ഗ്രാന്‍റ്‌മാസ്റ്റര്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം
ശനി, 5 മെയ് 2012 (14:26 IST)
PRO
ഒരു ചെറിയ തലകറക്കം. അങ്ങനെയാണ് തുടങ്ങിയത്. ചുറ്റുമുള്ള ലോകം മുഴുവന്‍ വട്ടംതിരിയുന്നതുപോലെ തോന്നി. പിന്നെ വീഴ്ച. തറയില്‍. മുഖമടിച്ച്. ഈ സംഭവമുണ്ടായത് തിയേറ്ററിന്‍റെ സ്റ്റെപ്പുകള്‍ ഇറങ്ങുമ്പോഴാണ്. വ്യാഴാഴ്ച ‘ഗ്രാന്‍റ്‌മാസ്റ്റര്‍’ എന്ന സിനിമ കണ്ട് ഇറങ്ങുമ്പോള്‍. ആരൊക്കെയോ ചേര്‍ന്ന് അടുത്തുള്ള ‘സീലൈന്‍’ ആശുപത്രിയിലാക്കി. ഇപ്പോള്‍ തൊട്ടടുത്ത് വിച്ചുവും അമ്മുവുമുണ്ട്.
ഗ്രാന്‍റ്‌മാസ്റ്റര്‍ റിവ്യു റിലീസ് ദിവസം തന്നെ നല്‍കാനുള്ള സാഹസം. ഡോക്ടര്‍ പറഞ്ഞിരുന്നു - ലോ പ്രഷറാണ്, സിനിമയ്ക്കൊന്നും ഒറ്റയ്ക്ക് പോകേണ്ടെന്ന്. തോന്ന്യാസി ആരെങ്കിലും പറയുന്നത് കേള്‍ക്കുമോ? അതിന്‍റെ ഫലം, മരുന്നിന്‍റെ മണമുള്ള മുറിയില്‍ ഇപ്പോള്‍ ലാപ്ടോപ്പില്‍ റിവ്യു ടൈപ്പ് ചെയ്യുന്നു.
തലകറങ്ങി താഴെപ്പോയതിന്‍റെ സങ്കടമല്ല, ഗ്രാന്‍റ്‌മാസ്റ്റര്‍ ആദ്യദിവസം തന്നെ റിവ്യു കൊടുക്കാനായില്ല. അതിന്‍റെ ദേഷ്യം എന്നോടുതന്നെ, കറങ്ങിവീഴാന്‍ കണ്ട സമയം!
‘ഗ്രാന്‍റ്മാസ്റ്റര്‍’ ഒരു ഒന്നാന്തരം പടമാണ്. ഞാന്‍ മലയാളത്തില്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച ത്രില്ലറുകളില്‍ ഒന്ന്. ഉണ്ണികൃഷ്ണന്‍, A BIG SALUTE TO YOU!
അടുത്ത പേജില്‍ - സ്നേഹാദരങ്ങളോടെ Z !
PRO
2003ല്‍ ഇറങ്ങിയ ‘സമയ്: ദി ടൈം സ്ട്രൈക്സ്’ എന്ന ഹിന്ദിച്ചിത്രമാണോ? അതോ, ‘ടേക്കണ്‍’ ആണോ? ഇങ്ങനെയൊക്കെയാണ് ഗ്രാന്‍റ്‌മാസ്റ്റര്‍ എന്ന സിനിമയുടെ ഒറിജിനലിനെക്കുറിച്ച് വന്നുകൊണ്ടിരിക്കുന്ന അന്വേഷണം. തെളിച്ചു പറയാം, ഗ്രാന്‍റ്‌മാസ്റ്റര്‍ ഇതൊന്നുമല്ല. ഇത് പുതിയൊരു സിനിമയാണ്. മെട്രോ ക്രൈം സ്‌റ്റോപ്പര്‍ സെല്‍ തലവനായ ഐ ജി ചന്ദ്രശേഖരന്‍(മോഹന്‍ലാല്‍) എന്ന വെരി ഇന്‍റലിജന്‍റ് ആയ പൊലീസ് ഓഫീസറുടെ വേറിട്ട അന്വേഷണങ്ങളുടെ കഥ.
