ചില സംഭവങ്ങള്‍ കാണുമ്പോള്‍, ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അതിനോട് ശക്തമായി പ്രതികരിക്കാന്‍ തോന്നാറില്ലേ? എന്നാല്‍ എല്ലാം കാണുകയും കണ്ടതെല്ലാം മനസിന്‍റെ ഉള്ളറകളില്‍ കുഴിച്ചുമൂടുകയും ചെയ്യുന്നവരാണ് ഇന്നത്തെ യുവതലമുറ. അലസതയും ബോധപൂര്‍വമുള്ള ആലസ്യവും ഇന്നത്തെ ചെറുപ്പത്തെ പണയം വച്ചിരിക്കുകയാണ്. അര്‍ജുനന്‍ സാക്ഷി എന്ന സിനിമ മുന്നോട്ടുവയ്ക്കുന്ന സന്ദേശം ഇതാണ് - സമൂഹത്തില്‍ നടക്കുന്ന വിനാശകരമായ പലകാര്യങ്ങള്‍ക്കും നമ്മള്‍ സാക്ഷിയാകേണ്ടി വന്നേക്കാം. കാണുക, പ്രതികരിക്കുക.
‘പാസഞ്ചര്‍’ എന്ന സാമൂഹ്യപ്രസക്തിയുള്ള ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കര്‍ ഒരുക്കിയ അര്‍ജുനന്‍ സാക്ഷി ഈ കാലഘട്ടത്തിന് ആവശ്യമായ സിനിമയാണ്. അതിന് കുറവുകള്‍ ഒരുപാടുണ്ടെങ്കിലും, ഒരു നന്‍മയുള്ള സിനിമ എന്ന നിലയില്‍ ജനങ്ങള്‍ ഏറ്റെടുക്കേണ്ടതാണ്. വിജയിക്കാന്‍ തീര്‍ച്ചയായും അര്‍ഹതയുള്ള ചിത്രം.
സിനിമ കാണാനെത്തുമ്പോള്‍ വലിയ തിരക്കൊന്നും തിയേറ്ററിലില്ല. പൃഥ്വിയുടെ കഴിഞ്ഞ സിനിമകള്‍ പരാജയപ്പെട്ടതാകാം കാരണം. എന്തായാലും സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ പലരും തമ്മില്‍ പറയുന്നു. “അന്‍വറോ താന്തോന്നിയോ പോലെയല്ല, ഭാഗ്യം”.
അടുത്ത പേജില്‍ - ഇത് ആരുടെ ചിത്രം, പൃഥ്വിയുടെയോ രഞ്ജിത്തിന്‍റെയോ?
PRO
റോയ് മാത്യു എന്ന യുവ ആര്‍ക്കിടെക്ടിനെയാണ് പൃഥ്വിരാജ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. അയാളെ കൊത്തിക്കൊണ്ടു പോകാന്‍ വലിയ കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ കാത്തുനില്‍ക്കുകയാണ്. അത്രയും ബുദ്ധിമാനായ എഞ്ചിനീയര്‍. പക്ഷേ അയാള്‍ ഇന്നത്തെ തലമുറയുടെ പ്രതിനിധിയാണ്. പത്രം വായിക്കുകയോ വോട്ടുചെയ്യുകയോ ചെയ്യാത്തവരുടെ പ്രതിനിധി.
കൊച്ചിയിലേക്ക് ഏറെ പ്രതീക്ഷയോടെയാണ് റോയ് എത്തുന്നത്. എന്നാല്‍ അവിടെ അയാളെ കാത്തിരുന്നത് ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങളായിരുന്നു. കഥയുടെ ഒരു തുമ്പോ തുരുമ്പോ വെളിപ്പെടുത്തിയാല്‍ പോലും ത്രില്ല് നഷ്ടപ്പെട്ടേക്കാവുന്ന ഒരു ചിത്രമായതിനാല്‍ അര്‍ജുനന്‍ സാക്ഷിയുടെ കഥയെ തിയേറ്ററില്‍ ആസ്വദിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ഈ സിനിമ പൃഥ്വിരാജ് എന്ന താരത്തിന്‍റെ സിനിമയല്ല. ഈ സിനിമയിലെ മറ്റേതൊരു അഭിനേതാവിനെയും പോലെ പൃഥ്വിയും അര്‍ജുനന്‍ സാക്ഷിയുടെ ഭാഗമാണ്, അത്രമാത്രം. സിനിമയോട് നീതി പുലര്‍ത്തുന്ന പ്രകടനമാണ് പൃഥ്വി നല്‍കുന്നത്. നായികയായ അഞ്ജലിയെ അവതരിപ്പിക്കുന്ന ആന്‍ അഗസ്റ്റിന്‍ തന്‍റെ ആദ്യ ചിത്രത്തിലേതില്‍ നിന്ന് ഏറെ മെച്ചപ്പെട്ടിരിക്കുന്നു.
