മമ്മൂട്ടിയല്ലേ, ജയരാജല്ലേ, പണ്ട് നിരവധി മികച്ച സിനിമ ചെയ്തവരല്ലേ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് ദ ട്രെയിന്‍ കണ്ടിറങ്ങിയപ്പോള്‍ ബോധ്യമായി. പഠിച്ചുപഠിച്ച് ഒന്നുമില്ലാതായി എന്ന് പറയുന്നതുപോലെയാണ് കാര്യങ്ങള്‍. പക്ഷേ, ഇവരുടെ ഈ പുതിയ ചിത്രം കാണുന്ന ഏതൊരാള്‍ക്കും മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. ഒരു മൊബൈലുണ്ടായാല്‍ ഒരു സിനിമയെടുക്കാമെന്ന്!
സിനിമ തുടങ്ങിയിട്ട് ഏകദേശം പത്ത് മിനുട്ട് കഴിഞ്ഞുകാണും ആദ്യത്തെ ഫോണ്‍ വിളി സംഭവിച്ചു. ആരാണ് ആദ്യം മൊബൈലില്‍ സംസാരിക്കുന്നതെന്നൊന്നും ചോദിക്കരുത്. സിനിമയിലെ മുഴുവന്‍ കഥാപാത്രങ്ങളും, കൊച്ചുകുട്ടിയടക്കം അഭിനയം ഫോണിലൂടെയല്ലേ നടത്തുന്നത്. അതുകൊണ്ട് ഒന്നും ഓര്‍മ്മയില്ല. പക്ഷേ സിനിമ അവസാനിക്കുന്നതിന് ഒരു അഞ്ചു മിനുട്ട് മുമ്പ് വരെ ഈ ഫോണ്‍ വിളി തുടരുന്നുണ്ടെന്ന് എനിക്ക് വ്യക്തമായി ഓര്‍മ്മയുണ്ട്. ഈ ഖണ്ഡികയില്‍ ഞാന്‍ ഫോണ്‍ എന്ന വാക്ക് എത്ര തവണ ഉപയോഗിച്ചോ അതിന്റെ പത്തിരട്ടി കോള്‍ എങ്കിലും ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ചെയ്യുന്നുണ്ട്.
ദ ട്രെയിനില്‍ നാലു കഥയാണുള്ളത്. പക്ഷേ ഒന്നിനും ഒരു കഥയുമില്ല എന്ന് മാത്രം. യഥാര്‍ഥ സംഭവത്തിന്റെ ചിത്രീകരണം എന്നാണ് പരസ്യവാചകം. സിനിമ തുടങ്ങുന്നത് മുംബൈയിലെ വ്യത്യസ്ത റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നടക്കുന്ന സ്ഫോടനപരമ്പരകളോടെയാണ്. സ്ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് തന്നെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സെല്‍ ഉദ്യോഗസ്ഥന് കേദാര്‍നാഥ്(മമ്മൂട്ടി) പ്രത്യക്ഷപ്പെടുന്നുണ്ട്. ട്രെയിനിലും സ്റ്റേഷനിലുമായി നാല് കഥാപാത്രങ്ങളെയും ക്യാമറ എടുത്തുകാട്ടുന്നു. സ്ഫോടനം ചാനലുകളില്‍ ബ്രേക്കിംഗ് ന്യൂസ് ആയി കാണിക്കുന്നു. പിന്നീട് നാം കാണുക എല്ലാവരും പിന്നോട്ട് നടക്കുന്നതാണ്. ട്രെയിനും ബസും പിന്നോട്ട് ഓടുന്നു. ക്ലോക്ക് ആന്റിവൈസ് ഡയറക്ഷനില് കറങ്ങുന്നു. അതേ, നിങ്ങള്‍ ഉദ്ദേശിച്ചത് തന്നെ - ഫ്ലാഷ് ബാക്ക്!
