

PRO
സത്യന്‍ അന്തിക്കാടിന്‍റെ ഏറ്റവും മോശം സിനിമകളില്‍ ഒന്നാണ് പുതിയ തീരങ്ങള്‍. സിനിമ കഴിഞ്ഞപ്പോള്‍ കടുത്ത നിരാശ തോന്നി. ഇളയരാജ ഈണമിട്ട ഗാനങ്ങള്‍ പോലും സംതൃപ്തി നല്‍കിയില്ല. ‘രാജഗോപുരം...’ എന്ന ഗാനം തമ്മില്‍ ഭേദമാണ്. അതിന്‍റെ വിഷ്വലൈസേഷനില്‍ സത്യന്‍ തന്‍റെ പതിവ് രീതികള്‍ ഉപേക്ഷിച്ചിട്ടുണ്ട്. വ്യത്യസ്തമായ ഒരു ലൊക്കേഷന്‍. ആ ഗാനചിത്രീകരണത്തില്‍ വേണുവിന്‍റെ ഛായാഗ്രഹണമികവും എടുത്തുപറയേണ്ടതാണ്.

കുടുംബ കഥകളില്‍ വ്യത്യസ്തത കണ്ടെത്താന്‍ പറ്റുന്നില്ല എന്നതാണ് സത്യന്‍ അന്തിക്കാട് ഇപ്പോള്‍ അനുഭവിക്കുന്ന പ്രതിസന്ധി. ലോഹിതദാസ്, ശ്രീനിവാസന്‍, രഞ്ജന്‍ പ്രമോദ് തുടങ്ങിയവരുടെ തിരക്കഥകള്‍ സത്യന്‍ സിനിമയാക്കിയപ്പോള്‍ അവയില്‍ വ്യത്യസ്തമായ ജീവിതമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ സത്യന്‍ രചന തുടങ്ങിയപ്പോല്‍ മുതല്‍ അദ്ദേഹത്തിന്‍റെ സിനിമകള്‍ പച്ചപ്പോ നനവോ ഇല്ലാതെ വരണ്ടുതുടങ്ങി. ഈ സിനിമയില്‍ മറ്റൊരാളുടെ തിരക്കഥ ഉപയോഗിച്ചിട്ടുപോലും സത്യന് ആ പഴയ മാജിക് സൃഷ്ടിക്കാനാവുന്നില്ല.

കുടുംബപ്രേക്ഷകര്‍ക്ക് ഇപ്പോഴും ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട്. അദ്ദേഹത്തിന്‍റെ സിനിമകളാണ് കേരളത്തിന്‍റെ ആസ്ഥാന സിനിമകള്‍. മലയാളിത്തവും നമ്മുടെ സംസ്കാരവും അതിലുണ്ടാവും. അതുകൊണ്ട് കുടുംബബന്ധങ്ങളുടെ കഥ പറയുന്ന സിനിമാരീതി സത്യന്‍ ഉപേക്ഷിക്കേണ്ടതില്ല. നല്ല തിരക്കഥകള്‍ കണ്ടെത്തുകയാണ് വേണ്ടത്. ശ്രീനിവാസനെയും രഞ്ജന്‍ പ്രമോദിനെയുമൊക്കെ സത്യന്‍ വീണ്ടും കൂടെക്കൂട്ടുമെന്നും മലയാളിത്തമുള്ള നല്ല സിനിമകള്‍ വീണ്ടും ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം.

വെബ്ദുനിയ വായിക്കുക