ഇത് ‘ഒരു രഞ്ജിത് ശങ്കര്‍ സിനിമ’ തന്നെയാണ്. പാസഞ്ചറില്‍ നിന്ന് സംവിധായകന്‍ എന്ന നിലയില്‍ രഞ്ജിത് ഏറെ വളര്‍ന്നു. ഉന്നത സാങ്കേതിക നിലവാരമുള്ള ഒരു സംവിധായകന്‍റെ ക്രാഫ്ട് തിരിച്ചറിയാനാകുന്ന സിനിമയാണ് അര്‍ജുനന്‍ സാക്ഷി. ഒപ്പം ഏറെ ബുദ്ധിപരമായി കണ്‍സ്ട്രക്ട് ചെയ്ത തിരക്കഥയും രഞ്ജിത് ശങ്കര്‍ ഒരു വാഗ്ദാനമാണെന്ന് ഓര്‍മ്മിപ്പിക്കുന്നു.
അടുത്ത പേജില്‍ - പൃഥ്വിയുടെ അത്‌ഭുതകരമായ രക്ഷപ്പെടല്‍!
PRO
അര്‍ജുനന്‍ സാക്ഷി എന്ന ചിത്രത്തിന്‍റെ ഹൈലൈറ്റ് എന്നുപറയുന്നത് ഒരു കാര്‍ ചേസ് രംഗമാണ്. അത്ഭുതകരമയ പ്രകടനമാണ് പൃഥ്വിയും ആന്‍ അഗസ്റ്റിനും ആ രംഗങ്ങളില്‍ പ്രകടിപ്പിക്കുന്നത്. ഡ്യൂപ്പിന്‍റെ സഹായമില്ലാതെ മലയാള സിനിമയിലെ രണ്ട് താരങ്ങളുടെ വിസ്മയകരമായ സാഹസികത. ആ ചേസില്‍ നിന്നുള്ള പൃഥ്വിയുടെയും ആനിന്‍റെ രക്ഷപ്പെടല്‍ രംഗങ്ങള്‍ അമ്പരപ്പോടെയേ കണ്ടിരിക്കാനാവൂ. ഈ സിനിമയിലെ ഏറ്റവും ത്രില്ലിംഗ് രംഗവും അതാണ്.
ആദ്യ പകുതിയില്‍ നേര്‍ത്ത ഇഴച്ചില്‍ അനുഭവപ്പെടുന്നു എന്നതൊഴിച്ചാല്‍ ഒരു ക്ലീന്‍ പെര്‍ഫെക്ട് സിനിമയാണ് അര്‍ജുനന്‍ സാക്ഷി. അജയന്‍ വിന്‍സന്‍റ് എന്ന ക്യാമറാമാന്‍റെ ഏറ്റവും മികച്ച സിനിമയെന്നുപോലും ഇതിനെ വിശേഷിപ്പിക്കാം. പല രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്ന രീതിക്ക് അജയന്‍ വിന്‍സന്‍റിന് കാഴ്ചക്കാരന്‍ സ്തുതി പറയും.
പാസഞ്ചര്‍, ട്രാഫിക് തുടങ്ങിയ സിനിമകളുടെ ശ്രേണിയിലേക്കുള്ള ഒരു സിനിമയാണ് അര്‍ജുനന്‍ സാക്ഷി. ഇതൊരു വന്‍ ഹിറ്റാകുമോ എന്ന് പ്രവചിക്കുക വയ്യ. കാരണം ഇത് തമ്പുരാക്കന്‍മാരുടെയോ അമാനുഷരുടെയോ കഥ പറയുന്ന സിനിമയല്ല. സാധാരണ മനുഷ്യരുടെ വേദനയും ജീവിക്കാന്‍ വേണ്ടിയുള്ള ഓട്ടവുമൊക്കെയാണ് ഇതിന്‍റെ കാതല്‍. അത് കാണാന്‍ എക്കാലത്തും പ്രേക്ഷകരും കുറവാണല്ലോ.