അടുത്ത പേജില്‍ - കഥകള്‍ കുത്തിനിറച്ച സിനിമ
PRO
സമയം രാവിലെ ആറ് മണി. ഒരു ബോട്ടില്‍ അവര്‍ മുംബൈ തീരത്തെത്തുന്നു. ഒരാളെ കൊല്ലുന്നു. ഒരു മിനി വാനില്‍ എങ്ങോട്ടോ പോകുന്നു. ഇവര്‍ തീവ്രവാദികളാണ് നമുക്ക് ഒരു ഫോണ്‍ കോളിലൂടെ മനസ്സിലാകും. തലവന്‍ മൊബൈല്‍ ഫോണിലൂടെ നിര്‍ദ്ദേശം നല്കുന്നു. ഇവര്‍ ബോംബുണ്ടാക്കുന്നു. ഫോണ്‍ വിളിച്ചാല്‍ ബോംബ് പൊട്ടും എന്ന് തലവന്‍ അറിയിക്കുന്നു. എവിടെയൊക്കെയാണ് ബോംബ് വയ്ക്കേണ്ടത് എന്ന് നിര്‍ദ്ദേശം നല്കുന്നു,
ഇനി മറ്റൊരു ഫോണ്‍ കഥ. ക്യാമറ ഒരു ചേരിയിലേക്ക് തിരിയുന്നു. അവിടെ ഒരു ടെന്റില്‍ എ ആര് റഹ്മാനെയും സ്വപ്നം കണ്ട് ഒരു ട്രാക്ക് ഗായകന് ഉറങ്ങുന്നുണ്ട് - കാര്‍ത്തിക്(ജയസൂര്യ). കാര്‍ത്തിക്കിന് സുഹൃത്തിന്റെ ഒരു കോള്‍ വരുന്നു. റഹ്മാന്റെ ഗാനത്തില്‍ ട്രാക്ക് പാടാന്‍ കാര്‍ത്തിക്കിന് അവസരം ഉണ്ടെന്നാണ് കോള്‍. ക്യാമറ ഒരു വലിയ കെട്ടിടത്തിനു മുകളിലെ കാഴ്ച കാട്ടുകയാണ് പിന്നീട്. അവിടെയും ഒരു ഫോണ്‍ കഥയുണ്ട്. ഒരു പെണ്‍കുട്ടി(അഞ്ചല്‍ സബര്‍വാള്‍) ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുകയാണ്. വീട്ടുകാര്‍ക്കുള്ള സന്ദേശം ഫോണില്‍ റെക്കോര്‍ഡ് ചെയ്യുന്നു. ഇനി ഒരു മൂന്ന് മിനുട്ട് നേരത്തേക്ക് സസ്പെന്‍സ് ആണ്. അവള് ആത്മഹത്യ ചെയ്യുമോ ഇല്ലയോ?.
കൈവിടര്‍ത്തി അവള് മെല്ലെ മെല്ലെ പിന്നാക്കം വരുന്നു. ടെറസിന്റെ അറ്റത്ത് എത്തി. ഒരു ഒരു ചെറിയ കല്ല് അവളുടെ കാലില്‍ തട്ടി താഴേക്ക് വീഴുന്നുണ്ട്. അപ്പോള്‍ നമ്മള് അറിയുന്നു എത്ര ഉയരത്തിലാണ് അവള് നില്‍ക്കുന്നതെന്ന്. ദാ അവള് ഇപ്പോള്‍ ആത്മഹത്യ ചെയ്യും. ഇനി ഒരടി വച്ചാല്‍ താഴെയെത്തും. അപ്പോഴതാ അവളുടെ ഫോണ്‍ റിംഗ് ചെയ്യുന്നു. കാര്‍ത്തിക് ആണ് മറുവശത്ത്. റഹ്മാനൊപ്പം പാടാന്‍ അവസരം കിട്ടിയ കാര്യം പറയുന്നു. റഹ്മാന് ഗിഫ്റ്റ് നല്കാന് ഡ്രീം സോംഗ് റെക്കോര്‍ഡ് ചെയ്യേണ്ടെ എന്ന് ചോദിക്കുന്നു. അവള് ഫോണ്‍ കട്ട് ചെയ്യുന്നു. ഇനി ആത്മഗതമാണ് - ‘ആരാണ് ഒരു ഫോണ്‍ കോള്‍ കൊണ്ട് എന്റെ ജീവിതം മാറ്റി മറിച്ചത്?’ അത് പിന്നീട് നമ്മള് അറിയും. ക്യാമറ മറ്റൊരു ജീവിതത്തിലേക്ക് തിരിയുന്നു.
