ധൈര്യമായി കാത്തിരുന്നോളൂ ഒരുവര്‍ഷം... പുലിമുരുകന്‍ അതുപോലൊരു മുതലാണ്!

Webdunia
ബുധന്‍, 13 ജൂലൈ 2016 (19:53 IST)
കസബയ്ക്കൊപ്പം ജൂലൈ ഏഴിന് പ്രദര്‍ശനത്തിനെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന സിനിമയാണ് മോഹന്‍ലാലിന്‍റെ പുലിമുരുകന്‍. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് അടുത്ത വര്‍ഷമേ പുലിമുരുകന്‍ റിലീസാകുകയുള്ളൂ. കൃത്യമായി പറഞ്ഞാല്‍ 2017 ജനുവരി ഒന്നിന്.
 
ഇതേക്കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും അങ്ങനെയുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. പുലിമുരുകന്‍ ഇങ്ങനെ വൈകുന്നതിന് വ്യക്തമായ കാരണമുണ്ട്. ഈ സിനിമ മലയാളത്തില്‍ ഇതുവരെയിറങ്ങിയ സിനിമകളില്‍ ഏറ്റവും വലിയ ക്യാന്‍‌വാസിലൊരുങ്ങുന്ന സിനിമയാണ്.
 
പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കാണ് ഏറ്റവുമധികം സമയമെടുക്കുന്നത്. ഏഴ് ഭാഷകളിലായാണ് സിനിമ റിലീസ് ചെയ്യുന്നത്. ഭാഷകളുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ ബാഹുബലിയേക്കാള്‍ വലിയ റിലീസായിരിക്കും പുലിമുരുകന് ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നാന്തരം ഗ്രാഫിക് വര്‍ക്കുകളാണ് ചിത്രത്തില്‍ ഉണ്ടാവുക.
 
യഥാര്‍ത്ഥ കടുവ ഉള്‍പ്പെടുന്ന അനവധി സംഘര്‍ഷരംഗങ്ങള്‍ പുലിമുരുകന്‍റെ ഹൈലൈറ്റായിരിക്കും. മോഹന്‍ലാലിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായിരിക്കും പുലിമുരുകന്‍. എല്ലാ കാര്യങ്ങളും കൃത്യമായി വരണമെങ്കില്‍ അതിന് സമയമെടുക്കും. ക്വാളിറ്റിയുടെ കാര്യത്തില്‍ യാതൊരുവിധ ഒത്തുതീര്‍പ്പിനും സംവിധായകന്‍ വൈശാഖും സംഘവും തയ്യാറല്ല. 
 
ഉദയ്കൃഷ്ണ തിരക്കഥയെഴുതിയ ഈ സിനിമയില്‍ ജഗപതി ബാബു, കമാലിനി മുഖര്‍ജി, മകരന്ദ് ദേശ്പാണ്ഡേ, കിഷോര്‍, സുരാജ് വെഞ്ഞാറമൂട്, സിദ്ദിക്ക്, ലാല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ കോറിയോഗ്രാഫി. നിര്‍മ്മാണം ടോമിച്ചന്‍ മുളകുപ്പാടം.
Next Article