തട്ടത്തിന് മറയത്ത് - യാത്രി ജെസെന്‍ എഴുതിയ നിരൂപണം
വെള്ളി, 6 ജൂലൈ 2012 (18:06 IST)
PRO
‘വിണ്ണൈത്താണ്ടി വരുവായാ’ വായനക്കാര്‍ കണ്ടതാണോ? കണ്ടതാണെങ്കില്‍ ആ ചിത്രത്തിലെ രംഗങ്ങള്‍, അതിന്റെ ഫീല്‍ ഒക്കെ ഒന്നു മനസിലേക്ക് കൊണ്ടുവരിക. വളരെ ഫ്രഷ് ആയ ഒരു പ്രണയചിത്രമായി ഇന്നും ആ സിനിമ അനുഭവപ്പെടുന്നു. എന്തായാലും, വിനീത് ശ്രീനിവാസന് ‘വിണ്ണൈത്താണ്ടി വരുവായാ’ പലതവണ കണ്ടിട്ടുണ്ട് എന്നുറപ്പ്. വിനീതിനെ ആ ചിത്രം വലിയ തോതില്‍ സാധീനിച്ചിട്ടുണ്ടെന്നും.
‘തട്ടത്തിന് മറയത്ത്’ ഒരു ഫീല്‍ഗുഡ് മൂവിയാണ്. തിയേറ്ററില്‍ വരുന്ന പ്രേക്ഷകരെ സിനിമ തീരുവോളം ഒരു മിനിറ്റ് പോലും ബോറടിപ്പിക്കാതെ, രസിപ്പിക്കുന്ന കടമ പൂര്‍ണമായും നിര്‍വഹിച്ചിട്ടുണ്ട്. പുതുമയില്ലാത്ത കഥയാണെങ്കിലും ആഖ്യാനത്തിന്റെ മികവ് ചിത്രത്തെ ഒരു നല്ല അനുഭവമാക്കി മാറ്റിയിരിക്കുന്നു. നല്ല ഡയലോഗുകള്‍, നല്ല വിഷ്വല്‍സ്. ‘തട്ടത്തിന് മറയത്ത്’ തിയേറ്ററിലെത്തി കാണേണ്ട സിനിമ തന്നെയാണ്.
ഒരു പൊലീസ് സ്റ്റേഷന് സീനില്‍ നിന്നാണ് കഥ തുടങ്ങുന്നത്. മുസ്ലിം പെണ്‍കുട്ടി ആയിഷ(ഇഷ തല്‍വാര്‍)യുമായി പ്രണയം മൂത്ത നായകന് വിനോദ്(നിവിന്‍ പോളി) അവളുടെ വീട്ടിലെത്തി സാഹസം കാട്ടിയതിന് പൊലീസ് പിടിയിലായി. മനോജ് കെ ജയന് എസ് ഐ ആയ പൊലീസ് സ്റ്റേഷനിലേക്കാണ് അവനെ കൊണ്ടുവരുന്നത്. അവിടെവച്ച് അവന് തന്റെ പ്രണയകഥ പറഞ്ഞുതുടങ്ങുന്നു. കഥയില്‍ ലയിച്ച് എസ് ഐയും പൊലീസുകാരും!
അടുത്ത പേജില്‍ - കല്യാണവീട്ടിലെ ആദ്യകാഴ്ച
PRO
ഒരു കല്യാണവീട്ടില്‍ വച്ചാണ് വിനോദ് ആയിഷയെ ആദ്യമായി കാണുന്നത്. അത് അങ്ങനെയാവണമെന്ന നിര്‍ബന്ധം പല സംവിധായകര്ക്കുമുണ്ടെന്നു തോന്നുന്നു. മുമ്പ് അന്‍വര്‍ എന്ന അമല്‍ നീരദ് ചിത്രത്തിലും ഇതേ രീതിയിലുള്ള ഒരു രംഗം ഓര്‍ക്കുന്നു. ഈ രീതിയിലുള്ള ഫസ്റ്റ് സൈറ്റിന് കല്യാണവീടിന്റെ ഒരു താളം കിട്ടുമല്ലോ. അതിന്റെ ഒരു വര്‍ണപ്പകിട്ടും സംഗീതവും. എന്തായാലും ആ പതിവ് രീതിയില്‍ നിന്നുകൊണ്ട് വിനീത് മനോഹരമായി തന്റെ നായകന്റെയും നായികയുടെയും കൂടിക്കാഴ്ച സാധ്യമാക്കുന്നു.