ഒരു വീടാണ് രംഗം. അവിടെ ഒരു കുട്ടിയും വേലക്കാരിയുമുണ്ട്. കുട്ടിയെ നേഴ്സായ അമ്മ ഫോണ്‍ വിളിക്കുന്നു. കാര്യങ്ങള്‍ അന്വേഷിക്കുന്നു. കുട്ടി പറയുന്നു. ഇന്ന് തന്റെ ഹാപ്പി ബര്‍ത്ത്ഡേ ആണെന്ന്. മറുവശത്ത് സോറി പറയുന്നു. വരാന്‍ പറ്റില്ല തിരക്കാണ്. ബര്‍ത്ത്ഡേ ഞായറാഴ്ച ആഘോഷിക്കാം എന്ന് പറയുന്നു. അതിനിടയില്‍ കുട്ടിയുടെ അച്ഛനെ കോണ്‍ഫറന്‍സ് കോളില്‍ കണക്ട് ചെയ്യുന്നു. ഡോക്ടറായ അച്ഛനും വരാന്‍ പറ്റില്ലെന്നു പറയുന്നു. ഫോണ്‍ വയ്ക്കുമ്പോള്‍ കുട്ടിയുടെ അമ്മ പറയുന്നു എന്തുവന്നാലും ഓള്‍ഡ് ഹോമിലേക്ക് വിളിക്കരുതെന്ന്. ഇനി രംഗം ഓള്‍ഡ് ഹോമാണ്. അവിടെ ഒരു വൃദ്ധനും വൃദ്ധയും ഒരു ഗിഫ്റ്റ് പാക്കറ്റ് പൊട്ടിക്കുകയാണ്. അതില്‍ കുട്ടിയുടെ കത്ത് ഉണ്ട്. ഇന്ന് തന്റെ ബര്‍ത്ത്ഡേ ആണെന്നും മുത്തച്ഛന് വരണമെന്നും അവന് കത്തിലെഴുതിയിട്ടുണ്ട്. മുത്തച്ഛന് അല്‍ഷിമേഴ്സ് ആണ്. അതിനാല്‍ വീടിന്റെ വിലാസം കുട്ടി ഒരു കടലാസില്‍ എഴുതി ഗിഫ്റ്റിനിപ്പം വച്ചിട്ടുണ്ട്. ഒരു ഫോണും അക്കൂട്ടത്തിലുണ്ട്. അതിലൂടെ കുട്ടിയെ വിളിക്കുകയും ചെയ്യാം. വൃദ്ധയുടെ സഹായത്തോടെ വാര്‍ഡനെ കബളിപ്പിച്ച് മുത്തച്ഛന് കുട്ടിയെ കാണാന്‍ ഓള്‍ഡ് ഹോമില്‍ നിന്ന് ഇറങ്ങുന്നു.
അടുത്ത പേജില്‍ - കേദാര്‍നാഥും ചില രഹസ്യങ്ങളും
PRO
ഇനി നമ്മള് കാണുക ഒരു ബൈക്കിനെ ഒരു സ്കോര്‍പ്പിയോ ഫോളോ ചെയ്യുന്നതാണ്. കുറച്ചുനേരം പിന്തുടര്ന്നിട്ടും ബൈക്ക് യാത്രികനെ പിടികൂടാനാകുന്നില്ല. റോഡില്‍ എ ടി എസ് ഉദ്യോഗസ്ഥാന് ജോസഫ്(ജഗതി) കൈകാണിച്ചിട്ടും ബൈക്കുകാരന് നിര്‍ത്തുന്നില്ല. ഉടന്‍ ജോസഫ് ഫോണിലൂടെ കേദാര്‍നാഥിനെ സംഭവം അറിയിക്കുന്നു. ബൈക്കുകാരന് പോയ ഡയറക്ഷന്‍ മനസ്സിലാക്കിയ കേദാര്‍നാഥ് അയാളെ പിടികൂടുന്നു. പിന്നീടാണ് മനസ്സിലാകുന്നത് ബൈക്ക് യാത്രികന് ഒരു കോളേജ് വിദ്യാര്‍ഥി ആണെന്നും തീവ്രവാദി അല്ലെന്നും. ഇതേത്തുടര്‍ന്ന് എ ടി എസ് മേധാവി കേദാര്‍നാഥിനെ ശാസിക്കുന്നു(ഇതും ഫോണിലൂടെയാണ് കേട്ടോ).
