ആഗസ്റ്റ് 15 - വെറുതെ ഒരു സിനിമ!

വ്യാഴം, 24 മാര്‍ച്ച് 2011 (16:30 IST)
PRO
ജോസഫ് ജെസെന്‍റെ പിറന്നാളായിരുന്നു ഇന്ന്. കക്ഷിക്ക് ആകെ തിരക്ക്. ഞങ്ങള്‍ക്കൊപ്പം ഉച്ചയൂണിന് ഇല്ല എന്നുപറഞ്ഞു. ‘എങ്കില്‍ ഞാനും മക്കളും കൂടി ആഗസ്റ്റ് 15 പോകുന്നു’ എന്ന് പറഞ്ഞപ്പോള്‍ ജെസെന്‍ അല്‍പ്പം ആലോചിച്ചു. ആള്‍ ഒരു ഷാജി കൈലാസ് ഫാനാണ്. പക്ഷേ നിവൃത്തിയില്ലല്ലോ. ഇന്ന് ഏതോ പേപ്പര്‍ റെഡിയാക്കാനുണ്ട് പോലും. ഞങ്ങളെ തിയേറ്ററില്‍ ഇറക്കിയിട്ട് ജെസെന്‍ പോയി. പോകും മുമ്പ് പ്രത്യേകം പറഞ്ഞു - “പടം കഴിഞ്ഞാലുടന്‍ വിളിക്കണം”.

പടം കഴിഞ്ഞ് വിച്ചുവാണ് അപ്പയെ വിളിക്കുന്ന കാര്യം ഓര്‍മ്മിപ്പിച്ചത്. ഫോണെടുത്ത് ഞാന്‍ പറഞ്ഞു - “ഇന്ന് ഹാപ്പി ബര്‍ത്ത്‌ഡേയാണ്. അത് അങ്ങനെ തന്നെയിരിക്കട്ടെ. വന്നിരുന്നെങ്കില്‍ ഈ ദിവസം പോയേനേ”. ആള്‍ക്ക് സങ്കടം വരും. കാരണം ഷാജി ഫാനാണല്ലോ.

പക്ഷേ വിച്ചുവും മാളുവും ഹാപ്പിയാണ്. അവര്‍ക്ക് മമ്മൂട്ടിയങ്കിള്‍ ബുള്ളറ്റില്‍ പാഞ്ഞുനടക്കുന്നത് ആവോളം കാണാന്‍ പറ്റി. അവര്‍ക്ക് മാത്രമല്ല, തിയേറ്ററിലുണ്ടായിരുന്നവര്‍ക്കെല്ലാം അത് മാത്രമായിരുന്നു ലാഭം. ഒറ്റ സീറ്റുള്ള ബുള്ളറ്റില്‍ മമ്മൂട്ടിയെന്ന നടന്‍ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞുനടന്നത് കാണാനായി. സിനിമയെന്ന നിലയില്‍ ഓര്‍ത്തിരിക്കാന്‍ നല്ല ഒരു മുഹൂര്‍ത്തം പോലും സമ്മാനിക്കുന്നതില്‍ ‘ആഗസ്റ്റ് 15’ പരാജയപ്പെട്ടു. ഷാജി കൈലാസിന്‍റെ സംവിധാനം പരാജയം. എസ് എന്‍ സ്വാമിയുടെ സ്ക്രിപ്റ്റ് അമ്പേ പരാജയം!