പിന്നീട് പ്രണയകാലമാണ്. നല്ല അടിപൊളിയായി അങ്ങ് പ്രണയിക്കുന്നു. പെണ്‍കുട്ടിക്ക് ചെക്കനോട് തിരിച്ചും പ്രണയം തോന്നണമല്ലോ. അവളുടെ പ്രണയം നേടിയെടുക്കണമല്ലോ. ഏതൊരു സാമ്പ്രദായിക പ്രണയചിത്രത്തെയും പോലെ തട്ടത്തില്‍ മറയത്തും കൃത്യമായ അളവ് നിയമങ്ങള്‍ പാലിച്ച് പ്രണയവും പരിസരകഥകളുമായി മുന്നേറുന്നു.
ആദ്യപകുതിയില്‍ മൂന്ന് ഗാനങ്ങളുണ്ട്. അതൊന്നും ബോറടിപ്പിക്കുന്നതല്ല. ഗാനരംഗങ്ങളെല്ലാം മനോഹരമായി വിഷ്വലൈസ് ചെയ്യാന്‍ വിനീത് ശ്രീനിവാസന് കഴിഞ്ഞിട്ടുണ്ട്. ജോമോന് ടി ജോണിന്റെ ഛായാഗ്രഹണവും ഷാനിന്റെ സംഗീതവുമാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്.
അടുത്ത പേജില്‍ - മലര്‍വാടിയില്‍ കണ്ട നിവിന്‍ പോളിയെ മറക്കാം
PRO
കഥയില്‍ നിന്ന് വ്യതിചലിക്കുന്നില്ലെങ്കിലും അല്‍പ്പം അകന്നുനില്ക്കുന്ന ചില രംഗങ്ങള്‍ ഈ സിനിമയിലുണ്ട്. സെക്കന്റ്ഷോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സണ്ണി വെയിന്‍ വരുന്ന സീക്വന്‍സാണ് അതിലൊന്ന്. നായകന്റെ പ്ലസ് ടു പഠനകാലം കാണിക്കുന്നതൊക്കെ അല്‍പ്പം ഓവറായില്ലേ എന്ന് സന്ദേഹിച്ചെങ്കിലും സണ്ണി ആ രംഗം ഉജ്ജ്വലമാക്കി. രാവണപ്രഭു ഡയലോഗൊക്കെ തിയേറ്ററില്‍ തകര്‍പ്പന്‍ കയ്യടിയുണ്ടാക്കി.
അതുപോലെ കുട്ടു, ഭഗത്, മനോജ് കെ ജയന് തുടങ്ങിയവരും പ്രേക്ഷകരെ ആകര്‍ഷിച്ചു. ആയിഷയായി അഭിനയിച്ച ഇഷയോട് അല്‍പ്പം അകല്‍ച്ച തോന്നിയെങ്കിലും പിന്നീട് ആ കഥാപാത്രത്തോട് റിലേറ്റ് ചെയ്യാന്‍ സാധിച്ചു. നായികയ്ക്ക് ഡയലോഗ് വളരെ കുറച്ചേയുള്ളൂ. ഇഷ അന്യഭാഷാ താരമായതിന്റെ പരിമിതിയെ വിനീത് ശ്രീനിവാസന് മറികടക്കുന്നത് ഡയലോഗ് കുറച്ചുകൊണ്ടുള്ള ബുദ്ധിപരമായ തീരുമാനത്തിലൂടെയാണ്.