മെട്രോ ക്രൈം സ്‌റ്റോപ്പര്‍ സെല്‍ രൂപീകരിച്ചത് നഗരത്തിലെ കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കാനാണ്. അക്കാര്യത്തില്‍ എന്തെങ്കിലും പുരോഗതിയുണ്ടോ എന്നന്വേഷിച്ച് മണിക്കുട്ടന്‍ അവതരിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ ചന്ദ്രശേഖരന്‍റെ ഓഫീസില്‍ ക്യാമറാ ടീമുമായി എത്തുമ്പോഴാണ് ‘ഗ്രാന്‍റ്‌മാസ്റ്റര്‍’ ആരംഭിക്കുന്നത്. ചന്ദ്രശേഖരന്‍റെ സഹായികളായ കിഷോര്‍(നരേന്‍), റഷീദ്(ജഗതി) എന്നിവരെ ചാനല്‍ സംഘം സമീപിക്കുന്നു. പക്ഷേ ഔദ്യോഗികമായി അവരോട് പ്രതികരിക്കുന്നത് ചന്ദ്രശേഖരനാണ് - ക്രൈം റേറ്റ് പെര്‍സന്‍റേജില്‍ എന്തുകാര്യം? എന്ന ചോദ്യവുമായി ചന്ദ്രശേഖരന്‍ ചാനല്‍ സംഘത്തെ വിരട്ടുന്നു.
പത്തുവര്‍ഷമായി ഔദ്യോഗിക ജീവിതത്തില്‍ അലസനായ, ഒറ്റയ്ക്കിരുന്ന് ചെസ് കളിക്കുന്ന ചന്ദ്രശേഖരന്‍ സ്വയം പരിചയപ്പെടുത്തുന്നതുപോലെ മണിക്കുട്ടനോട് പറയുന്നു - ഗ്രാന്‍റ്‌മാസ്റ്റര്‍! എതിരാളിയുടെ 64 നീക്കങ്ങള്‍ വരെ മുന്‍കൂട്ടിക്കണ്ട് കരുക്കള്‍ നീക്കുന്നവന്‍. ഈ കഥാപാത്രത്തിന്‍റെ ഉള്‍ക്കരുത്ത് ആദ്യ സീനില്‍ തന്നെ കാണിച്ചുതരുന്നുണ്ട് ഉണ്ണികൃഷ്ണന്‍. ജെറോം(റിയാസ് ഖാന്‍) എന്ന മാനസിക രോഗി മൂന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയപ്പോള്‍ ഒറ്റയ്ക്ക് ഒരു കമാന്‍ഡോ മൂവ് നടത്തി രക്ഷപ്പെടുത്തി ചന്ദ്രശേഖരന്‍. അപ്പോള്‍, സഹായിയായ റഷീദ് പറയുന്നു - പത്തുവര്‍ഷം മുമ്പുള്ള ചന്ദ്രശേഖരന്‍ എന്ന ഉദ്യോഗസ്ഥനെയാണ് ഇപ്പോള്‍ വീണ്ടും കാണാനായത്!
