കലി - മനോഹരമായ സിനിമ; യാത്രി ജെസെന്‍ എഴുതിയ നിരൂപണം

ശനി, 26 മാര്‍ച്ച് 2016 (17:19 IST)
ചെറിയ ചിന്തകള്‍ സിനിമയാക്കാന്‍ പറ്റുന്നൊരു കാലം എന്നുവരും എന്ന് ചിന്തിച്ചിരുന്നു ഞാന്‍ പണ്ടൊക്കെ. അന്നൊക്കെ ചെറിയ സിനിമകള്‍ ആലോചിക്കാന്‍ പോലും വയ്യ. അധോലോക ചിത്രമാണെങ്കില്‍ ടാങ്കര്‍ ലോറിയും മെഷീന്‍ ഗണ്ണും വെടിവയ്പ്പും കള്ളക്കടത്തും കാര്‍ചേസും. കുടുംബകഥയാണെങ്കില്‍ കാന്‍സറും കണ്ണീരും. കോമഡിച്ചിത്രത്തില്‍ പോലും തട്ടിക്കൊണ്ടുപോക്കും ആളുമാറലും നൂലാമാലകളും. ഇതിനിടയില്‍ ഒരു ചെറിയ ചിന്തയുമായി വരുന്ന സിനിമകള്‍ക്ക് നിര്‍മ്മാതാക്കളെ കിട്ടാന്‍ പോലും ബുദ്ധിമുട്ടുള്ള കാലം.
 
ഇന്ന് കാലം മാറിയിരിക്കുന്നു. ഏത് ചെറിയ ചിന്തയെയും സിനിമയാക്കാന്‍ ആളുണ്ട്. അല്ലെങ്കില്‍ ‘മഹേഷിന്‍റെ പ്രതികാരം’ പോലെ ഒരു സിനിമ സംഭവിക്കില്ലല്ലോ. ഇപ്പോഴിതാ സമീര്‍ താഹിറിന്‍റെ ‘കലി’! എന്താണ് ആ സിനിമ എന്ന് ചോദിച്ചാല്‍ അത് പേരില്‍ത്തന്നെയുണ്ടല്ലോ എന്ന മറുചോദ്യം കിട്ടും. നായകന്‍റെ കലി അല്ലെങ്കില്‍ ദേഷ്യം, അതുതന്നെ കഥ.
 
മുമ്പ് അമിതാഭ് ബച്ചന്‍ ചെയ്തിട്ടുള്ള ആംഗ്രി യംഗ് മാന്‍ റോളുകള്‍ ഇല്ലേ? അതിന്‍റെയൊരു കുട്ടിപ്പതിപ്പ് ആലോചിക്കാമോ? നമ്മുടെ ബാംഗ്ലൂര്‍ ഡെയ്സില്‍ ദുല്‍ക്കര്‍ സല്‍മാന്‍ ചെയ്ത കഥാപാത്രം അത്തരത്തിലൊന്നായിരുന്നു. ഒരു ചെറിയ റിബല്‍ സ്വഭാവം. അതിന്‍റെ ഡിഗ്രി അല്‍പ്പം കൂട്ടിയതാണ് കലിയില്‍ ദുല്‍ക്കര്‍ അവതരിപ്പിക്കുന്ന സിദ്ധാര്‍ത്ഥന്‍. നിത്യജീവിതത്തിലെ എല്ലാ നന്‍‌മതിന്‍‌മകളും ഉള്ളയാളാണ് സിദ്ദാര്‍ത്ഥന്‍. അയാള്‍ക്കൊരു കുഴപ്പമുണ്ട് - ദേഷ്യം നിയന്ത്രിക്കാന്‍ പറ്റില്ല. കലി, അതുവന്നുകഴിഞ്ഞാല്‍ പിന്നെ കണ്ണുകാണില്ല!

കൂടുതല്‍ നിരൂപണങ്ങള്‍ക്ക് ബുക്ക് മൈ ഷോയിലേക്ക്
 
പ്രേമത്തിലൂടെ എല്ലാവരുടെയും മനം കവര്‍ന്ന സായ് പല്ലവിയാണ് ‘കലി’യിലെ നായിക. അഞ്ജലി എന്നാണ് കഥാപാത്രത്തിന്‍റെ പേര്. നിവിന്‍ പോളി - സായ് പല്ലവി സ്ക്രീന്‍ മാജിക്കിനേക്കാള്‍ രസകരമായി ദുല്‍ക്കര്‍ - സായ് പല്ലവി ജോഡി സ്വീകരിക്കപ്പെടുകയാണ് കലിയിലൂടെ.
 