നിവിന്‍ പോളി ഗംഭീര പ്രകടനമാണ് നടത്തുന്നത്. താടിയും രോഷം തിളയ്ക്കുന്ന കണ്ണുകളുമായി മലര്‍വാടിയില്‍ കണ്ട നിവിന്‍ പോളിയെ ഈ സിനിമയില്‍ കാണാനാവില്ല. രോഷാകുലനായ നായകനായി തിളങ്ങിയിരുന്ന ചിമ്പുവിന് ഗൌതം മേനോന് കൊടുത്തതുപോലെ ഒരു മേക്ക് ഓവര്‍ ഈ ചിത്രത്തിലൂടെ നിവിന്‍ പോളിക്ക് നല്കാന് വിനീതിന് സാധിച്ചിരിക്കുന്നു. വളരെ എക്സ്പ്രസീവായ കണ്ണുകളുണ്ട് നിവിന്‍. നല്ല ചിരിയും. മലയാള സിനിമയിലെ പ്രണയനായകന് ഇതില്‍ക്കൂടുതലെന്തുവേണം? ‘മലയാളിക്ക് എന്തിനാടാ സിക്സ്പാക്?’ എന്ന് ഒരിക്കല്‍ നായകന് ചോദിക്കുന്നതുപോലുമുണ്ട്.
അടുത്ത പേജില്‍ - അനിയത്തിപ്രാവിന്റെ ഓര്മ
PRO
അപ്രതീക്ഷിതമായ ട്വിസ്റ്റുകളോ ക്ലൈമാക്സിലേക്കുള്ള കത്തിക്കയറ്റമോ ഒന്നും തട്ടത്തിന് മറയത്തിലില്ല. വളരെ സ്വാഭാവികമായ കഥാവളര്ച്ചയാണുള്ളത്. അതുകൊണ്ടുതന്നെ ‘പ്രെഡിക്ടബിള്‍’ എന്ന ആരോപണം ഉയരാനും സാധ്യതയുണ്ട്. എന്നാല്‍ ഈ സ്വാഭാവിക മുന്നേറ്റം തന്നെയാണ് ചിത്രത്തിന്റെ മേന്മയും.
ഇതൊരു ന്യൂ ജനറേഷന് സിനിമയാണോ? നിലവിലുള്ള കണ്‍സെപ്ട് അനുസരിച്ച് തീര്‍ത്തും അല്ല. ഇതില്‍ അവിഹിതമില്ല, ‘എഫ്’ വേര്‍ഡ്സിന്റെ പ്രയോഗമില്ല, നഗരജീവിതത്തിന്റെ യാന്ത്രികതയുമില്ല. അനിയത്തിപ്രാവിന്റെ ജനുസില്‍ പെടുത്താവുന്ന ഒരു സാധാരണ ചിത്രമാണ്. ന്യൂ ജനറേഷന് സിനിമ മാത്രമേ ദഹിക്കുള്ളൂ എന്ന് നിര്ബന്ധമുള്ളവര് തട്ടത്തിന് മറയത്ത് കളിക്കുന്ന തിയേറ്ററില്‍ നിന്ന് അകന്നുനില്ക്കുക. ഇതൊരു സ്മോള്‍ ടൌണ്‍ ലൌ സ്റ്റോറിയാണ്. ആ ചിന്തയോടെ തിയേറ്ററിലെത്തിയാല്‍ മനസ് നിറച്ച് തിരിച്ചുപോരാം.
അബ്ദുള്‍ റഹ്മാന് എന്ന കഥാപാത്രമായി ശ്രീനിവാസന്റെ സാന്നിധ്യം ചിത്രത്തിലുണ്ട്. ശ്രീനിയുടെയും മുകേഷിന്റെയും നിര്‍മ്മാണക്കമ്പനിയായ ലൂമിയര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചത്. ലാല്‍ ജോസാണ് വിതരണം.
ചിരിച്ചുകളിച്ചുള്ള ആദ്യപകുതി. രണ്ടാം പകുതി കുറച്ച് ഗൌരവത്തിലായി. വളരെ ദൈര്‍ഘ്യം കുറഞ്ഞ രണ്ടാം പകുതിയാണ്. പടം പെട്ടെന്ന് തീര്‍ന്നു എന്ന തോന്നലുണ്ടാക്കും. ഉസ്താദ് ഹോട്ടലിന് ശേഷം സംതൃപ്തമായ മനസും ചുണ്ടില്‍ പുഞ്ചിരിയുമായി പ്രേക്ഷകരെ തിയേറ്ററില്‍ നിന്ന് യാത്രയാക്കുന്ന സിനിമയാണ് തട്ടത്തിന് മറയത്ത്.