വിവാഹമോചിതനാണ് ചന്ദ്രശേഖരന്‍. നഗരത്തിലെ ഏറ്റവും വിലപിടിപ്പുള്ള ക്രിമിനല്‍ ലോയര്‍ ദീപ്തി(പ്രിയാമണി)യായിരുന്നു ചന്ദ്രശേഖരന്‍റെ ഭാര്യ. പത്തുവര്‍ഷം മുമ്പ് അവര്‍ പിരിഞ്ഞു. ഒരു മകളുണ്ട് - ദാക്ഷായണി. ഇയാളുടെ ജീവിതത്തിലേക്ക് ഒരു കൊലയാളി കടന്നുവരുന്നു. അയാള്‍ ഒരു സന്ദേശം ചന്ദ്രശേഖരന്‍റെ ഓഫീസില്‍ എത്തിക്കുന്നു. താന്‍ നടത്താന്‍ പോകുന്ന ക്രൈമിന്‍റെ സമയവും സ്ഥലവും ഈ കത്തില്‍ അയാള്‍ എഴുതിയിട്ടുണ്ട്. ഒടുവില്‍ സൈന്‍ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ് - സ്നേഹാദരങ്ങളോടെ Z !
അടുത്ത പേജില്‍ - The ABC Murders !
PRO
ഒരു ചതുരംഗക്കളിയുടെ ചടുലതയാണ് ഗ്രാന്‍റ്‌മാസ്റ്ററിന്. എതിരാളിയായ കൊലയാളി തുടര്‍ച്ചയായി കൊലപാതകങ്ങള്‍ നടത്തുന്നു. അന്വേഷണച്ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ചന്ദ്രശേഖരന്‍ കൊലയാളിക്ക് പിന്നാലെ. വഴിതെറ്റിക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍ ചന്ദ്രശേഖരന് മുന്നിലേക്ക് വരുന്നു. പക്ഷേ അയാള്‍ നടത്തുന്നത് ശരിയായ നീക്കം തന്നെ.
രണ്ട് കൊലപാതകങ്ങള്‍ കഴിഞ്ഞപ്പോള്‍ ചന്ദ്രശേഖരന് ബോധ്യമാകുന്നു - കൊലയാളി തന്നെ എന്തിനാണ് ഈ കേസിലേക്ക് ബോധപൂര്‍വം നയിച്ചതെന്ന്. ഈ കൊലപാതകങ്ങള്‍ക്ക് തന്‍റെ വ്യക്തിജീവിതവുമായി വലിയ ബന്ധമുണ്ടെന്ന്. കൊലയാളിക്ക് പിന്നാലെയുള്ള അയാളുടെ സഞ്ചാരത്തിന് അതോടെ വേഗത കൂടുന്നു. അധികം വൈകാതെ മൂന്നാമതും കൊലപാതകം നടക്കുന്നു. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ A, B, C എന്നിങ്ങനെയുള്ള അക്ഷരങ്ങളില്‍ പേര് ആരംഭിക്കുന്നവരെയാണ് കൊലപാതകി വകവരുത്തുന്നത്.
അപ്പോള്‍ ചന്ദ്രശേഖരന് ബോധ്യമാകുന്നു - കൊലയാളിയുടെ അടുത്ത ഇര തന്‍റെ മുന്‍ഭാര്യയാണെന്ന്. അതോടെ അന്തിമ കളിക്കായി ചന്ദ്രശേഖരന്‍ തയ്യാറെടുക്കുന്നു.
അടുത്ത പേജില്‍ - D for Deepthi!