കേദാര്‍നാഥിന് എല്ലാവരെയും സംശയമാണ്. അതിന് കാരണവുമുണ്ട്. ഒരു ബോംബ് സ്ഫോടനത്തിലാണ് അയാള്‍ക്ക് ഭാര്യയെയും ഒരു മകളെയും നഷ്ടപ്പെടുന്നത്. കേദാര്‍നാഥും ഒരു മകളും മാത്രമാണ് രക്ഷപ്പെട്ടത്. ഈ സംഭവം മേധാവിക്ക് അറിയാം. അതിനാല്‍ കേദാറിനോട് അവധിയെടുക്കാന്‍ പറയുന്നു. ഒരു എന്‍ജിനീയര്‍ വിദ്യര്‍ഥിയായ ടെററിസ്റ്റ് മുംബൈയില്‍ ആക്രമണം നടത്താന്‍ ശ്രമിക്കുന്നുവെന്ന് കേദാറിന് ഐ ബി റിപ്പോര്‍ട്ട് കിട്ടുന്നുണ്ട്. ഇതിന്റെ അന്വേഷണത്തിലാണ് കേദാറെന്ന് അറിഞ്ഞാണ് മേധാവി ലീവെടുക്കാന്‍ സഹപ്രവര്‍ത്തകനെ സ്നേഹപൂര്‍വം നിര്‍ബന്ധിക്കുന്നത്. മകളും വീട്ടില്‍ വരാന്‍ കേദാറിനോട് ആവശ്യപ്പെടുന്നുണ്ട്. ഒരു ഔട്ടിംഗ് പോകുകയാണ് അവളുടെ ലക്ഷ്യം. ഔട്ടിംഗിന് കൊണ്ടുപോകാമെന്ന് കേദാര്‍ മകള്‍ക്ക് വാക്ക് നല്കുന്നു.
ഇതിനിടെയില്‍ ഒരു കഥ കൂടി. സ്വാതന്ത്ര്യസമര സേനാനിയുടെ കൊച്ചുമകളായ സുഹാന നഗരത്തില്‍ ജോലി ചെയ്യുകയാണ്. ഉപ്പൂപ്പയ്ക്ക് ഹജ്ജിന് പോകാന്‍ വിസ കിട്ടിയ കാര്യം സുഹാന വീട്ടിലേക്ക് വിളിച്ചുപറയുന്നു. ഹജ്ജിന് പോകാന്‍ പണം ശരിയായിട്ടില്ല. സ്വാതന്ത്ര്യസമര സേനാനിയെന്ന നിലയില്‍ ഉപ്പൂപ്പയ്ക്ക് കിട്ടേണ്ട പെന്ഷന് തടഞ്ഞുവച്ചിരിക്കുകയാണ്. കൈക്കൂലി കൊടുത്താല്‍ മാത്രമേ പെന്ഷന് കിട്ടുകയുള്ളു. പെന്ഷന് ലഭിക്കാനുള്ള ശ്രമങ്ങള്‍ നടത്താന്‍ സുഹാനയെ വിട്ട് ക്യാമറ വീണ്ടും കാര്‍ത്തിക്കിലേക്ക് തിരിയുന്നു.
