നിർമാതാക്കളുടെ സംഘടനയും ജി സുരേഷ് കുമാറും പ്രഖ്യാപിച്ച സിനിമാ സമരത്തെ തള്ളി നിര്‍മാതാവ് സന്തോഷ് ടി കുരുവിള രംഗത്ത്. ആന്റണി പെരുമ്പാവൂർ എമ്പുരാൻ സിനിമ എടുക്കുന്നത് അദ്ദേഹം മണ്ടൻ ആയിട്ടല്ലെന്നും സിനിമയിൽ അദ്ദേഹത്തിന് പ്രതീക്ഷ ഉണ്ടെന്നും സന്തോഷ് ടി കുരുവിള പറഞ്ഞു. കാന്‍ ചാനല്‍ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആന്റണി പെരുമ്പാവൂർ എമ്പുരാൻ സിനിമ എടുക്കുന്നത് അദ്ദേഹം മണ്ടൻ ആയിട്ടല്ലല്ലോ. അദ്ദേഹത്തിനും പ്രതീക്ഷ ഉണ്ട്. സിനിമയിൽ അഭിനേതാക്കളുടെ ശമ്പളം അടക്കം 140 - 150 കോടിയുടെ മുകളിൽ പോകും എന്നാണ് കരുതുന്നത്. ഞാൻ ആ സിനിമയുടെ സെറ്റുകളിൽ പലയിടത്തും പോയിരുന്നു. അത് കണ്ട് തോന്നിയതാണ്. പൃഥ്വിരാജ് ഒരു അപാര സംവിധായകൻ കൂടിയാണ്. വലിയ ആൾക്കൂട്ടത്തിനിടയിൽ ഒരാൾ മാറി നിന്നപ്പോൾ അത് ശ്രദ്ധിച്ച് മാറ്റി നിർത്തിയ ആളാണ്. അദ്ദേഹത്തിന്റെ സിനിമയിൽ എല്ലാ പെർഫെക്ഷനും വേണം. അതിന് സപ്പോർട്ട് ചെയ്യാൻ ആന്റണി പെരുമ്പാവൂരും ആശിർവാദ് സിനിമാസും റെഡിയാണ്. അതുകൊണ്ട് അവർ ആ സിനിമ എടുത്തു,' സന്തോഷ് ടി കുരുവിള പറഞ്ഞു.
അതേസമയം, ആശിര്‍വാദിനൊപ്പം തമിഴ്‌നാട്ടിലെ പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. 2025 മാര്‍ച്ച് 27 നാണ് എമ്പുരാന്റെ റിലീസ്. ലൂസിഫറിലെ പല താരങ്ങളും ഈ ചിത്രത്തിലുമുണ്ട്.