PRO
വളരെ രസകരമായ സ്ക്രിപ്റ്റിംഗാണ് ഗ്രാന്‍റ്മാസ്റ്ററിന്‍റേത്. ഉണ്ണികൃഷ്ണന്‍ ഐജി, ത്രില്ലര്‍ തുടങ്ങിയ ശരാശരിച്ചിത്രങ്ങളെടുത്തത് ഈ സിനിമയ്ക്ക് വേണ്ടിയുള്ള ഹോംവര്‍ക്ക് ആയിരുന്നു എന്ന് തോന്നും. ത്രില്ലര്‍ ജോണറില്‍ പെട്ട സിനിമകള്‍ക്ക്, മുമ്പ് പലപ്പോഴും സംഭവിച്ചിട്ടുള്ള ഒരു കാര്യം ആഖ്യാനത്തിന്‍റെ ഗ്രിപ്പ് നഷ്ടപ്പെടുത്തുന്ന രീതിയില്‍ അനാവശ്യമായി വന്നുചേരുന്ന രംഗങ്ങളാണ്. ഗ്രാന്‍റ്‌മാസ്റ്ററില്‍ അത്തരമൊരു പ്രശ്നമേയില്ല. അനാവശ്യമായ ഒരു സീനോ ഡയലോഗോ പോലും ഈ സിനിമയിലില്ല. ഒരു ഗാനരംഗം ചേര്‍ത്തിട്ടുണ്ട് - ‘അകലെയോ’ എന്നാരംഭിക്കുന്ന ആ ഗാനരംഗം പോലും സിനിമയില്‍ ചന്ദ്രശേഖരന്‍റെ കുടുംബജീവിതത്തിന്‍റെ ഏറ്റവും അത്യാവശ്യമായ മുഹൂര്‍ത്തങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് ചേര്‍ത്തിരിക്കുന്നത്. ഇനിയൊരു ഗാനരംഗം റോമ തിമര്‍ത്താടുന്ന ‘ആരാണ് നീ..’ എന്ന ഹോട്ട് സോംഗാണ്.
വളരെ മികച്ച ക്യാമറാ വര്‍ക്ക്(വിനോദ് ഇല്ലംപള്ളി), കിറുകൃത്യമായ എഡിറ്റിംഗ്, ചടുലമായ പശ്ചാത്തല സംഗീതം തുടങ്ങി എല്ലാം തികഞ്ഞ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ഗ്രാന്‍റ്‌മാസ്റ്റര്‍. അഭിനേതാക്കളെ തെരഞ്ഞെടുത്തിരിക്കുന്ന കാര്യത്തിലും സൂക്ഷ്മത പുലര്‍ത്തി സംവിധായകന്‍. ഓരോ അഭിനേതാവും കഥാപാത്രമായി മാറുന്നു. ചെറിയ വേഷങ്ങളിലെത്തുന്ന റോമയും റിയാസ് ഖാനും മണിക്കുട്ടനും വരെ.
പ്രിയാമണി കൈയടക്കമുള്ള പ്രകടനമാണ് നടത്തിയത്. മുന്‍ഭര്‍ത്താവിനോടുള്ള സ്നേഹം ഉള്ളിന്‍റെയുള്ളില്‍ ഇപ്പോഴും സൂക്ഷിച്ച്, പുതിയ കൂട്ടുകാരനായ ഡോക്ടറുടെ(അനൂപ് മേനോന്‍) വിവാഹാഭ്യര്‍ത്ഥന നിരസിക്കുന്ന ദീപ്തിയായി പ്രിയാമണി തിളങ്ങുന്നു. അവസാന ഇര താനാണെന്ന് തിരിച്ചറിയുന്ന സമയം പ്രിയാമണിയുടെ മുഖത്ത് തെളിയുന്ന നിസംഗത ഈ സിനിമയിലെ ഉജ്ജ്വല നിമിഷങ്ങളിലൊന്നാണ്.
ബാബു ആന്‍റണി എന്ന നടന്‍റെ ഏറ്റവും മികച്ച ഭാവപ്പകര്‍ച്ചയാണ് ഈ സിനിമയിലുള്ളത്. വിക്ടര്‍ എന്ന മനോരോഗിയായി തകര്‍പ്പന്‍ പ്രകടനമാണ് ബാബു നടത്തുന്നത്. സിനിമയുടെ അവസാന രംഗം വരെ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന പെര്‍ഫോമന്‍സ്. മലയാള സിനിമ അധികമൊന്നും ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത ഈ നടനെ ഇനിയെങ്കിലും മറ്റ് സംവിധായകരും ശ്രദ്ധിക്കുമെന്ന് കരുതട്ടെ. മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ഗ്രാന്‍റ്‌മാസ്റ്ററില്‍ ഏറ്റവും തിളങ്ങിയത് ബാബു ആന്‍റണി തന്നെ.
