മമ്മൂട്ടിയുടെ മാസ് ചിത്രങ്ങള്‍ എന്നും ജനപ്രിയമാണ്. രാജമാണിക്യമോ സി ബി ഐയോ ബല്‍റാമോ ഏതുതന്നെ ഉദാഹരണമായെടുത്താലും ആ സമയത്തെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച സിനിമകളാണ്. എന്നാല്‍ അത്തരത്തിലുള്ള എല്ലാ മാസ് സിനിമകള്‍ക്കും മുകളില്‍ നില്‍ക്കുന്ന ഒരു പ്രൊജക്ട് വരുന്നു.
ആ സിനിമയുടെ പ്രമേയം ഇതാണ്: കോളജിലെ തലതെറിച്ച വിദ്യാര്‍ത്ഥികള്‍ കാരണം പ്രിന്‍സിപ്പലിന് ഇരിക്കപ്പൊറുതിയില്ലാതായി. ഇവരെ അടക്കിനിര്‍ത്താന്‍ എന്തുചെയ്യുമെന്ന ആലോചന പുതിയ ഒരു തീരുമാനത്തിലാണ് എത്തിയത്. പണ്ട് ഈ കോളജില്‍ പഠിച്ചിരുന്ന, ഇപ്പോള്‍ തീര്‍ത്തും ചട്ടമ്പി സ്വഭാവമുള്ള ഒരു പ്രൊഫസറെ ഈ കോളജിലേക്ക് കൊണ്ടുവരിക.
അജയ് വാസുദേവ് ആണ് ഈ മമ്മൂട്ടിച്ചിത്രം സംവിധാനം ചെയ്യുന്നത്. തലയില്‍ കയറുന്ന പിള്ളേരെ നിലയ്ക്കുനിര്‍ത്താന്‍ കോളജിലെത്തുന്ന ചട്ടമ്പി പ്രൊഫസറെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥയെഴുതുന്ന സിനിമ.
കൊല്ലത്ത് ചിത്രീകരണം നടക്കുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ എറണാകുളത്താണ്. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ് ചിത്രമാണിത്. പടത്തിന്‍റെ പേര് നിശ്ചയിച്ചിട്ടില്ല. സന്തോഷ് പണ്ഡിറ്റും ഒരു പ്രധാന വേഷത്തിലെത്തുന്നു.
മൂന്ന് നായികമാരാണ് ഈ സിനിമയില്‍. ജോണിവാക്കര്‍, മഴയെത്തും മുന്‍പെ തുടങ്ങിയ കോളജ് പശ്ചാത്തലമുള്ള മമ്മൂട്ടിച്ചിത്രങ്ങളുടെ ശ്രേണിയിലേക്കാണ് ഈ സിനിമയും വരുന്നത്.