“ഒരു കാര്യം പറയാനുണ്ട്” - പറയാനില്ലെന്ന് സത്യന്‍ അന്തിക്കാട്!

ശനി, 21 ജൂലൈ 2012 (15:27 IST)
PRO
സത്യന്‍ അന്തിക്കാടിന്‍റെ സിനിമകള്‍ക്ക് പേരിടുന്നത് വളരെ രസകരമായ രീതിയിലാണ്. ചിത്രീകരണം അവസാനഘട്ടത്തിലെത്തുമ്പോഴാണ് പേരിനെപ്പറ്റി സംവിധായകന്‍ ആലോചിക്കുക. തന്‍റെ മനസില്‍ തോന്നുന്ന പേരുകള്‍ അപ്പോള്‍ ടീം അംഗങ്ങളുമായി പങ്കുവയ്ക്കും. ഷൂട്ടിംഗില്‍ പങ്കെടുക്കുന്ന ആര്‍ക്കും പേര് നിര്‍ദ്ദേശിക്കാം. നല്ല പേര് തെരഞ്ഞെടുത്ത് പ്രഖ്യാപിക്കും.

പുതിയ സിനിമ കടലിന്‍റെ പശ്ചാത്തലത്തിലാണ് സത്യന്‍ അന്തിക്കാട് ഒരുക്കുന്നത്. നെടുമുടി വേണു, നിവിന്‍ പോളി, നമിത പ്രമോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അച്ഛന്‍ മരിച്ച ഒരു പതിനെട്ടുകാരിയും മകള്‍ മരിച്ച ഒരു വൃദ്ധനും തമ്മിലുള്ള ബന്ധത്തിന്‍റെ രസകരമായ ആവിഷ്കാരമാണ് ഈ സിനിമ. ‘ഒരു കാര്യം പറയാനുണ്ട്’ എന്ന് ഈ സിനിമയ്ക്ക് പേരിട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം സത്യന്‍ അന്തിക്കാട് നിഷേധിച്ചു.

“എന്‍റെ സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. എന്നാല്‍ എന്‍റെ സിനിമയുടേതായി ചില പേരുകള്‍ ഇന്‍റര്‍നെറ്റിലും മറ്റും പ്രചരിക്കുന്നുണ്ട്. അവരുടെയൊക്കെ ഭാവനയ്ക്ക് നന്ദി” - സത്യന്‍ അന്തിക്കാട് അറിയിച്ചു.

സിനിമയ്ക്ക് പറ്റിയ പേര് സത്യന്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ചില പേരുകള്‍ മനസിലുണ്ടെങ്കിലും ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയിലെ അര്‍ത്തുങ്കലിലാണ് ചിത്രീകരണം നടക്കുന്നത്.

വെബ്ദുനിയ വായിക്കുക