ചെറുതെങ്കിലും വളരെ ശക്തമായ കഥാപാത്രങ്ങളെയാണ് അനൂപ് മേനോനും സിദ്ദിക്കും അവതരിപ്പിച്ചത്. സിദ്ദിക്ക് അവതരിപ്പിച്ച പോള്‍ മാത്യു എന്ന ബിസിനസുകാരന്‍ കഥാപാത്രമാണ് ഗ്രാന്‍റ്‌മാസ്റ്ററിന്‍റെ ടേണിംഗ് പോയിന്‍റ്. അതുപോലെ, വളരെ പാവത്താനെന്ന് തോന്നുമെങ്കിലും ഏറ്റവും ഒടുവില്‍ വില്ലനായി മാറുമോ എന്ന് സംശയിക്കപ്പെടുന്ന കഥാപാത്രത്തയാണ് അനൂപ് ചെയ്തത്.
ജഗതിയും നരേനും തങ്ങളുടെ കഥാപാത്രങ്ങളോട് നീതിപുലര്‍ത്തി. ജഗതിയുടെ ഹ്യൂമര്‍ ടച്ചുള്ള സംഭാഷണങ്ങള്‍, അത് മോഹന്‍ലാലിന്‍റെ സംഭാഷണങ്ങളോട് ഇണങ്ങി മുന്നോട്ടുപോയി. നരേനും നന്നായി. എന്നാല്‍ നരേന് വെടികൊള്ളുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍. അതിന് ശേഷം, യാതൊരു കുഴപ്പവുമില്ലാതെ നരേനെ കാണാന്‍ പറ്റി. നരേന്‍റെ കൈയില്‍ ഒരു ബാന്‍ഡേജെങ്കിലും ഇട്ടുകൊടുക്കാന്‍ സംവിധായകന് തോന്നാഞ്ഞതെന്ത്? അതുമാത്രമേ ഒരു കല്ലുകടിയായി എനിക്ക് തോന്നിയുള്ളൂ.
അടുത്ത പേജില്‍ - മോഹന്‍ലാലിന് മാത്രം കഴിയുന്ന കാര്യം!
PRO
മോഹന്‍ലാല്‍ വീണ്ടും ജ്വലിക്കുകയാണ്. ഐ ജി ചന്ദ്രശേഖരന്‍ എന്ന കഥാപാത്രത്തിലൂടെ. അതിശക്തമായ ഒരു വേഷമാണ് ബി ഉണ്ണികൃഷ്ണന്‍ ലാലിന് നല്‍കിയിരിക്കുന്നത്. ഇതില്‍ ഇടിവെട്ടു ഡയലോഗുകളില്ല. തലവേദനയുളവാക്കുന്ന ആക്ഷന്‍ രംഗങ്ങളുമില്ല. മോഹന്‍ലാലിന്‍റെ സരസവും കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളും മൂവ്‌മെന്‍റ്സിലെ ചടുലതയുമാണ് ചിത്രത്തെ ഗംഭീര എന്‍റര്‍ടെയ്‌നറാക്കുന്നത്.