അടുത്ത പേജില്‍ - മുഖ്യമന്ത്രിക്ക് പിന്നാലെ ഒരു കൊലയാളി

PRO
സിനിമ തുടങ്ങുന്നത് മുഖ്യമന്ത്രി വി ജി സദാശിവന്‍ ഹൃദയാഘാതം മൂലം ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ് എന്ന നടുക്കുന്ന വാര്‍ത്ത പ്രേക്ഷകരിലേക്ക് എത്തിച്ചുകൊണ്ടാണ്. പാര്‍ട്ടിപ്പത്രമായ ‘അഭിമാനി’ പോലും ‘മുഖ്യമന്ത്രി അന്തരിച്ചു’ എന്ന വെണ്ടയ്ക്ക മുന്‍‌കൂട്ടി തയ്യാറാക്കി കാത്തിരിക്കുന്നു. മുഖ്യമന്ത്രിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനായി പാര്‍ട്ടി സെക്രട്ടറി(സായികുമാര്‍ - പിണറായി വിജയനെ അനുകരിക്കുന്നതില്‍ സായി 150 ശതമാനം വിജയം. നോട്ടം, സംസാരം, നടപ്പ് എല്ലാം പിണറായി തന്നെ) എത്തുന്നു. മുഖ്യമന്ത്രി മരിച്ചാല്‍ അതില്‍ നേട്ടം പാര്‍ട്ടി സെക്രട്ടറിക്കാണെന്ന് ആദ്യമേ പറഞ്ഞുവയ്ക്കുകയാണ് തിരക്കഥാകൃത്ത്.

എന്നാല്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ ഡോക്ടര്‍മാര്‍(മധു, ശ്വേത മേനോന്‍) അറിയിക്കുന്നത് - “ആശങ്കാജനകമായ മണിക്കൂറുകള്‍ കഴിഞ്ഞു. Our CM is safe”. ഈ അറിയിപ്പ് ഒട്ടേറെപ്പേര്‍ക്ക് സന്തോഷം നല്‍കുന്നു. ചിലര്‍ക്ക് നിരാശയും. എന്നാല്‍ ആശങ്കയുടെ മണിക്കൂറുകള്‍ ഒഴിഞ്ഞിട്ടില്ല എന്ന് ഡോക്ടര്‍മാര്‍ പെട്ടെന്ന് തിരിച്ചറിയുന്നു. മുഖ്യമന്ത്രിയുടെ രക്തം പരിശോധിച്ചപ്പോള്‍ അതില്‍ വിഷത്തിന്‍റെ അംശം കണ്ടെത്തുന്നു. അതായത് മുഖ്യമന്ത്രിക്ക് ഹൃദയാഘാതമുണ്ടായത് സ്വാഭാവികമായല്ല. അതൊരു കൊലപാതകശ്രമമായിരുന്നു!

അതേ, മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ ആരോ ശ്രമിച്ചിരിക്കുന്നു. അദ്ദേഹത്തിന് പിന്നാലെ നിഴല്‍ പോലെ ഒരു കൊലയാളിയുണ്ട്. ആരാണവന്‍?

സംസ്ഥാനത്തെ രണ്ട് ഡി ജി പിമാര്‍(തലൈവാസല്‍ വിജയ്, ബിജു പപ്പന്‍), എ ഡി ജി പി പീറ്റര്‍(ലാലു അലക്സ്) എന്നിവര്‍ തല പുകയ്ക്കുന്നു. ഈ കേസ് അന്വേഷിക്കാന്‍ ആരെ ഏല്‍പ്പിക്കണം? മറ്റൊരുത്തരം ഉണ്ടായിരുന്നില്ല - അത് പെരുമാള്‍(മമ്മൂട്ടി) തന്നെ.

അവിടെ നമ്മള്‍ ഒരു ബുള്ളറ്റിന്‍റെ ശബ്ദം കേട്ടുതുടങ്ങുന്നു. പെരുമാളിന്‍റെ വരവായി!

അടുത്ത പേജില്‍ - പെരുമാളിന്‍റെ അന്വേഷണ കോമാളിത്തരങ്ങള്‍

PRO
പെരുമാളിന്‍റെ ഇന്‍‌ട്രൊഡക്ഷന്‍ കണ്ട് കയ്യടിച്ച മാളു പക്ഷേ അധികം വൈകും മുമ്പേ പറഞ്ഞു - “അമ്മേ, എനിക്കുറക്കം വരുന്നു”. ആരെയും ഉറക്കം പിടിപ്പിക്കുന്ന തിരക്കഥയാണ് ഈ സിനിമയ്ക്ക് വേണ്ടി എസ് എന്‍ സ്വാമി തയ്യാറാക്കിയിരിക്കുന്നത്. ‘ആഗസ്റ്റ് 1’ എന്ന ആദ്യ ചിത്രത്തിന്‍റെ ചുവടുപിടിച്ചൊരുക്കിയ ആഗസ്റ്റ് 15ന് ആദ്യഭാഗത്തിന്‍റെ അടുത്തെങ്ങുമെത്താനായില്ല - ഒരു ഘട്ടത്തിലും.