കാര്‍ത്തിക് കുറച്ച് ഫോണ്‍ സംഭാഷണങ്ങളിലൂടെ ആ പെണ്‍കുട്ടിയോട് പ്രണയത്തിലാകുന്നു. തന്റെ പാട്ട് റെക്കോര്‍ഡ് ചെയ്യുന്ന ഒരു സ്റ്റുഡിയോയില്‍ വച്ച് തമ്മില്‍ കാണാമെന്ന് പെണ്‍കുട്ടിയോട് പറയുന്നു. പക്ഷേ പാട്ട് റെക്കോര്‍ഡ് ചെയ്യേണ്ട സ്റ്റുഡിയോ അതല്ലെന്ന് കാര്‍ത്തിക് അവിടെയെത്തുമ്പോഴാണ് അറിയുന്നത്. ഈ പാട്ട് റെക്കോര്‍ഡ് ചെയ്ത് കിട്ടുന്ന പണം കൊണ്ട് വേണം ചെന്നൈക്ക് റഹ്മാനെ കാണാന്‍ പോകാന്‍. വൈകുന്നേരമാണ് ട്രെയിന്‍. കാര്‍ത്തിക് അടുത്ത സ്റ്റുഡിയോയിലേക്ക് പോകുന്നു. അവളെ വിളിച്ച് കാര്യം പറയാമെന്ന് വിചാരിച്ച കാര്‍ത്തിക്കിന് ഫോണ്‍ കണക്ട് ആകുന്നില്ല. കുറച്ച് കഴിഞ്ഞ് ഒന്ന് കൂടി നോക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ്. അവളുടെ ഫോണ്‍ കാണാതെ പോയതാണ് കാര്യം. ഇനി അവര്‍ എങ്ങനെ കണ്ടുമുട്ടും? അതവിടെ നില്ക്കട്ടെ, ഇനി കേദാര്‍നാഥിന്റെ അന്വേഷണത്തിലേക്ക് വരാം.
അടുത്ത പേജില്‍ - സില്ലിയായ മുഹൂര്‍ത്തങ്ങള്‍
PRO
ആദ്യപകുതിയുടെ അവസാനമാണ് രംഗം. മകളെ കാണാന്‍ വീട്ടിലേക്ക് പോകുന്നതിനായി കേദാര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയതായിരുന്നു. ദുരൂഹ സാഹചര്യത്തില്‍ ഒരു യുവാവിനെ സ്റ്റേഷനില്‍ കണ്ടെത്തുന്നു. ഇയാളെ പിടിക്കാനുള്ള ശ്രമമാണ് പിന്നീട്. സ്റ്റേഷനില്‍ നിര്‍ത്തിയിട്ട പല ട്രെയിനുകള്‍ കേദാര്‍ കയറിയിറങ്ങുന്നു. യുവാവ് കേദാറിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ഒരു പത്തുമിനുട്ട് നേരം ഇതാണ് നടക്കുന്നത്. പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെയാണ് ഈ രംഗം. ഒടുവില്‍ കേദാര്‍ യുവാവിന്റെ മേല്‍ ചാടി വീഴുമ്പോള്‍ ഇടവേളയാകുന്നു.
അടുത്ത പകുതിയില്‍ യഥാക്രമം കാര്‍ത്തിക്കും പെണ്‍കുട്ടിയും മുത്തച്ഛനും കുട്ടിയും, സുഹാനയും തീവ്രവാദികളും, കേദാര്‍നാഥും മകളും പല സീനുകളില്‍ ആവര്‍ത്തിക്കുന്നു. ഒടുവില്‍ വ്യത്യസ്ത സ്റ്റേഷനുകളിലെ ക്ലോക്കില്‍ ഇന്ന് നമ്മള് സമയം അറിയുന്നു. 4.30, 4.45, 5.00 അങ്ങനെ അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. സിനിമ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. കാര്‍ത്തിക്കിനെ കാത്ത് പെണ്‍കുട്ടി സ്റ്റേഷനില്‍ ഇരിക്കുന്നു. കാര്‍ത്തിക് പെണ്‍കുട്ടിയെ കാണാന്‍ ട്രെയിനില്‍ യാത്രചെയ്യുന്നു. പെന്ഷന് പ്രശ്നം പരിഹരിച്ച് സുഹാന വീട്ടിലേക്ക് പോകാന്‍ ട്രെയിനില്‍ യാത്രചെയ്യുന്നു. കുട്ടിയെ കാണാന്‍ പോകാന്‍ മുത്തച്ഛന് ട്രെയിന്‍ കാത്ത് സ്റ്റേഷനിലിരിക്കുന്നു. തീവ്രവാദികള്‍ പല ട്രെയിനുകളില്‍ ബോംബ് വയ്ക്കുന്നു. അന്വേഷണം നിര്‍ത്തി മകളെ കാണാന്‍ പോയ കേദാര്‍, ആക്രമണം നടക്കുമെന്ന് സൈബര്‍സെല്ലിലെ സുഹൃത്ത് വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് നഗരത്തിലേക്ക് തിരിച്ചുവരുന്നു. ഇനി കഥ പറയുന്നതില്‍ കാര്യമില്ല. പറഞ്ഞിട്ട് കാര്യമില്ലെന്നതാണ് വാസ്തവം.