സീരിയല്‍ കില്ലറൊക്കെയുള്ള ഇത്തരം സൈക്കോളജിക്കല്‍ ത്രില്ലറുകള്‍ സാധാരണ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധ്യതയില്ല. എന്നാല്‍ ഇവിടെ കഥ മാറുകയാണ്. ചന്ദ്രശേഖരനായുള്ള മോഹന്‍ലാലിന്‍റെ മാനറിസങ്ങള്‍ മാസിനും പ്രിയങ്കരമാകുന്നു. വളരെ പക്വതയാര്‍ന്ന അഭിനയവൈഭവമാണ് ലാല്‍ കാഴ്ച വച്ചിരിക്കുന്നത്. പ്രായത്തിനൊത്ത കഥാപാത്രത്തിലൂടെ ലാല്‍ ചുവടുമാറ്റത്തിന്‍റെ സൂചനയാണ് നല്‍കുന്നത്. ആകെ നരച്ച്, പത്തുപന്ത്രണ്ട് വയസുള്ള ഒരു പെണ്‍കുട്ടിയുടെ അച്ഛനായി സൂപ്പര്‍താരത്തെ കണ്ടപ്പോള്‍ വലിയ വ്യത്യസ്തത. സിറ്റി പൊലീസ് കമ്മീഷണര്‍ സൂസന്‍ ഇടയ്ക്ക് പ്രകോപിപ്പിച്ചപ്പോള്‍ ചന്ദ്രശേഖരന്‍ പറയുന്നുണ്ട് - എന്‍റെ റോള്‍, അത് എനിക്ക് മാത്രമേ ചെയ്യാനാകൂ എന്ന് എല്ലാവര്‍ക്കുമറിയാം. ശരിയാണ് ലാല്‍, ചന്ദ്രശേഖരന്‍ എന്ന ഈ ബുദ്ധിരാക്ഷസനെ മറ്റാര്‍ക്ക് ഇത്രയും ഗംഭീരമായി പകര്‍ത്താനാകും?
ഡയലോഗ് ഡെലിവറിയിലും ലുക്കിലുമെല്ലാം ഒരു ക്ലാസ് ടച്ച് നല്‍കാന്‍ മോഹന്‍ലാലിന് കഴിഞ്ഞിട്ടുണ്ട്. ഈ സിനിമയുടെ ടെംപോ അതേ രീതിയില്‍ നിലനിര്‍ത്താന്‍ മോഹന്‍ലാല്‍ നല്‍കിയ സംഭാവന വളരെ വലുതാണ്. അക്ഷരാര്‍ത്ഥത്തില്‍ ഒരു മോഹന്‍ലാല്‍ ചിത്രം തന്നെയാണ് ഗ്രാന്‍റ്‌മാസ്റ്റര്‍!
അടുത്ത പേജില്‍ - ആരാണ് കൊലപാതകി?
PRO
ക്ലൈമാക്സിലാണ് ഗ്രാന്‍റ്‌മാസ്റ്റര്‍ പൂര്‍ണ ഫോമിലേക്ക് വരുന്നത്. ആരാണ് സീരിയല്‍ കില്ലര്‍ എന്ന് അറിയുന്ന മുഹൂര്‍ത്തം. അത് ബാബു ആന്‍റണിയാണോ? അനൂപ് മേനോനാണോ? റിയാസ് ഖാനാണോ? ഇടയ്ക്ക് നരേന്‍ ആണോ എന്നുപോലും സംശയിച്ചു. ഇവര്‍ ആരുമായിരുന്നില്ല. ഒരു പുതിയ ആള്‍. അയാള്‍ ആരാണ്?
ഈ സസ്പെന്‍സ് ഇവിടെ പൊളിക്കുന്നത് ശരിയല്ല. ക്ലൈമാക്സില്‍ വലിയ ഫൈറ്റ് സീനുകളൊന്നുമില്ല. എങ്കിലും വളരെ ത്രില്ലിംഗ് ആയ, പഞ്ചുള്ള ക്ലൈമാക്സ് ആണ് ഒരുക്കിയിരിക്കുന്നത്. ക്ലൈമാക്സിന് മുമ്പുള്ള ട്വിസ്റ്റോടെ പ്രേക്ഷകര്‍ ഒരു എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലറിന്‍റെ സുഖം അനുഭവിക്കുന്നു. മോഹന്‍ലാലും നരേനും പ്രിയാമണിയും അനൂപ് മേനോനുമെല്ലാം ക്ലൈമാക്സില്‍ തകര്‍ത്തഭിനയിച്ചു. തിയേറ്ററിലെത്തി ആസ്വദിച്ച് കാണൂ, A REAL SUSPENSE THRILLER!