ആദ്യഭാഗത്തിലെ പെരുമാളിനെ ഇപ്പോഴും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നു എങ്കില്‍ ഈ പെരുമാളിനെ തിയേറ്ററില്‍ നിന്ന് ഇറങ്ങും‌മുമ്പേ മറക്കും. അത്ര ദുര്‍ബലം. പെര്‍ഫോം ചെയ്യാന്‍ ഒന്നുമില്ലാത്ത ഒരു കഥാപാത്രത്തില്‍ മഹാനടനാണെങ്കിലും മസില്‍ പെരുക്കിയിട്ട് എന്തുകാര്യം?

സിദ്ദിഖാണ് കൊലയാളിയുടെ വേഷത്തില്‍ എത്തുന്നത്. വേഷത്തിലും ഭാവത്തിലും സംസാരരീതിയിലുമൊക്കെ ഒരു നിഗൂഡത കൊണ്ടുവരാന്‍ സിദ്ദിഖിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ആഗസ്റ്റ് ഒന്നില്‍ ക്യാപ്ടന്‍ രാജു അവതരിപ്പിച്ച കൊലയാളിയുടെ നിഴല്‍ പോലുമാകാന്‍ സിദ്ദിഖിന്‍റെ കില്ലറിന് കഴിയുന്നില്ല. ഇയാളുടെ കൊലപാതകശ്രമങ്ങള്‍ കണ്ടിട്ട് വിച്ചു പോലും ചിരിച്ചു.

കശുവണ്ടിയില്‍ വിഷം ഇന്‍ജക്ട് ചെയ്ത് മുഖ്യമന്ത്രിക്ക് നല്‍കിയാണത്രേ അയാള്‍ ആദ്യം മുഖ്യമന്ത്രിയെ കൊല്ലാന്‍ നോക്കിയത്. അതും ഒരു പള്ളിവികാരിയുടെ വേഷത്തിലെത്തിയാണ് സംഗതി ഒപ്പിച്ചത്. ആ കശുവണ്ടി കഴിച്ചാണ് മുഖ്യമന്ത്രിക്ക് ഹൃദയാഘാതമുണ്ടായത്. അതിനെ നമുക്ക് അംഗീകരിക്കാം. മറ്റൊരിക്കല്‍ ഇയാള്‍ സൈലന്‍സര്‍ ഘടിപ്പിച്ച തോക്കുപയോഗിച്ച് വളരെ ദൂരെ നിന്ന് മുഖ്യമന്ത്രിയെ വെടിവച്ചു. ബുദ്ധിരാക്ഷസനായ പെരുമാള്‍ മുഖ്യമന്ത്രിക്ക് പകരം കാറിനുള്ളില്‍ ഒരു ഡമ്മിയെ ഇരുത്തിയതിനാല്‍ മുഖ്യമന്ത്രി രക്ഷപ്പെട്ടു. സി ബി ഐ സിനിമയല്ലെങ്കിലും സ്വാമിക്ക് ഡമ്മി ഉപേക്ഷിക്കാന്‍ കഴിയില്ലല്ലോ.

(മുഖ്യമന്ത്രിയെ വെടിവച്ച ശേഷം കൊലയാളി നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിനുള്ളിലൂടെ കുരങ്ങനെപ്പോലെ ചാടിച്ചാടി രക്ഷപ്പെടുന്നുണ്ട്. കേമന്‍ പെരുമാള്‍ എന്തു ചെയ്തു, നോക്കിനിന്നു! പെരുമാള്‍ അത്ര അഭ്യാസിയൊന്നുമല്ലല്ലോ എന്ന് ആശ്വസിക്കാം.)