പക്ഷേ ചില കാര്യങ്ങള്‍ പറയാതെയിരിക്കാനും വയ്യ. അതിലൊന്ന് പെണ്‍കുട്ടിയുടെ ആത്മഹത്യ ആണ്. എന്തിനാണ് ആത്മഹത്യ ചെയ്യുന്നതെന്ന് പറയണമല്ലോ. അതിന് പെണ്‍കുട്ടി വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നുണ്ട്. പ്രൊജക്ടിന്റെ സമ്മര്‍ദ്ദമാണ് കാരണം. കവിതയും കഥയും എഴുതാന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വീട്ടുകാര്‍ എന്‍ജീനിയര്‍ ആക്കാന്‍ ശ്രമിക്കുകയാണ്. മകള്‍ മാതാപിതാക്കളോട് തെറ്റ് ഏറ്റ് പറയുന്നു. അവര്‍ തിരിച്ചും പശ്ചാത്തപിക്കുന്നു. ഇനി മകള്‍ക്ക് ഇഷ്ടമില്ലാത്തത് ചെയ്യാന്‍ നിര്‍ബന്ധിക്കില്ലെന്ന് പറയുന്നു. ഒരു ഗംഭീര സെന്റി രംഗം.
അടുത്ത പേജില്‍ - നായകന്റെ ബുദ്ധി, അതാണ് ബുദ്ധി!
PRO
ഇനി അടുത്തത് കേദാറിന്റെ അന്വേഷണമാണ്. നഗരത്തില്‍ ഒരു കൊലപാതകം നടക്കുന്നു. മൃതദേഹത്തില്‍ നിന്ന് കിട്ടുന്ന ബുള്ളറ്റ് .38 ഓ മറ്റോ ആണ്. അത് മിലിട്ടറിയില്‍ ഉപയോഗിക്കുന്നത് ആണ് പോലും. അതായത് മിലിട്ടറിയില്‍ ഉപയോഗിക്കുന്ന ബുള്ളറ്റ് ചെറിയ മാറ്റം വരുത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന്. പിന്നീട് ഇക്കാര്യം അന്വേഷിക്കുകയൊന്നും ചെയ്യുന്നില്ല. അങ്ങനെയൊരു ഭാഗ്യം പ്രേക്ഷകര്‍ക്കുണ്ട്. ഇനിയത്തെ ഭയാനകരംഗവും കേദാറിന്റെ ബുദ്ധി പ്രകടമാക്കുന്നതാണ്. വീണ്ടും ഒരു കൊലപാതകം.
വാന്‍ ഡ്രൈവറാണ് കൊല്ലപ്പെടുന്നത്. മരിക്കുന്നതിന് മുമ്പ് ഡ്രൈവര്‍ വാനിന്റെ ഗ്ലാസ്സില്‍ GKF എന്നെഴുതിയിരുന്നു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ കേദാരി ഇതിന്റെ അര്‍ഥം മനസ്സിലാക്കുന്നു. ഇംഗ്ലിഷ് അക്ഷരമാലാക്രമം അനുസരിച്ച് G ഏഴാം സ്ഥാനത്താണ്. K പതിനൊന്നും F ആറും . അപ്പോള്‍ 11 മിനിറ്റിനിടയില് ആറിടത്ത് ഏഴ് സ്ഫോടനം!
