1000 കോടിയുടെ ഈ പ്രൊജക്ടില്‍ മോഹന്‍ലാലുമില്ല, മമ്മൂട്ടിയുമില്ല!

വ്യാഴം, 11 മെയ് 2017 (17:46 IST)
ബാഹുബലി2 രണ്ടാഴ്ച കൊണ്ട് ലോകമെമ്പാടുനിന്നുമായി വാരിക്കൂട്ടിയത് 1200 കോടി രൂപയാണ്. ഉടനെയൊന്നും ഈ സിനിമയുടെ ആകര്‍ഷണവലയത്തില്‍ നിന്ന് പ്രേക്ഷകര്‍ പുറത്തേക്ക് വരുമെന്നും തോന്നുന്നില്ല. മൊത്തം 3000 കോടിയുടെ ബിസിനസെങ്കിലും ഈ ചിത്രത്തിന് നടക്കുമെന്നാണ് സൂചന. 
 
അതേസമയം എസ് എസ് രാജമൌലിയുടെ അടുത്ത പ്രൊജക്ട് ഏതായിരിക്കുമെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല. രാമായണത്തെ അടിസ്ഥാനമാക്കി ഒരു സിനിമയായിരിക്കുമെന്ന് ചില സൂചനകളുണ്ട്. സീതയെത്തേടി ലങ്കയിലേക്കുള്ള രാമന്‍റെ യാത്രയായിരിക്കും പ്രമേയമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 
അതല്ല, ഗരുഡ എന്ന പ്രൊജക്ടോ മഹാഭാരതത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയോ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. രാജമൌലിയുടെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുമെന്ന് വളരെ നേരത്തേ ഒരു റിപ്പോര്‍ട്ട് വന്നിരുന്നു. അടുത്ത ചിത്രത്തിനായി രാജമൌലി മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് വേറെ വിവരവും ലഭിച്ചു.
 
എന്തായാലും ഇതിലൊന്നും യാഥാര്‍ത്ഥ്യമില്ലെന്നാണ് പുതിയ വിവരം. രാജമൌലി ചെയ്യുന്ന അടുത്ത പ്രൊജക്ടിന്‍റെ ബജറ്റ് 1000 കോടി രൂപയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ മോഹന്‍ലാലോ മമ്മൂട്ടിയോ അഭിനയിക്കുന്നില്ല. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന അനുസരിച്ച് മഹേഷ് ബാബു ഈ പ്രൊജക്ടില്‍ നായകനായേക്കും.
 
അതേസമയം 1000 കോടിയുടെ മഹാഭാരതവുമായി മോഹന്‍ലാലും കര്‍ണനുമായി മമ്മൂട്ടിയും രാജമൌലിക്ക് വെല്ലുവിളിയുയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെബ്ദുനിയ വായിക്കുക