അവസാനം മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ കൊലയാളി നടത്തുന്ന ശ്രമമാണ് ഏറെ രസകരം. ഒരു പ്രിവ്യൂ തിയേറ്ററില്‍ മുഖ്യമന്ത്രിയെ പൂട്ടിയിട്ട് തിയേറ്ററിന് തീയിടുകയാണ് വിദ്വാന്‍. എങ്ങനെയുണ്ട്? പെരുമാള്‍ അവിടെ അവതരിക്കാതിരിക്കുമോ? അവതരിച്ചു. മുഖ്യമന്ത്രിയെ രക്ഷപ്പെടുത്തി. പിന്നീട് കില്ലറും പെരുമാളും തമ്മില്‍ ഘോര സംഘട്ടനം. ഒടുവില്‍ സംഭവിക്കേണ്ടത് സംഭവിച്ചു. ചിരിക്കാതിരിക്കുന്നതെങ്ങനെ?

അടുത്ത പേജില്‍ - ക്ലൈമാക്സിലേക്ക് ഒളിപ്പിച്ചുവച്ച ആ രഹസ്യം

PRO
മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ കില്ലറെ ചുമതലപ്പെടുത്തുന്നത് ചില മാഫിയകളാണ്. വനം മാഫിയ, മണല്‍ മാഫിയ, ലോട്ടറി മാഫിയ(ജോണി, ചാലി പാല, തമിഴ് നടന്‍ രഞ്ജിത് തുടങ്ങിയവര്‍). പിന്നീട് പക്ഷേ ഇവര്‍ ആ ഉദ്യമത്തില്‍ നിന്ന് കില്ലറെ പിന്തിരിപ്പിക്കാന്‍ നോക്കി. പക്ഷേ കില്ലര്‍ ആരാ മോന്‍? പക്കാ പ്രൊഫഷണല്‍. മുഖ്യമന്ത്രിയെ കൊല്ലുന്നതില്‍ നിന്ന് ആരൊക്കെ പിന്‍‌മാറിയാലും താന്‍ ഇനി കൊല്ലാതെ അടങ്ങില്ല എന്ന വാശി. അതോടെ അയാള്‍ അപകടകാരിയായി മാറുന്നു. മുഖ്യമന്ത്രിയെ കൊല്ലാന്‍ നിര്‍ദ്ദേശം കൊടുത്ത ചാലി പാലയെ കില്ലര്‍ വകവരുത്തുന്നു. പിന്നീട് പലരെയും.

ദ ട്രൂത്ത്, ടൈഗര്‍ തുടങ്ങിയ ഷാജികൈലാസ് ചിത്രങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്കറിയാം. ക്ലൈമാക്സിന് അഞ്ചുമിനിറ്റ് മുമ്പ് ഷാജി കൈലാസ് ഒരു സസ്പെന്‍സ് പൊട്ടിക്കും. ഇവരൊന്നുമല്ല, ദാ ഇയാളാണ് കുറ്റവാളിയെന്നൊരു ഉറക്കെപ്പറച്ചില്‍. ഇവിടെയും അങ്ങനെയൊരാളുണ്ട്. അത് പറയുന്നില്ല. പറയാതിരുന്നാല്‍ സിനിമയ്ക്ക് വലിയ ഗുണമുണ്ടാകുമെന്ന് കരുതിയൊന്നുമല്ല. അതുകൂടി പൊളിച്ചുവിടേണ്ട. സ്വാമിയും ഷാജിയുമൊക്കെ ഏറെ തലപുകച്ച സസ്പെന്‍സല്ലേ. അത് സസ്പെന്‍സായി തന്നെ ഇരിക്കട്ടെ.

