റാമിന്റെ പേരൻപിലെ അമുദവനിൽ നിന്നും എത്രയോ ദൂരെയാണ് മാഹി വി രാഘവിന്റെ യാത്രയിലെ വൈ എസ് ആർ. മമ്മൂട്ടിയെന്ന നടന്റെ ഏത് ഭാവാഭിനയവും നമ്മൾ കണ്ടതാണ്. എന്നാൽ ഓരോ സിനിമകൾ അദ്ദേഹം ചെയ്യുമ്പോഴും ‘ഇതിൽ നാം കാണാത്ത മറ്റെന്തോ’ ഉണ്ടെന്ന ഒരു തോന്നൽ എപ്പോഴും പ്രേക്ഷകർക്കുണ്ട്. ആ പ്രതീക്ഷകൾ അദ്ദേഹം ഇപ്പോഴും തന്റെ ചിത്രങ്ങളിലൂടെ പ്രതിഫലിപ്പിക്കാറുമുണ്ട്.
പേരൻപിലെ സ്നേഹനിധിയായ, നിസഹായനായ അച്ഛനിൽ നിന്നും യാത്രയിലെ വൈ എസ് ആർ എന്ന ചരിത്ര നായകനായുള്ള മമ്മൂട്ടിയുടെ മാറ്റം ഏതൊരു സിനിമാ പ്രേമിയേയും വിസ്മയിപ്പിക്കുന്നതാണ്. കണ്ടവർ വീണ്ടും ചോദിക്കുന്നു ‘എന്തൊരു മനുഷ്യനാണ്’ മമ്മൂട്ടി നിങ്ങൾ?. വിമർശകരെ പോലും അമ്പരപ്പിക്കുന്ന അഭിനയം.
തമിഴിലെ സംവിധായകരും പ്രേക്ഷകരും ഒന്നടങ്കം പറയുന്നു, ‘അമുദവനായി മറ്റൊരാളെ സങ്കൽപ്പിക്കാൻ ആകില്ല’ എന്ന്. യാത്ര കണ്ടിറങ്ങിയവരുടെ പ്രതികരണവും മറിച്ചല്ല. ‘വൈ എസ് ആർ ആയി മമ്മൂട്ടി ഗാരു തകർത്തു. സൂഷ്മാഭിനയം ആണ് അദ്ദേഹം കാഴ്ച വെച്ചതെന്ന്’ തെലുങ്ക് ജനതയും പറയുന്നു.
അതേസമയം, അങ്ങനെയൊരു അഭിനയം മലയാളത്തിനു ലഭിച്ചിട്ട് കുറച്ച് വർഷമായി. ചുരുക്കി പറഞ്ഞാൽ വർഷം, മുന്നറിയിപ്പ്, പത്തേമാരി എന്നിവയാണ് ആ നിരയിൽ ഉൾപ്പെടുത്താനാകുന്ന മമ്മൂട്ടി ചിത്രങ്ങൾ. ഒരു അമുദവനേയും വൈ എസ് ആറിനേയുമൊക്കെ മമ്മൂട്ടിയിൽ നിന്നും ഇനിയും ഇന്ത്യൻ സിനിമയ്ക്ക് ലഭിക്കട്ടെ. കാരണം, അദ്ദേഹമാണ് ഇന്ത്യൻ സിനിമയുടെ മുഖം.