സിദ്ധാര്‍ത്ഥന്‍റെ കുട്ടിക്കാലത്തിലൂടെ, കോളജ് ലൈഫിലൂടെ, ഇപ്പോള്‍ കുടുംബസ്ഥനായിരിക്കുന്ന, ഉത്തരവാദിത്തമുള്ള ഒരു ജോലിയുള്ള കഥാപാത്രമായി മാറുന്ന സിദ്ധാര്‍ത്ഥനെ വരെ അവതരിപ്പിക്കുന്നു സിനിമ. ആദ്യപകുതി അത്യന്തം രസകരവും രണ്ടാം പകുതി ഗൌരവസ്വഭാവമുള്ള കഥാഗതികളിലൂടെ വികസിക്കുകയും ചെയ്യുകയാണ് കലി.
 
അല്‍പ്പം മുന്‍‌കോപമുള്ള ഒരു സാധാരണ ചെറുപ്പക്കാരന്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ എങ്ങനെ പെരുമാറുന്നു എന്നതിന്‍റെ സ്വാഭാവികമായ ചിത്രീകരണമാണ് ചിത്രം. സമീര്‍ താഹിര്‍ തന്‍റെ മുന്‍‌ചിത്രങ്ങളില്‍ എന്നപോലെ ഇത്തവണയും യുവാക്കളെ ലക്‍ഷ്യം വച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
 
ഒന്നാന്തരം തിരക്കഥയാണ് കലിയുടെ പ്ലസ് പോയിന്‍റ്. രാജേഷ് ഗോപിനാഥന്‍ കുറ്റമറ്റ ഒരു തിരക്കഥയാണ് കലിക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. അടുത്ത മുഹൂര്‍ത്തത്തില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാനുള്ള  സ്ഥിതി സൃഷ്ടിക്കാന്‍ തിരക്കഥാകൃത്തിനും സംവിധായകനും കഴിഞ്ഞിട്ടുണ്ട്.
 
വളരെ റിയലിസ്റ്റിക്കായ രണ്ടാം പകുതിയാണ് സിനിമയുടെ ജീവനെങ്കിലും ആദ്യപകുതിയുടെ ഉണര്‍വ്വാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. ചാര്‍ലിയില്‍ നമ്മള്‍ കണ്ട ദുല്‍ക്കറില്‍ നിന്നും വളരെ വ്യത്യസ്തനായ ഒരു നടനെ കലിയില്‍ കാണാന്‍ കഴിയും. ദുല്‍ക്കറിന്‍റെയും സായ് പല്ലവിയുടെയും അസാധാരണമായ അഭിനയപ്രകടനം തന്നെയാണ് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസിന്‍റെ വരവോടെ സിനിമ ഒന്നാകെ മറ്റൊരു തലത്തിലേക്ക് മാറി.
 
‘വേതാളം’ എന്ന തമിഴ് ചിത്രത്തിലെ ‘ആലുമാഡോലുമാ...’ തട്ടുപൊളിപ്പന്‍ സോംഗ് വരുമ്പോള്‍ ഉള്ള ആരവം ഒന്ന് കാണേണ്ടതുതന്നെയായിരുന്നു. എന്തായാലും എല്ലാം തികഞ്ഞ ഒരു കം‌പ്ലീറ്റ് സിനിമയായി കലി മാറി. ഗോപി സുന്ദറിന്‍റെ സംഗീതവും ഗിരീഷ് ഗംഗാധരന്‍റെ ഛായാഗ്രഹണവും കലിയെ നവ്യാനുഭവമാക്കി മാറ്റുന്നു.
 
സൌബിന്‍ ഷാഹിറും വിനായകനും ചിത്രത്തില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആദ്യപകുതിയുടെ രസകരമായ മൂഡ് രണ്ടാം പകുതിയില്‍ ഒരു റോഡ് മൂവി തലത്തിലേക്ക് എത്തുമ്പോള്‍ ടെന്‍ഷന്‍ വര്‍ദ്ധിക്കുന്നു. എന്തായാലും ചാപ്പാകുരിശിനും നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിക്കും ശേഷം ഒരു ഗംഭീര സിനിമ തന്നെയാണ് സമീര്‍ താഹിര്‍ സമ്മാനിക്കുന്നത്.
 
റേറ്റിംഗ്: 3.5/5

വെബ്ദുനിയ വായിക്കുക