വളരെ പെട്ടെന്ന് മമ്മൂട്ടിച്ചിത്രം അനൌണ്സ് ചെയ്ത് ജയരാജ് വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. തിരക്കഥയും സംവിധാനവും നിര്‍മ്മാണവും സ്വയം തന്നെ ചെയ്തത് കൊണ്ട് ജയരാജിന് ആരെയും ബോധ്യപ്പെടുത്തേണ്ടി വരില്ല. കുറച്ചൊന്ന് ആലോചിച്ചെങ്കില് ഒരു പക്ഷേ ഈ ചിത്രം ശരാശരിക്ക് മുകളിലാകുമായിരുന്നു. ആദ്യപകുതിയുടെ പകുതി ഇക്കാര്യ വ്യക്തമാക്കുന്നുണ്ട്. തിരക്കഥയും സംഭാഷണവും ഒരുക്കുന്നതില്‍ വന്ന പാളിച്ചകള്‍ തന്നെയാണ് ദ ട്രെയിനെ നിലവാരമില്ലാതാക്കുന്നത്. മറ്റൊരു ട്രാഫിക് എടുക്കാനുള്ള ശ്രമമായിരുന്നു ജയരാജിന്റേത് എന്നാണ് കരുതേണ്ടത്. ഒരു വ്യത്യസ്ഥ ചിത്രം എടുക്കാനുള്ള ശ്രമം കാണാനുമുണ്ട്. പക്ഷേ അത് ശ്രമത്തിലൊതുങ്ങിയെന്ന് മാത്രം.
അഭിനേതാക്കള്‍ ആരും മോശമെന്ന് പറയാനില്ല. പൂര്‍ണമായല്ലെങ്കിലും മമ്മൂട്ടി ഏറെക്കുറെ കേദാര്‍നാഥിനോട് നീതി പുലര്‍ത്തിയിട്ടുണ്ട്. പക്ഷേ സംഭാഷണത്തിലെ പാകപ്പിഴകള്‍ ഈ കഥാപാത്രത്തെ കുഴിയില്‍ ചാടിക്കുന്നു. മകളോടുള്ള സംഭാഷണങ്ങള്‍ ഉദാഹരണം. കാര്‍ത്തിക്കിനെ അവതരിപ്പിച്ച ജയസൂര്യയാണ് അഭിനേതാക്കളില്‍ മികച്ച് നില്‍ക്കുന്നത്. സബിതാ ജയരാജ് കുഴപ്പമില്ലാതെ സുഹാനയെ അവതരിപ്പിച്ചിട്ടുണ്ട്. സായ്കുമാര്. ജഗതി, കെ പി എ സി ലളിത തുടങ്ങി ഓട്ടേറെ പേര് സിനിമയില്‍ അണിനിരന്നിട്ടുണ്ട്.
നവാഗതനായ സീനു മുരുക്കുമ്പുഴയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ട്രെയിന്‍ കഥാപാത്രമായി വന്നിട്ടുള്ള മുന്‍കാലസിനിമകളിലെ ദൃശ്യങ്ങള്‍ ഒന്നും വിട്ടുപോകാതെ സിനു ഈ ജയരാജ് ചിത്രത്തില്‍ പകര്‍ത്തിയിട്ടുണ്ട്. പലതവണ കൂകിപ്പായുന്ന ട്രെയിനുകള്‍. റയില്‍ പാളത്തില്‍ നിന്ന് മുകളിലേയ്ക്കുള്ള ടെയിനിന്റെ ദൃശ്യങ്ങള്‍. അങ്ങനെ എല്ലാം. ഒരു ട്രാക്ക് ഗായകന്റെ കഥാപാത്രം ഉണ്ടായിട്ട് പോലും സംഗീതവിഭാഗത്തിനും കാര്യമായിട്ട് ഒന്നും ചെയ്യാനായില്ല. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഫ്ലാഷ് ബാക്ക് അവതരിപ്പിക്കുന്ന പാട്ടിന്റെ ഈണം പാലേരി മാണിക്യത്തിലെ ഗാനത്തെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ശ്രീനിവാസ് ആണ് ഈണം പകര്‍ന്നിരിക്കുന്നത്.