എന്തിന് ഇങ്ങനെ ഒരു സിനിമ നിര്‍മ്മിച്ചു എന്ന് അണിയറ പ്രവര്‍ത്തകരോട് ചോദിച്ചാല്‍ അവര്‍ക്ക് മറുപടിയുണ്ടാകണമെന്നില്ല. മമ്മൂട്ടിയുടെ ഡേറ്റ് കിട്ടി, ഒരു സിനിമ തല്ലിക്കൂട്ടി. അത്രമാത്രമേ ഉണ്ടാകൂ. ഏതെങ്കിലും ഒരു സീനിലെങ്കിലും പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന ഒരു എലമെന്‍റ് സൂക്ഷിക്കാന്‍ സംവിധായകന് കഴിഞ്ഞില്ല. ഷോട്ടുകള്‍ കൊണ്ട് അമ്മാനമാടുന്ന ഷാജി കൈലാസിനെയും ഈ ചിത്രത്തില്‍ കാണാനാവില്ല. ആകെയൊരു തണുപ്പന്‍ മട്ട്.

അടുത്ത പേജില്‍ - ആഗസ്റ്റ് 15 ഹിറ്റാകുമോ?

PRO
ആഗസ്റ്റ് 15 ഹിറ്റാകുമോ എന്നുചോദിച്ചാല്‍ അതിന് ഉത്തരം പറയുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ പറയേണ്ടതുണ്ട്. ഈ സിനിമയില്‍ ലാലു അലക്സ് അവതരിപ്പിച്ച എഡി ജി പി വേഷം. അത് ലാലുവിന്‍റെ വ്യത്യസ്തമായ ഒരു കഥാപാത്രം തന്നെയാണ്. ഒരു ദിവസം മൂന്നുതവണ യൂണിഫോം മാറുന്ന, കുപ്പായം ചുളിയും എന്നതുകൊണ്ട് സല്യൂട്ട് അടിക്കാന്‍ പോലും വിമുഖതയുള്ള കഥാപാത്രം. ഈ കഥാപാത്രമാണ് സിനിമ നല്‍കുന്ന വിരസത അല്‍പ്പമെങ്കിലും അകറ്റുന്നത്.

ജഗതി അവതരിപ്പിക്കുന്ന അരവിന്ദാക്ഷന്‍ എന്ന കഥാപാത്രം. മുഖ്യമന്ത്രിയുടെ വീട്ടിലെ കാര്യസ്ഥന്‍ എന്നുപറയാം. ഒരു അമ്പലവാസി. ആരുടെയെങ്കിലും ബൈക്കില്‍ ലിഫ്റ്റ് വാങ്ങി തനിക്ക് പോകേണ്ടയിടങ്ങളിലൊക്കെ ഓസിന് ചെന്നെത്തുന്ന രസികന്‍ കഥാപാത്രം. സിനിമ പകുതി കഴിഞ്ഞ് എപ്പൊഴോ ഈ കഥാപാത്രത്തെ കാണാതായി. എവിടെപ്പോയോ എന്തോ?

ഏറെക്കാലത്തിന് ശേഷം പൂജപ്പുര രവിയെയും കണ്ടു. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ സ്വാമി എന്ന കഥാപാത്രം. രവി നന്നായി ചെയ്തിട്ടുണ്ട്. നായികമാര്‍ ശ്വേതാ മേനോനും മേഘ്നാ രാജുമാണ്. രണ്ടുപേര്‍ക്കും തീരെ പ്രാധാന്യമില്ല. അവര്‍ക്ക് പകരം അറിയപ്പെടാത്ത രണ്ടുപേര്‍ നടിച്ചാലും ഒരു കുഴപ്പവും വരാത്ത കഥാപാത്രങ്ങള്‍.

മമ്മൂട്ടിയെക്കുറിച്ചോ? ഏറെയൊന്നും പറയാനില്ല. പെരുമാളിനെ മോശമാക്കിയില്ല. പ്രത്യേകിച്ച് ഭാവപ്രകടനമൊന്നുമില്ലാതെ ഡയലോഗ് പറയുകയും പോക്കറ്റില്‍ കൈയ്യിട്ട് നടക്കുകയും ബൈക്കോടിക്കുകയുമല്ലാതെ കൂടുതലൊന്നും ചെയ്യാനില്ലല്ലോ. പിന്നെ രണ്ട് സംഘട്ടനരംഗങ്ങളുണ്ട്. അതാണെങ്കില്‍ നനഞ്ഞ പടക്കങ്ങളായി. ഒരുകാര്യം ശ്രദ്ധിച്ചു. കടുത്ത സംഘട്ടനം നടക്കുമ്പോഴും പെരുമാളിന്‍റെ കൂളിംഗ് ഗ്ലാസ് ഭദ്രമാണ്. സമാധാനം!

ഇനി ചില ടെക്നിക്കല്‍ വിഷയങ്ങളാണ്. പ്രദീപ് നായരാണ് ക്യാമറ. തരക്കേടില്ലാതെ തന്‍റെ ജോലിചെയ്തിരിക്കുന്നു പ്രദീപ്. എന്നാല്‍ ഷാജി കൈലാസ് ചിത്രങ്ങളുടെ പതിവ് ചടുലത അങ്ങോട്ട് ഫീല്‍ ചെയ്തുമില്ല. പക്ഷേ അത് ക്യാമറാമാന്‍റെ കുറ്റമല്ലല്ലോ. എല്‍ ഭൂമിനാഥന്‍റെ എഡിറ്റിംഗ് മോശമല്ല. ഒന്നുരണ്ട് പുതിയ രീതിയിലുള്ള ഡിസോള്‍വ് ടെക്നിക് പരീക്ഷിച്ചത് നന്നായി.

എന്നാല്‍ രാജാമണിയൊരുക്കിയ പശ്ചാത്തല സംഗീതം ഏറ്റില്ല എന്നേ പറയാനുള്ളൂ. പെരുമാളിനെപ്പോലെ പ്രേക്ഷകര്‍ക്ക് മുന്‍‌പരിചയമുള്ള ഒരു കഥാപാത്രത്തെ പുനരവതരിപ്പിക്കുമ്പോള്‍ നല്‍കേണ്ട ഒരു പഞ്ച് നല്‍കാന്‍ പശ്ചാത്തല സംഗീതത്തിന് കഴിഞ്ഞില്ല. പലപ്പോഴും അലോസരം സൃഷ്ടിക്കുന്നുമുണ്ട്.

ആഗസ്റ്റ് ഒന്നിന്‍റെ അതേ ജനുസില്‍ മറ്റൊന്ന് സൃഷ്ടിച്ചാല്‍ അതും തൊണ്ടതൊടാതെ പ്രേക്ഷകര്‍ വിഴുങ്ങിക്കൊള്ളും എന്ന ധാരണയായിരിക്കണം തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയെ ഭരിക്കുന്നത്. സി പി എമ്മിലെ വിഭാഗീയതയൊക്കെ വെറുതെ എരിവുകൂട്ടാനായി പറഞ്ഞുപോകുന്നുണ്ട്. കഥയ്ക്ക് അതു വല്ല ഗുണവും ചെയ്തോ? തരിമ്പുമില്ല. എന്തായാലും ഗൌരവമില്ലാത്ത സമീപനം മൂലം ഈ സിനിമ തകര്‍ന്നിരിക്കുന്നു. മമ്മൂട്ടിയെപ്പോലൊരു വിലപ്പെട്ട നടന്‍റെ ഡേറ്റ് കുറച്ചൂടെ നല്ല സിനിമയ്ക്കായി ഉപയോഗിക്കാമായിരുന്നു.

ഇനി ഷാജി കൈലാസ്. അദ്ദേഹം മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാള്‍ തന്നെ. പക്ഷേ, നല്ല തിരക്കഥകള്‍ കണ്ടെത്താനുള്ള കാഴ്ചശക്തി പോരാ. ഫലമോ? തുടര്‍ച്ചയായ പരാജയങ്ങള്‍. ആഗസ്റ്റ് 15 ഹിറ്റാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. കാരണം, ഷാജിയെ മലയാള സിനിമയ്ക്ക് ഇനിയും ആവശ്യമുണ്ട്.

വെബ്ദുനിയ വായിക്കുക